കേരള ബാങ്ക് അടുത്തവര്‍ഷം മെയില്‍
തിരുവനന്തപുരം: സംസ്ഥാനത്തിനു സ്വന്തമായി ഒരു ബാങ്ക് എന്ന ആശയം മുന്‍നിര്‍ത്തി ആരംഭിക്കുന്ന കേരള ബാങ്ക് അടുത്തവര്‍ഷം മെയ് മാസത്തില്‍ യാഥാര്‍ഥ്യമാകും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷ ചടങ്ങില്‍ ബാങ്കിന്റെ പ്രഖ്യാപനം നടത്തും. സംസ്ഥാന സഹകരണ ബാങ്കുകളെയും ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ചാണ് കേരള ബാങ്ക് സാധ്യമാക്കുന്നത്. സഹകരണ വകുപ്പിനായിരിക്കും ബാങ്കിന്റെ മേല്‍നോട്ട ചുമതല. സംസ്ഥാനത്തെ സഹകരണ മേഖലയെയും സഹകരണസംഘങ്ങളെയും ശക്തിപ്പെടുത്തുകയാകും കേരള ബാങ്കിന്റെ പ്രഥമ ദൗത്യം.
കേരള ബാങ്കിന്റെ രൂപീകരണത്തെക്കുറിച്ച് പഠനം നടത്താന്‍ റിസര്‍വ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ കമ്മിറ്റിയെ ഉടന്‍ ചുമതലപ്പെടുത്തും. നിലവില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ 20 ശാഖകളും 14 ജില്ലാ സഹകരണ ബാങ്കുകളും അതിന്റെ ശാഖകളും ഉള്‍പ്പെടെ 803 സഹകരണ ബാങ്കുകളാണു ആദ്യഘട്ടത്തില്‍ കേരള ബാങ്കിന്റെ ഭാഗമാകുന്നത്.
നിലവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുന്നുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ ചില നിയന്ത്രണങ്ങളെ തുടര്‍ന്നു സാധാരണ ബാങ്കുകളെപ്പോലെ സാമ്പത്തിക ക്രയവിക്രയം നടത്താന്‍ കഴിയാറില്ല. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ക്കുമാത്രമേ നിലവില്‍ പ്രവാസി നിക്ഷേപം ക്യാന്‍വാസ് ചെയ്യാനുള്ള അനുവാദമുള്ളൂ. അതേസമയം, സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമായി 1,35,000കോടിയുടെ പ്രവാസി മലയാളികളുടെ നിക്ഷേപം ഉണ്ടെന്നാണ് കണക്ക്. കേരള ബാങ്ക് രൂപീകരിച്ച് റിസര്‍വ് ബാങ്കിന്റെ അഫിലിയേഷന്‍ സാധ്യമാക്കുന്നതോടെ കൂടുതല്‍ പ്രവാസി നിക്ഷേപം സ്വീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ സഹകരണ ബാങ്കുകള്‍ക്കുമേല്‍ നബാര്‍ഡിനുള്ള നിയന്ത്രണം എടുത്തുമാറ്റും. കേരള ബാങ്ക് നിലവില്‍വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായി ഇത് മാറും. ഇതുവഴി സംസ്ഥാന വികസനത്തില്‍ ഗണ്യമായ പങ്കുവഹിക്കാനാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."