സെമന്യക്ക് മുന്നേ ട്രാക്കില്‍ വീണ പുതുക്കോട്ടയിലെ ശാന്തി
രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയില്‍ തോറ്റ കാസ്റ്റര്‍ സെമന്യക്ക് ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിലെ ട്രാക്കില്‍ വിജയം. അതേ ട്രാക്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളി മെഡല്‍ നേടിയിട്ടും പെണ്ണല്ലെന്ന് മുദ്രകുത്തി മെഡല്‍ തിരിച്ചെടുക്കപ്പെട്ടൊരു ഇന്ത്യന്‍ കായികതാരത്തെ ഓര്‍മയുണ്ടോ. ഇന്ത്യന്‍ കായികരംഗം മറവിയിലേക്ക് തള്ളിയ ശാന്തി സൗന്ദര്‍രാജനെ. അവര്‍ ദോഹയില്‍ നഷ്ടമായ തന്റെ അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്. സഹായിക്കാനും പിന്തുണക്കാനും ആരുമില്ലാത്തൊരു കായികതാരത്തിന്റെ പോരാട്ടം അനന്തമായി നീളുകയാണ്.
കായികലോകം ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സെമന്യയെയും അവര്‍ നേരിടേണ്ടി വരുന്ന വിവേചനത്തെയും കുറിച്ചാണ്. സെമന്യയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നു. ശാന്തിക്കും സെമന്യക്കും വിനയായത് പുരുഷ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കൂടിയത്. സെമന്യക്ക് കോടതി വിധിച്ചത് വിലക്ക്. ശാന്തിക്ക് കായികഭരണക്കാര്‍ വിധിച്ചതും വിലക്ക്. ശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ലെവല്‍ ആണ് കാസ്റ്റര്‍ സെമന്യയെ പോലെ ശാന്തിയുടെ കായിക ജീവിതത്തിലും വില്ലനായത്. സെമന്യയും ശാന്തിയും സ്ത്രീയാണെന്ന് ലോകം അംഗീകരിക്കുന്നുണ്ട്. അല്ലെന്ന് ആരും പറയുന്നില്ല.
പക്ഷെ, ട്രാക്കില്‍ മത്സരിക്കാന്‍ മാത്രം വിലക്ക്. ഒരു കായിക താരത്തിന്റെ അഭിമാനത്തെയും അന്തസിനെയും ചോദ്യം ചെയ്യുന്നതിനൊപ്പം പ്രതിഭയെ തകര്‍ക്കുന്നതാണ് ഇത്തരം വിലക്കുകള്‍ എന്ന അഭിപ്രായം കായിക ലോകത്ത് തന്നെ ശക്തമാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മത്സരിക്കാന്‍ ട്രാക്ക് ഒരുക്കിയ ലോകത്ത് മത്സരിക്കാനാവാത്ത സ്ഥിതിയിലായി സെമന്യയും ശാന്തിയുമൊക്കെ. 13 വര്‍ഷമായി ശാന്തി പോരാട്ടം തുടങ്ങിയിട്ട്. പക്ഷെ, രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടെ മുന്നില്‍ ഇതുവരെ എത്താനായിട്ടില്ല.
2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച താരമാണ് തമിഴ്‌നാട് പുതുക്കോട്ടക്കാരി ശാന്തി സൗന്ദര്‍രാജന്‍. ലിംഗ നിര്‍ണയത്തില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ശാന്തിയുടെ മെഡല്‍ തിരിച്ചുവാങ്ങി. ഇന്ന് കാസ്റ്റര്‍ സെമന്യക്ക് പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ കായികലോകം ഒന്നടങ്കം ഒപ്പമുണ്ട്. എന്നാല്‍, ശാന്തിക്ക് പിന്തുണ നല്‍കാന്‍ ഒരാളും ഇല്ലാതെ പോയി. ഒരു മനുഷ്യജീവി എന്ന പരിഗണന പോലും ലഭിക്കാതെ എല്ലാവര്‍ക്കും മുന്‍പില്‍ ഹാസ്യകഥാപാത്രമായി ജീവിക്കേണ്ടി വന്നവള്‍. അവഗണനയുടെ ട്രാക്കില്‍ ജീവിതം പിടിച്ചു നിര്‍ത്താന്‍ കട്ട കളത്തില്‍ കൂലിപ്പണിക്ക് ഇറങ്ങേണ്ടി വന്നിരുന്നു ശാന്തിക്ക്.
ശാന്തിയുടെ കഷ്ടപ്പാടുകള്‍ തിരിച്ചറിഞ്ഞു സായി ഡയരക്ടറായിരുന്ന ജിജി തോംസണ്‍ സഹായിക്കാന്‍ എത്തിയതോടെയാണ് ശാന്തിയുടെ ജീവിതം വീണ്ടും ട്രാക്കിലായത്. എന്‍.ഐ.എസ് ഡിപ്ലോമ എടുക്കാന്‍ ജിജി തോംസണ്‍ അവസരം ഒരുക്കി നല്‍കി. അവിടെയും അവഗണനകള്‍ നേരിടേണ്ടി വന്നെങ്കിലും ശാന്തി ജയിച്ചു കയറി. പഠിക്കാന്‍ എത്തിയപ്പോള്‍ ഏതു ഹോസ്റ്റലിലാണ് നില്‍ക്കേണ്ടത് എന്ന ചോദ്യം ഉയര്‍ത്തി അവര്‍ ശാന്തിയെ വേദനിപ്പിച്ചു. ഹോസ്റ്റലിലെ ഒറ്റമുറിയില്‍ ഒതുക്കപ്പെട്ടെങ്കിലും ശാന്തി പോരാടി ജയിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശാന്തിക്ക് നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജോലി നല്‍കിയത്. തമിഴ്‌നാട് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് വെല്‍ഫെയര്‍ വകുപ്പിനുകീഴിലെ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ പരിശീലകയാണ് ഇന്ന് ശാന്തി. തന്നെ ട്രാക്കില്‍ കാലുവച്ചു വീഴ്ത്തിയവരോട് പുതിയ തലമുറയെ വാര്‍ത്തെടുത്ത് മറുപടി നല്‍കുന്ന ശാന്തി. ഒരിക്കല്‍ കൈയടികളുടെയും ആരവങ്ങളുടെയും നടുവില്‍നിന്ന് പിഴുതെറിയപ്പെട്ട ശാന്തി മികച്ച കായികതാരങ്ങളെ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ്. ശാന്തി നേരിട്ട ആരോപണത്തിന്റെ അതേ നിഴലിലായ രാജ്യത്തെ അതിവേഗക്കാരി ദ്യുതി ചന്ദ് പ്രതിസന്ധികളെ മറികടന്നു.
പക്ഷെ, ദ്യുതിക്ക് കിട്ടിയതിന്റെ ഒരു ശതമാനം പിന്തുണയെങ്കിലും ശാന്തിക്ക് നല്‍കിയിരുന്നുവെങ്കില്‍ രാജ്യത്തിന് ഒരു ഒളിംപ്യനെ നഷ്ടമാവില്ലായിരുന്നു. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയും വാതില്‍ ശാന്തിക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. രാജ്യത്ത് കായിക മേഖലയെ നയിക്കുന്ന ആരും പിന്തുണയ്ക്കുന്നില്ല. രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കാന്‍ ശാന്തി ഒരുക്കം തുടങ്ങിയിട്ട് നാളുകളേറെയായി.
കോടതിയെ സമീപിക്കാനുള്ള ശാന്തിയുടെ മോഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ തടസം നില്‍ക്കുന്നു. സെമന്യക്ക് എതിരായ വിധിയോടെ ശാന്തിയുടെ പോരാട്ടവും എത്രമാത്രം വിജയിക്കുമെന്നത് കണ്ടറിയണം. പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലുള്ള വനിതാതാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതാണ് ശാന്തി സൗന്ദര്‍രാജന് മുന്നിലുള്ള വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."