#Cyclone Fani- ഫോനി ചുഴലിക്കാറ്റ്: ഒഡിഷയുടെ തീരങ്ങളില്‍ നിന്ന് എട്ടു ലക്ഷം പേരെ ഒഴിപ്പിക്കുന്നു, 80 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് തീരം തൊടാന്‍ അടുക്കുന്നതോടെ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഒഡിഷയുടെ തീരങ്ങളില്‍ നിന്ന് എട്ടു ലക്ഷത്തോളം പേരെ ഒഴിപ്പിക്കാനുള്ള നടപടി നടക്കുകയാണ്.
ഒഡീഷയിലെ 19 ജില്ലകള്‍, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഫോനി ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒഡീഷ തീരത്ത് നിന്ന് 450 കി.മീ. അകലെയാണ് ഫോനിയുടെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതീവ ശക്തി പ്രാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കുന്നു. മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഒഡീഷയുടെ തീരങ്ങളില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിലെ ഗോപാല്‍പൂര്‍, ചന്ദ്ബാലി എന്നിവക്ക് ഇടക്ക് തീരംതൊടുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. മെയ് മൂന്നിന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 200 കി.മീ. ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്.
80 ട്രെയിനുകള്‍ റദ്ദാക്കി
മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഓരോ മണിക്കൂറിലും മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അടിയന്തര തയ്യറാറെടുപ്പുകള് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 80 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവാക്കി
ഒഡിഷയിലെ 11 തീരദേശ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പെരുമാറ്റച്ചട്ടം ഒഴിവാക്കിയിട്ടുണ്ട്. വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി തീരപ്രദേശങ്ങളില്‍ നിന്നുള്ള പെരുമാറ്റച്ചട്ടം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയായിരുന്നു.
സൈന്യം സജ്ജം
ഇന്ത്യന്‍ തീര സംരക്ഷണ സേനയും ഇന്ത്യന്‍ സൈന്യവും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ആവശ്യത്തിന് ഹെലികോപ്റ്ററുകളും സജ്ജമാണെന്ന് സൈന്യം അറിയിച്ചു.
മെയ് 15ാം തിയ്യതി വരെ ഒഡീഷയിലെ ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും അവധി സര്‍ക്കാര്‍ റദ്ദാക്കി. അവധിയില്‍ പ്രവേശിച്ചിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് തിരിച്ച് അതാത് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."