കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ കാലാവധി നീട്ടി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് എം.പി ദിനേശിന് ഒരുവര്‍ഷം കൂടി തുടരാം. സര്‍ക്കാരിന് തലവേദനയാകാതിരിക്കുകയും യൂനിയനുകള്‍ക്കു പരാതിയില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദിനേശിന്റെ സ്ഥാനം നീട്ടിനല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
കഴിഞ്ഞ നാലുമാസമായി കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് തുടരുന്ന എം.പി ദിനേശിന്റെ സേവന കാലാവധി ഏപ്രില്‍ 30ന് അവസാനിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഞ്ചാമത്തെ എം.ഡിയായാണ് എം.പി ദിനേശ് കെ.എസ്.ആര്‍.ടി.സിയില്‍ എത്തുന്നത്.
ആന്റണി ചാക്കോയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എം.ഡി സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ മാറ്റി എം.ജി രാജമാണിക്യം, എം. ഹേമചന്ദ്രന്‍, ടോമിന്‍ തച്ചങ്കരി എന്നിവര്‍ ഈ സ്ഥാനത്തേക്കുവന്നു. സര്‍ക്കാരിന്റെ തീരുമാനങ്ങളെക്കാളുപരി കെ.എസ്.ആര്‍.ടി.സി ഭരിക്കുന്ന യൂനിയനുകളുടെ അതൃപ്തിയാണ് ഈ മൂന്നുപേരുടേയും സ്ഥാനചലനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള അതിശക്തമായ നടപടികള്‍ ടോമിന്‍ തച്ചങ്കരി സ്വീകരിച്ചെങ്കിലും യൂനിയനുകളുടെ പ്രത്യേകിച്ച് സി.ഐ.ടി.യു സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എയുടെ അതൃപ്തി അതിജീവിക്കാന്‍ തച്ചങ്കരിക്കായില്ല. തച്ചങ്കരി തുടങ്ങിവച്ച നടപടികള്‍ പിന്തുടരുമോയെന്ന കാര്യമാണ് പുതിയ എം.ഡിയായി എം.പി ദിനേശ് വന്നപ്പോള്‍ ഏവരും നോക്കിയത്. വിരമിക്കാന്‍ നാലുമാസം മാത്രമുള്ളപ്പോള്‍ പുതിയ എം.ഡി എന്തുചെയ്യാനാണെന്ന ചോദ്യവും അന്ന് ഉയര്‍ന്നിരുന്നു.
പക്ഷേ കെ.എസ്.ആര്‍.ടി.സിയിലെ പ്രബല വിഭാഗമായ യൂനിയനുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സര്‍ക്കാരിനു തലവേദന സൃഷ്ടിക്കാതിരിക്കാന്‍ കഴിഞ്ഞതും എം.പി ദിനേശിന്റെ കാലവധി നീട്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.
തച്ചങ്കരി തുടങ്ങിവച്ച ഷെഡ്യൂള്‍ ക്രമീകരണം പോലുള്ള നടപടികള്‍ ഇദ്ദേഹം തുടരുന്നുണ്ട്. എന്നാല്‍ യൂനിയന്‍ നേതാക്കളെ അസംതൃപ്തരാക്കിയ അദര്‍ ഡ്യൂട്ടി സമ്പ്രദായം ദിനേശ് വന്നതോടെ തിരിച്ചെത്തിയിരുന്നു. മാത്രമല്ല യൂനിയനുകളുമായി ആലോചിച്ച് സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനും പുതിയ എം.ഡി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇപ്പോള്‍ ഏപ്രില്‍ മാസത്തില്‍ റെക്കോര്‍ഡ് കലക്ഷന്‍കൂടി നേടിയതും എം.പി ദിനേശിന് ഗുണകരമായി മാറുകയായിരുന്നു.
ഇനി മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഒരുവര്‍ഷംകൂടി എം.പി ദിനേശ് കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് തുടരും.
ഏപ്രിലില്‍ റെക്കോര്‍ഡ് വരുമാനം
തിരുവനന്തപുരം: ഏപ്രില്‍ മാസത്തില്‍ ഈവര്‍ഷത്തെ റെക്കോര്‍ഡ് വരുമാനം നേടി കെ.എസ്.ആര്‍.ടി.സി. 189 കോടി 84 ലക്ഷം രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ ഏപ്രിലില്‍ നേടിയത്.
ടോമിന്‍ തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി ചരിത്രനേട്ടം കൈവരിക്കുന്നത്.
ജനുവരിയില്‍ ടോമിന്‍ തച്ചങ്കരി സ്ഥാനമൊഴിയുമ്പോള്‍ 189 കോടി 71 ലക്ഷം രൂപയായിരുന്നു വരുമാനം. ശബരിമല സീസണ്‍ അവസാനിച്ചതോടെ ഫെബ്രുവരിയിലും മാര്‍ച്ചിലും വരുമാനം കുത്തനെ കുറയുകയും ചെയ്തു.
ഫെബ്രുവരി 168.58, മാര്‍ച്ച് 183.68 എന്നിങ്ങനെയായിരുന്നു വരുമാനം. ശബരിമല സീസണ്‍ ഉള്‍പ്പെടെ വരുന്ന ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിക്കാറുള്ള മാസമായ ജനുവരിയിലെ 31 ദിവസത്തെ കലക്ഷനേക്കാള്‍ അധിക വരുമാനം 30 ദിവസം മാത്രമുള്ള ഏപ്രില്‍ മാസത്തില്‍ നേടാനായി എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ അന്തര്‍സംസ്ഥാന ബസ് സര്‍വിസുകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകള്‍ നിറഞ്ഞോടുന്ന അവസ്ഥയാണ്.
ഈ മാറ്റവും വരുമാന വര്‍ധനവിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."