ക്ലീന്‍ ചിറ്റില്ല, മൊഴികളില്‍ വൈരുധ്യം: ബിനീഷ് കോടിയേരിക്ക് കുരുക്കുമുറുകുന്നു, വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നല്‍കിയ മൊഴികളില്‍ വിശ്വാസ്യത ഇല്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് ബിനീഷിനെ വിട്ടയച്ചത്.
ഒമ്പതരയോടെ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ത്തന്നെ ബിനീഷിന്റെ മൊഴികളിലെ വിശ്വാസ്യതയില്ലായ്മ ബോധ്യപ്പെട്ടിരുന്നു. ബിനിഷിനു ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളും ശേഖരിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്, ബിനീഷ് ഇന്നലെ നല്‍കി മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ പത്തിന് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഓഫിസില്‍ ആരംഭിച്ച മാരത്തണ്‍ ചോദ്യം ചെയ്യലില്‍ ബിനീഷ് കോടിയേരിക്കു ബന്ധമുള്ള തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളെ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകളും ഉടമസ്ഥാവകാശവും സംബന്ധിച്ചും ചോദ്യമുണ്ടായി. എല്ലാ രേഖകളും ശേഖരിച്ച ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന ബിനീഷിന്റെ ആവശ്യം ഇ.ഡി തള്ളിയിരുന്നു. ആറു ദിവസത്തെ സാവകാശമാണ് ബിനീഷ് ചോദിച്ചിരുന്നത്. ഇന്നലെ തന്നെ ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പറഞ്ഞ സമയത്തിനു മുമ്പ് ബിനീഷ് ഹാജരായത്. തുടര്‍ന്നു ചോദ്യം ചെയ്യലിന് ബിനീഷ് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ ഹാജരാവുകയായിരുന്നു.
11 മണിക്കാണ് സമയം നല്‍കിയിരുന്നതെങ്കിലും 9.30ന് ബിനീഷ് എത്തി.
ബി കാപ്പിറ്റല്‍ ഫൈനാല്‍ഷ്യല്‍ സൊലൂഷ്യന്‍സ്, ബി കാപ്പിറ്റല്‍ ഫോറെക്സ് ട്രേഡിങ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്. എന്നാല്‍ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനികളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു. ഇത് അനധികൃത പണമിടപാടുകള്‍ക്കു വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനങ്ങളാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
കമ്പനികളുടെ വരവുചെലവു കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. അവയുടെ ലൈസന്‍സും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാര്‍ഥ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകള്‍ ഈ കമ്പനികളുടെ മറവില്‍ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്നു സംഘങ്ങളുമായി സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കു ബന്ധമുണ്ടെന്ന വിവരവുമുണ്ട്. മയക്കുമരുന്നു കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.
ബിസിനസ് തുടങ്ങാന്‍ അനൂപിനു സാമ്പത്തിക സഹായം നല്‍കിയതു സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിട്ടുണ്ട്. ഇതോടൊപ്പം യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് പേയ്മെന്റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന യു.എ.എഫ്.എക്സ് എന്ന സ്ഥാപനത്തിനു പിന്നിലും ബിനീഷിനു പങ്കുണ്ടെന്ന ആരോപണമുയര്‍ന്നു. ഇതിന്റെ ഉടമ അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ആരോപണം.
ഈ കമ്പനിയെ കോണ്‍സുലേറ്റിനു പരിചയപ്പെടുത്തിയതു താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സ്വര്‍ണക്കള്ളക്കടത്ത് റാക്കറ്റ് ഫണ്ട് കണ്ടെത്താന്‍ അനൂപ് മുഹമ്മദ് ഉള്‍പ്പെട്ട ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. റാക്കറ്റിന്റെ സൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു മയക്ക് മരുന്ന് മാഫിയയുമായി ബന്ധപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."