എം.ഇ.എസിന്റെ വിവാദ സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം: സമസ്ത പ്രതിഷേധ സംഗമം
അങ്ങാടിപ്പുറം: വിദ്യാര്‍ഥിനികള്‍ക്ക് മുഖാവരണം ധരിക്കാനുള്ള അവകാശം വിലക്കി എം.ഇ.എസ് പുറത്തിറക്കിയ സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് അങ്ങാടിപ്പുറത്ത് നടന്ന സമസ്ത പ്രതിഷേധ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്‌ലിം വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയില്‍ സര്‍ക്കുലറിറക്കുകയും നിയമാനുസൃതം പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥിനിയെ മുഖാവരണത്തിന്റെ പേരില്‍ പുറത്താക്കുകയും ചെയ്ത എം.ഇ.എസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രക്ഷോഭ പ്രഖ്യാപന സംഗമം നടത്തിയത്. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്തു.
മുസ്‌ലിം സമുദായത്തിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തട്ടിയെടുക്കുകയും ഇസ്‌ലാം വിരുദ്ധ ശക്തികള്‍ പോലും വിലക്കേര്‍പ്പെടുത്താനും നിയന്ത്രിക്കാനും ധൈര്യപ്പെടാത്ത കാര്യങ്ങളില്‍ ഈ വിദ്യാഭ്യാസ ഏജന്‍സി അടിക്കടി രംഗത്ത് വരുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രതിഷേധ സംഗമം താക്കീത് ചെയ്തു. പ്രാമാണികമായി അവഗാഹമുള്ള പണ്ഡിതന്മാര്‍ മാത്രം അഭിപ്രായം പറയുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യേണ്ട മത വിഷയങ്ങളില്‍ ഭൗതിക രംഗത്തുമാത്രം പ്രവര്‍ത്തിക്കുന്നവര്‍ ഇടപെടുന്നത് ഗുരുതര ഭവിഷത്തുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതായി പരിപാടിയില്‍ ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ മുസ്‌ലിം വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്ന നടപടി പിന്‍വലിക്കണമെന്ന് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയില്‍ സര്‍ക്കുലറിറക്കിയതിലൂടെ എം.ഇ.എസ് പൗരാവകാശ ലംഘനം നടത്തുകയും ശരീഅത്തിനെ അപഹസിക്കുകയുമാണ് ചെയ്തതെന്നും തങ്ങള്‍ പറഞ്ഞു.
ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."