രാജസ്ഥാനെ തുരത്തി ഡല്‍ഹി; ഡല്‍ഹിക്ക് അഞ്ചു വിക്കറ്റ് ജയം
ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെ കെട്ടുകെട്ടിച്ച് ഡല്‍ഹി കാപിറ്റല്‍സ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ നടന്ന സീസണിലെ 53ാം മത്സരത്തിലായിരുന്നു ഡല്‍ഹി രാജസ്ഥാനെ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 23 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്ന് ജയം സ്വന്തമാക്കി.
ഡല്‍ഹിയുടെ ബൗളിങ് നിരയാണ് രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ച് കെട്ടിയത്. 49 പന്തില്‍ 50 റണ്‍സെടുത്ത റിയാന്‍ പരാഗ് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ അല്‍പം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. രണ്ടാം ഓവറില്‍ തന്നെ രാജസ്ഥാന് രഹാനെയെ നഷ്ടമായി.
4 പന്തില്‍ നിന്ന് രണ്ട് റണ്‍സുമായിട്ടായിരുന്നു രഹാനെയുടെ മടക്കം. കൂടെയുണ്ടായിരുന്ന ലിവിങ്‌സ്റ്റോണ്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ പവലിയനിലേക്ക് മടങ്ങി. 13 പന്തില്‍ 14 റണ്‍സായിരുന്നു ലിവിങ്‌സ്റ്റോണിന്റെ സമ്പാദ്യം. നാലാം ഓവറിലായിരുന്നു ലിവിങ് സ്റ്റോണിന്റെ വിക്കറ്റ് വീണത്.
നാലാം ഓവറില്‍ തന്നെ പ്രധാന രണ്ട് വിക്കറ്റുകള്‍ വീണതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. പിന്നീട് സഞ്ജു സാംസണിന്റെയും ലാംററുടെയും ഊഴമായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും അധികസമയം ക്രീസില്‍ നില്‍ക്കാനായില്ല. എട്ട് പന്തില്‍നിന്ന് 5 റണ്‍സുമായി സാംസണും കളംവിട്ടു. തൊട്ടടുത്ത മിനുട്ടില്‍ ലാംററേയും രാജസ്ഥാന് നഷ്ടമായി. മൂന്ന് പന്തില്‍ നിന്ന് എട്ട് റണ്‍സായിരുന്നു ലാംററുടെ സമ്പാദ്യം.
ഇതോടെ 30 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് രാജസ്ഥാന്‍ കൂപ്പുകുത്തി. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യം ഏറ്റെടുത്ത് ക്രീസിലെത്തിയത് ശ്രേയസ് ഗോപാലും റിയാന്‍ പ്രയാഗുമായിരുന്നു. 18 പന്ത് നേരിട്ട ശ്രേയസ് 12 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന നല്‍കിയുള്ളു. അല്‍പം പതുക്കെയാണെങ്കിലും റിയാന്‍ തന്റെ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറിയും കണ്ടെത്തി. ബോള്‍ട്ടിന്റെ പന്തില്‍ റൂഥര്‍ഫോര്‍ഡ് പിടിച്ച് റിയാനെ പുറത്താക്കി. പിന്നീടെത്തിയ സ്റ്റുവര്‍ട്ട് ബിന്നി പൂജ്യനായി മടങ്ങി.
ആറു പന്തില്‍ നിന്ന് ആറ് റണ്‍സുമായി ഗൗതമും കളി മതിയാക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അമിത് മിശ്രയും ഇശാന്ത് ശര്‍മയുമാണ് രാജസ്ഥാന്‍ ബാറ്റിങ്‌നിരയുടെ അടിവേരറുത്തത്. നാല് ഓവര്‍ എരിഞ്ഞ ഇഷാന്ത് ഷര്‍മ 38 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ അമിത് മിശ്ര നാല് ഓവറില്‍ 17 റണ്‍സ് മാത്രമേ വിട്ട് നല്‍കിയുള്ളൂ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി അനായാസമാണ് ജയം കണ്ടെത്തിയത്. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണറെ നഷ്ടമായി. എട്ട് റണ്‍സുമായി പ്രിഥ്വിഷ കളംവിട്ടു. ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്‌സാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്.
38 പന്ത് നേരിട്ട ഋഷഭ് പുറത്താകാതെ 53 റണ്‍സെടുത്തു. 12 പന്തില്‍ നിന്ന് ശിഖര്‍ ധവാന്‍ 16 റണ്‍സെടുത്തു. ജയത്തോടെ ഡല്‍ഹിക്ക് 14 മത്സരത്തില്‍ നിന്ന് 18 പോയിന്റായി.
ഐ.പി.എല്ലില്‍ അര്‍ധ ശതകം
നേടുന്ന പ്രായം കുറഞ്ഞ
താരമായി പരാഗ്
ന്യൂഡല്‍ഹി: ഡല്‍ഹിയ്‌ക്കെതിരേ 49 പന്തില്‍നിന്ന് തന്റെ അര്‍ധ ശതകം നേടുമ്പോള്‍ പുതിയൊരു റെക്കോര്‍ഡിലേക്കായിരുന്നു പരാഗ് കാലെടുത്ത് വച്ചത്.
ഐ.പി.എല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടമാണ് പരാഗ് സ്വന്തമാക്കിയത്. തന്റെ ടീമിന്റെ സീനിയര്‍ താരങ്ങളും മുന്‍നിര ബാറ്റ്‌സ്മാന്മാരുമെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ വീണ്ടും അവസരത്തിനൊത്തുയര്‍ന്ന പരാഗ് ടീമിന്റെ നെടും തൂണാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."