അവര്‍ പാകിസ്താനികളാണ്- മഹാസഖ്യത്തിനെതിരെ വീണ്ടും വരുണ്‍ ഗാന്ധി
സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി മഹാസഖ്യത്തിനെതിരെ വീണ്ടും വിവാദപരാമര്‍ശവുമായി ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധി.
മഹാസഖ്യത്തിലെ നേതാക്കള്‍ പാകിസ്താനികളാണെന്നാണ് വരുണിന്റെ പരാമര്‍ശം. സുല്‍ത്താന്‍പൂരില്‍ മാതാവ് മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വരുണ്‍. മനേകക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട വരുണ്‍ മഹാസഖ്യത്തിന് വോട്ട് ചെയ്യരുതെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മദര്‍ ഇന്ത്യ എന്നാണ് മനേകയെ വരുണ്‍ വിശേഷിപ്പിച്ചത്.
നിങ്ങള്‍ മദര്‍ ഇന്ത്യക്ക് വോട്ട ചെയ്യാന്‍ തയ്യാറല്ലേ- ജനക്കൂട്ടത്തോട് വരുണ്‍ ചോദിച്ചു. അതെ എന്ന് മറുപടി.
'.....ഇവര്‍ പാകിസ്താന്‍കാരാണ്. ആണോ അല്ലയോ?' എസ്.പി-ബി.എസ്.പി നേതാക്കളെക്കുറിച്ച് വരുണ്‍ ചോദിച്ചപ്പോള്‍ നിറഞ്ഞ കരഘോഷമായിരുന്നു മറുപടി.
' ആരാണ് രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തത്?' വരുണ്‍ ഗാന്ധി തുടര്‍ന്നു.
'മുലായം സിങ് യാദവ്' എന്ന് ജനങ്ങളിലാരോ മറുപടി നല്കി.
' 500 പേര് കൊല്ലപ്പെട്ടു, അവരുടെ രക്തം ചിതറിത്തെറിച്ചു.....നമുക്കത് മറക്കാന്‍ കഴിയില്ല' വരുണ്‍ അഭിപ്രായപ്പെട്ടു.
1990ലെ അയോധ്യ വെടിവെപ്പ് ഓര്‍മ്മിപ്പിച്ചായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രസംഗം. അയോധ്യയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍സേവകരെ വെടിവയ്ക്കാന്‍ എസ്.പി സ്ഥാപകനും അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് ഉത്തരവിട്ടതിനെക്കുറിച്ചായിരുന്നു വരുണിന്റെ ഓര്‍മ്മപ്പെടുത്തല്‍.
എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് തന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയെ ഉള്ളു എന്ന് കഴിഞ്ഞദിവസം വരുണ്‍ ഗാന്ധി പറഞ്ഞതും വിവാദമായിരുന്നു.
ഇക്കുറി പിലാഭിത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി ജനവിധി തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."