പെട്ടിമുടി അതീവ പരിസ്ഥിതിലോല മേഖലയെന്ന് ജി.എസ്.ഐ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍
തൊടുപുഴ: പെട്ടിമുടി അതീവ പരിസ്ഥിതിലോല മേഖലയാണെന്നും ഇവിടങ്ങളിലെ അവശേഷിക്കുന്ന ലയങ്ങള്‍ മാറ്റിസ്ഥാപിക്കണമെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ). ദിവസങ്ങളായി തുടര്‍ന്ന അതിതീവ്ര മഴയാണ് പെട്ടിമുടിയില്‍ വന്‍ ദുരന്തത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് കൈമാറി. ദുരന്തമുണ്ടായ ലയങ്ങള്‍ ഇരിക്കുന്നത് ഒരു മലയുടെ താഴ്‌വാരത്താണ്. ഈ പ്രദേശത്ത് ദുരന്തസാധ്യതയുള്ളതിനാല്‍ മേഖലയിലെ ലയങ്ങളെല്ലാം മാറ്റണം. സ്ഥലത്തുകൂടി ഒഴുകുന്ന പുഴയുടെ സമീപത്തും നിര്‍മാണങ്ങള്‍ പാടില്ല. ഉരുള്‍പൊട്ടി തകര്‍ന്ന ഇടമലക്കുടി റോഡ് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കി ഉയര്‍ത്തി നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് ആറിന് രാത്രി 11ന് നടന്ന അപകടത്തിന് ശേഷം ഇതുസംബന്ധിച്ച് ആദ്യമായി പുറത്തുവരുന്ന ആധികാരിക റിപ്പോര്‍ട്ടാണ് ജി.എസ്.ഐയുടേത്.
ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 10 വരെ സ്ഥലത്ത് ശക്തമായ മഴ തുടര്‍ന്നിരുന്നു. 61 സെ.മീ മഴയാണ് ദുരന്തമുണ്ടായ ഓഗസ്റ്റ് 6ന് പെട്ടിമുടിയില്‍ പെയ്തത്. ഓഗസ്റ്റ് 3 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ 159.4 സെ.മീ മഴ പെയ്തു. ഇതാണ് വന്‍ ഉരുള്‍പൊട്ടലിന് കാരണമായത്. ദിവസവും ശരാശരി 24-26 സെ.മീ മഴ പെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മഴയെ തുടര്‍ന്ന് സ്ഥലത്തിന്റെ മുകള്‍ത്തട്ട് ദുര്‍ബലമായി. തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ഇടിയുകയായിരുന്നു. വലിയ പാറക്കല്ലുകളും വന്‍മരങ്ങളും ഉള്‍പ്പെടെ ഇടിഞ്ഞ് താഴേക്ക് പതിച്ചു.
അരനൂറ്റാണ്ടോളമായി സ്ഥലത്ത് താമസിക്കുന്നവരാണ് അപകടത്തിന് ഇരയായ തൊഴിലാളികള്‍. ഈ കാലഘട്ടത്തിലൊന്നും ചെറിയതോതില്‍പോലും മണ്ണിടിയുകയോ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയോ ചെയ്യാത്തതിനാല്‍ തൊഴിലാളികള്‍ വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."