പ്രളയവും ബാധിച്ചില്ല; മദ്യ വില്‍പ്പനയിലെ വരുമാനം സര്‍വകാല റെക്കോഡിലേക്ക്
തിരുവനന്തപുരം: സംസ്ഥാന ഖജനാവില്‍ മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം സര്‍വകാല റെക്കോഡിലേക്ക്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1,567.58 കോടി രൂപയാണ് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 2018-19 വര്‍ഷത്തില്‍ കൂടുതലായി ലഭിച്ചത്. ആകെ ലഭിച്ച വരുമാനം 14,504.67 കോടി രൂപ. ബാര്‍ ലൈസന്‍സ് ഉള്ള സംസ്ഥാനത്തെ 450 ഹോട്ടലുകളുടെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ക്ക് പുറമേയാണിത്.
2015-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം മൂലം സംസ്ഥാനത്തെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടിയിരുന്നു. തുടര്‍ന്ന് മദ്യവരുമാനത്തിലും വന്‍ കുറവുണ്ടായി. തുടര്‍ന്ന് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മദ്യനയം മാറ്റിയ സാഹചര്യത്തിലാണ് മദ്യവില്‍പ്പന വീണ്ടും കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ പ്രളയം സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയെങ്കിലും മദ്യവില്‍പ്പനയെ ഒരുതരത്തിലും ബാധിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രളയ പുനര്‍മിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കാന്‍ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഓഗസ്റ്റ് 16 മുതല്‍ 100 ദിവസത്തേയ്ക്കായിരുന്നു മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ കണക്കുകൂട്ടിയതിനേക്കാള്‍ 50 ശതമാനത്തിലേറെ വരുമാനം ഇതിലൂടെ ലഭ്യമായി. 200 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ നൂറ് ദിവസത്തിനുളളില്‍ 309.9 കോടി ലഭിച്ചു. പ്രളയനാശമുണ്ടായ ഓഗസ്റ്റില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് മദ്യവില്‍പ്പനയും നടന്നു. 1,246.69 കോടി രൂപ.
ഓണം കൂടി എത്തിയതോടെയാണ് വില്‍പ്പനയില്‍ കുതിപ്പുണ്ടായതെന്നാണ് ബെവ്‌കോയുടെ വിലയിരുത്തല്‍. തുടര്‍ന്നുള്ള സെപ്റ്റംബര്‍,ഡിസംബര്‍,ജനുവരി,മാര്‍ച്ച് മാസങ്ങളില്‍ വില്‍പ്പന ശരാശരി 1,200 കോടിയില്‍ തന്നെ നിലനിന്നു.
ഇതെല്ലാം ചേര്‍ന്നപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മദ്യവില്‍പ്പന സര്‍വകാല റെക്കോഡിലേക്കുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."