കടലാടിപ്പാറയില്‍ ഖനനമോ പഠനമോ അനുവദിക്കില്ലെന്ന് സര്‍വകക്ഷി യോഗം
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ഖനനത്തിനോ അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കോ ആശാപുര കമ്പനിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം. അനുവാദം നല്‍കരുതെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും കത്തയക്കാനും യോഗത്തില്‍ തീരുമാനമായി. കടലാടിപ്പാറയില്‍ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആശാപുര കമ്പനി ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ടിരുന്നു.
ഓഗസ്റ്റിനകം ഇവര്‍ക്കു പാരിസ്ഥിതികാഘാത പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ പഠനത്തിനെന്ന പേരില്‍ ആശാപുരയുടെ സംഘം സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു തിരിച്ചു പോവുകയായിരുന്നു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജെ അന്‍സാരിയുടെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയിരുന്നത്.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല അധ്യക്ഷയായി. ടി.കെ രവി, എന്‍ പുഷ്പരാജന്‍, സി.വി ഗോപകുമാര്‍, കുര്യാക്കോസ് പ്ലാപ്പറമ്പന്‍, ഒ.എം ബാലകൃഷ്ണന്‍, ബാബു ചേമ്പേന, എം ഷഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."