കെട്ടിപ്പൊക്കിയ ലൈക്കുകളും അനിവാര്യ ഡിസ്‌ലൈക്കുകളും
വരേണ്ടതു വഴിയില്‍ തങ്ങില്ല എന്നു കേട്ടിട്ടില്ലേ. എത്ര കിണഞ്ഞു ശ്രമിച്ചാലും അനിവാര്യമായ പതനം സംഭവിക്കുക തന്നെ ചെയ്യും, രാവണനു സംഭവിച്ച പോലെ.
രാവണസാമ്രാജ്യത്തിന്റെ കോട്ട ത്രികൂടപര്‍വതമായിരുന്നു. കിടങ്ങ് അഗാധസമുദ്രമായിരുന്നു. ശക്തരായ രാക്ഷസന്മാരായിരുന്നു യോദ്ധാക്കള്‍. സാക്ഷാല്‍ കുബേരന്‍ തന്നെയായിരുന്നു സമ്പത്തുകൈകാര്യം ചെയ്തത്. എല്ലാം ഭദ്രം. എന്നിട്ടും അനിവാര്യമായ തിരിച്ചടി സംഭവിച്ചു. അതു ജനങ്ങളുടെ ഇഷ്ടമില്ലായ്മയുടെ (ഡിസ്‌ലൈക്കിന്റെ) ഫലമാണ്.
അതുപോലൊരു തിരിച്ചടിയാണ് ഇപ്പോള്‍ മോദിയും ബി.ജെ.പിയും നേരിട്ടു തുടങ്ങിയിരിക്കുന്നത്. ഇത്ര നാളും സാമൂഹ്യമാധ്യമങ്ങളില്‍ കെട്ടിപ്പൊക്കിയ പേരും പെരുമയും തകരാന്‍ തുടങ്ങി. സൈബര്‍ സേന ഉണ്ടാക്കിയെടുത്ത ലൈക്കുകളെ തോല്‍പ്പിച്ചു ഡിസ്‌ലൈക്കുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതൊരു ദുരാരോപണമല്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ്.
വാര്‍ത്ത ഇങ്ങനെയാണ്: ബി.ജെ.പിയുടെ യൂട്യൂബ് ചാനലില്‍ മോദി വിഡിയോകള്‍ക്ക് ഡിസ്‌ലൈക്ക് എണ്ണപ്പെരുപ്പം. ലൈക്കിനേക്കാള്‍ ഡിസ്‌ലൈക്ക്. കഴിഞ്ഞയാഴ്ചത്തെ മന്‍കി ബാത് മുതലാണ് ഡിസ്‌ലൈക്ക് കൂടിയത്. കുറച്ചൊന്നുമല്ല, ലൈക്കുകളുടെ ഇരട്ടിയിലേറെ. ഹൈദരാബാദ് പൊലിസ് അക്കാദമിയിലെ വനിതാ പ്രബേഷനറുടെ ചോദ്യങ്ങള്‍ക്കു മോദി മറുപടി പറയുന്ന വിഡിയോയ്ക്കും കൊവിഡ് കാലത്തു മോദി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള അനിമേഷന്‍ വിഡിയോയ്ക്കും മോദിയുടെ യു.എസ് സ്ട്രാറ്റജിക് ഫോറം പ്രസംഗത്തിനും ഡിസ്‌ലൈക്കുകളാണു കൂടുതല്‍.
ഈ ഡിസ്‌ലൈക്ക് വ്യാപനം മോദിയില്‍ മാത്രം ഒതുങ്ങിയില്ല എന്നും വാര്‍ത്തയില്‍ പറയുന്നു. ബി.ജെ.പി വക്താവ് സംബിത് പത്ര നടത്തിയ പത്രസമ്മേളനത്തിനും ലൈക്കുകളുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതലായിരുന്നു ഡിസ്‌ലൈക്കുകള്‍. ബി.ജെ.പിയുടെ ട്വിറ്റര്‍ അക്കൗണ്ടിലും പോസ്റ്ററുകള്‍ക്കു നേരേ അതൃപ്തിയാണെന്നാണു വാര്‍ത്ത.
ജി.ഡി.പി തകര്‍ച്ചയെ ന്യായീകരിക്കാനിട്ട അനിമേഷന്‍ വിഡിയോയില്‍ നിറയെ വിമര്‍ശന പ്രതികരണമാണ്. തൊഴിലില്ലായ്മ, സമ്പദ്‌വ്യവസ്ഥയിലെ തകര്‍ച്ച എന്നിവയെക്കുറിച്ചു പ്രതികരിക്കാത്തതിനാണു വിമര്‍ശനം. നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ കൊവിഡ് കാലത്തു നടത്തുന്നതിനെതിരെയും വിമര്‍ശനമുണ്ടായി.
ഒന്നാം മോദി സര്‍ക്കാരിന്റെ ആരംഭകാലം മുതല്‍ മോദി ഭരണം ഒരു സംഭവമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ബി.ജെ.പി ഐ.ടി സെല്ലിന് ഇതു സഹിക്കുമോ. അവര്‍ സഹിച്ചാല്‍ തന്നെ ഇമേജ് കെട്ടിപ്പടുക്കാന്‍ അവരെ നിയോഗിച്ച മോദിയുള്‍പ്പെടെയുള്ള പാര്‍ട്ടി പ്രമുഖര്‍ ക്ഷമിക്കുമോ. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പണി പോകുമെന്നു മാത്രമല്ല, പണി കിട്ടുകയും ചെയ്യും.
അതു ഭയന്ന് ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയ മാര്‍ഗം ചാനലിലെ ലൈക്ക്, ഡിസ്‌ലൈക്ക് ഓപ്ഷന്‍ മറച്ചുവയ്ക്കുകയായിരുന്നു. അതായത്, യൂട്യൂബ് ചാനലില്‍ വരുന്ന പോസ്റ്റുകളോട് എത്ര പേര്‍ ഡിസ്‌ലൈക്ക് ചെയ്താലും അതൊന്നും മറ്റുള്ളവര്‍ കാണില്ല. കണ്ടാലല്ലേ പ്രധാനമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ചും ജനങ്ങള്‍ക്കുള്ള മനോഭാവം എന്തെന്നു നാടറിയൂ.
ലൈക്കിനേക്കാള്‍ ഡിസ്‌ലൈക്ക് വന്നതു പ്രതിപക്ഷ ഗൂഢാലോചനയാണെന്നൊക്കെ ബി.ജെ.പി ഐ.ടി സെല്‍ ചുമതലക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതു ജനങ്ങളുടെ ചെവിയില്‍ നിന്നു തലയ്ക്കുള്ളിലേയ്ക്കു കയറാതെ മറു ചെവിയിലൂടെ പുറത്തുപോകുകയാണു ചെയ്തത്. അതു മനസ്സിലാക്കി കൂടിയാണ് ഡിസ്‌ലൈക്ക് മറയ്ക്കല്‍ നടത്തിയതെന്നാണു വിമര്‍ശനം.
മാത്രവുമല്ല, ബി.ജെ.പി ഐ.ടി സെല്ലിനെതിരേ അതി തീവ്രമായ വിമര്‍ശനം ആ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബി.ജെ.പിയുടെ രാജ്യസഭാംഗമായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് വിമര്‍ശകന്‍. വ്യാജ ഐ.ഡിയുണ്ടാക്കി ബി.ജെ.പി ഐ.ടി സെല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്രമിക്കുന്നുവെന്നും ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയെ ഉടനെ തല്‍സ്ഥാനത്തുനിന്നു പുറത്താക്കിയില്ലെങ്കില്‍ താന്‍ പ്രതിരോധ മാര്‍ഗം സ്വീകരിക്കുമെന്നും സ്വാമി ഭീഷണി മുഴക്കിക്കഴിഞ്ഞു.
മോദിയുടെയും അമിത്ഷായുടെയും എതിരാളികളെ സാമൂഹ്യമാധ്യമങ്ങളിലൂടെ മോശമായ നിലയില്‍ അപഹസിക്കുന്നുണ്ട് ബി.ജെ.പി ഐ.ടി സെല്‍ എന്ന കുറേക്കാലമായുള്ള ആരോപണത്തെ സാധൂകരിക്കുന്നതാണ് സ്വാമിയുടെ ഈ കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന്റെ കൊവിഡ് പാക്കേജ് അപര്യാപ്തമാണെന്നു കുറച്ചു ദിവസം മുമ്പ് സ്വാമി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.
അതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിനു നേരേ തുടര്‍ച്ചയായ സൈബര്‍ ആക്രമണം നടന്നത്. എതിര്‍രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട വിമര്‍ശകരെയും അന്യമതത്തില്‍പ്പെട്ടവരെയും മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലുള്ളവരെക്കൂടി മോദി ഭക്തര്‍ ഹീനമായി ആക്രമിക്കുകയാണെന്നാണു സ്വാമിയുടെ തുറന്നു പറച്ചില്‍ വ്യക്തമാക്കുന്നത്. ബി.ജെ.പി ഐ.ടി സെല്ലില്‍ തെമ്മാടിത്തമാണു നടക്കുന്നത് എന്ന സ്വാമിയുടെ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
2014 ല്‍ മോദി അധികാരത്തില്‍ വരുന്നതിനു മുമ്പു തന്നെ തുടങ്ങിയതാണ് ഐ.ടി സെല്ലിന്റെ ഇമേജ് ബില്‍ഡിങ് പദ്ധതി. 2002 ലെ ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ദേശീയതലത്തിലും ആഗോളതലത്തിലും സാമാന്യത്തിലേറെ കറനിറഞ്ഞ പ്രതിച്ഛായയായിരുന്നു മോദിക്ക്. അമേരിക്ക അദ്ദേഹത്തിനു വിസ നിഷേധിച്ചത് ചരിത്രത്തിന്റെ ഭാഗമാണല്ലോ.
എന്നാല്‍, ക്രമേണ മോദിയുടെ സൈബര്‍ പോരാളികള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയില്‍ പൊലിമയുള്ള നിറങ്ങള്‍ പൂശി. എതിരാളികള്‍ അപഹസിക്കാന്‍ ഉയര്‍ത്തിയ വിമര്‍ശനവാക്കുകള്‍ പോലും ആയുധമാക്കി. ചായവില്‍പ്പനക്കാരന്‍ പ്രയോഗം അതിലൊന്നായിരുന്നു. ആ വാക്ക് ആയുധമാക്കി മോദി സാധാരണക്കാരന്റെ പ്രതിനിധിയാണെന്നു സ്ഥാപിക്കാന്‍ ഐ.ടി സൈന്യത്തിനു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചൗക്കീദാര്‍ ചോര്‍ ഹേ എന്ന വിമര്‍ശനം രക്തസാക്ഷി പരിവേഷത്തിനുള്ള മറയാക്കാനും കഴിഞ്ഞു.
അങ്ങനെ ലൈക്കുകള്‍ വാരിക്കൂട്ടി മുന്നേറിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് യാഥാര്‍ഥ്യം തിരിച്ചു കൊത്താന്‍ തുടങ്ങിയത്. നോട്ടു നിരോധനത്തിന്റെയും ജി.എസ്.ടി പ്രഖ്യാപനത്തിന്റെയും തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങളൊക്കെ വീണ്‍വാക്കുകളായിരുന്നെന്ന സത്യം നാട്ടുകാര്‍ തിരിച്ചറിയാന്‍ തുടങ്ങി. കൊവിഡ് മരുന്നിനായി ലോകം ആശ്രയിക്കുന്നത് ഇന്ത്യയെയാണെന്ന മേനി പറച്ചിലിനു പിന്നാലെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം ഇന്ത്യയിലാണെന്ന വാര്‍ത്ത ജനങ്ങളുടെ ചെവിയിലെത്തി.
ഏറ്റവുമൊടുവില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയ രാമക്ഷേത്ര നിര്‍മാണം പോലും തിരിച്ചടിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ പിരിച്ച കോടിക്കണക്കിനു രൂപ ബി.ജെ.പി മുക്കിയെന്ന ആരോപണവുമായി നിര്‍മോഹി അഖാഡ സന്യാസിമാര്‍ രംഗത്തെത്തിക്കഴിഞ്ഞു. പാര്‍ട്ടി വളര്‍ത്താനും സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ഈ തുക ചെലവഴിച്ചതെന്നാണ് അവരുടെ ആരോപണം. രാമക്ഷേത്ര നിര്‍മാണത്തിനായി തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന പലരുടെയും ദുരൂഹമരണങ്ങളും കൊലപാതകങ്ങളും അന്വേഷിക്കണമെന്ന ആവശ്യം കൂടി അവര്‍ ഉയര്‍ത്തിക്കഴിഞ്ഞു.
ഇതും ഡിസ്‌ലൈക്കുകള്‍ തന്നെ.
സ്വാഭാവികമയായും തിരിച്ചടിയുണ്ടാകുമല്ലോ. അതാണിപ്പോള്‍ ഡിസ്‌ലൈക്കുകളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. അതു നാട്ടുകാര്‍ കാണാതാക്കിയാല്‍ ഡിസ്‌ലൈക്ക് ലൈക്കായി മാറില്ലല്ലോ. സ്വന്തം കൈപ്പത്തി കൊണ്ട് സ്വന്തം മുഖം മറച്ചാല്‍ നാട്ടുകാര്‍ തന്നെ കാണില്ലെന്നു വിചാരിക്കുന്നതില്‍പ്പരം മൗഢ്യമുണ്ടോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."