കാല്‍ പന്തുകളിയിലെ വംശീയതയും രാഷ്ട്രീയവും
ഇക്കൊല്ലത്തെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ലോകത്തിനു മേല്‍ യൂറോപ്പിന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തു എന്ന് പറയുന്നവരുണ്ട്. ഒരര്‍ഥത്തില്‍ അത് ശരിയാണുതാനും. പ്രതീക്ഷയുണര്‍ത്തിയ ആഫ്രിക്കന്‍ ടീമുകള്‍ വലിയ കോളിളക്കങ്ങളൊന്നുമുളവാക്കാതെ പുറത്തായി. ലാറ്റിനമേരിക്കയുടെ സ്വപ്നങ്ങള്‍ക്കും ചിറകു മുളച്ചില്ല. ലോകമെമ്പാടും ആരാധകരുള്ള ബ്രസീലും അര്‍ജന്റീനയും സെമിഫൈനലിന്റെ പടിവാതിലില്‍ പോലും എത്തിയില്ല. കപ്പ് നേടിയ ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയും യൂറോപ്പിന്റെ രണ്ട് തരം പ്രതിനിധാനങ്ങളാണ്. ചുരുക്കത്തില്‍ യൂറോപ്പിന്റെ കളിയാണ് ഫുട്‌ബോള്‍ എന്ന് സ്ഥാപിക്കപ്പെട്ടു.
ഇതു പുറമേക്ക് കാണുന്ന ചിത്രം മാത്രമാണ്. ഫ്രാന്‍സ് യൂറോപ്യന്‍ ഫുട്‌ബോളിനേയാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിലും കളിക്കളത്തില്‍ നിറഞ്ഞു നിന്ന കളിക്കാരില്‍ ഒരുപാടു പേര്‍ ആഫ്രിക്കന്‍ വന്‍കരയുടെ പ്രതിനിധികളായിരുന്നു. എംബാപ്പേയും ഉംറ്റിറ്റിയുമൊന്നുമില്ലാത്ത ഫ്രാന്‍സിനെ സങ്കല്‍പിക്കാനാവുമോ? ബെല്‍ജിയമാണ് ഫുട്‌ബോള്‍ പ്രണയികളുടെ ഹൃദയം കവര്‍ന്ന മറ്റൊരു യൂറോപ്യന്‍ ടീം. ബെല്‍ജിയവും ആഫ്രിക്കന്‍ കരുത്തിനെയാണ് വളരെയധികം ആശ്രയിച്ചത്. ഒരു വശത്ത് യൂറോപ്പ് ഫുട്‌ബോളിലെ മേല്‍ക്കോയ്മ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ കളിക്കളത്തിലിറങ്ങിയ കളിക്കാരുടെ ഹൃദയങ്ങളില്‍ പ്രസ്തുത മേല്‍ക്കോയ്മയെക്കുറിച്ചുള്ള വ്യഥകള്‍ തിങ്ങി വിങ്ങിയിരുന്നു എന്ന് സൂക്ഷ്മതലത്തില്‍ മനസിലാക്കാനാവും. ഒട്ടേറെ മാനസികാഘാതങ്ങളിലൂടെ കടന്നുപോയ നിരവധി കളിക്കാര്‍ എപ്പോഴുമെന്നപോലെ ഇത്തവണയും മൈതാനത്തില്‍ ബൂട്ടു കെട്ടിയിറങ്ങിയിട്ടുണ്ട്. കൊളോണിയന്‍ അധിനിവേശം, വംശീയത, രാഷ്ട്രീയ മേല്‍ക്കോയ്മ തുടങ്ങിയ ഘടകങ്ങള്‍ കളിക്കളത്തിനു പുറത്തേക്ക് തല നീട്ടുന്ന അവസ്ഥ. ഇത് മുന്‍പും പല ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഫുട്‌ബോള്‍ കളിയുടെ രാഷ്ട്രീയ വിവക്ഷകള്‍ എക്കാലത്തും ചര്‍ച്ചാ വിധേയമാവുന്നത്; അവ പുറന്തള്ളപ്പെട്ടവരുടെ നെഞ്ചെരിച്ചിലായി സ്വയം അടയാളപ്പെടുത്തുന്നത്.
ലോകകപ്പിന്റെ തിരത്തള്ളല്‍ അടങ്ങിയതിനു ശേഷവും കളിയുടെ രാഷ്ട്രീയം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമാവുകയുണ്ടായി. ഈ ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടുമില്ല. ജൂലൈ അവസാനത്തില്‍ ജര്‍മനിയുടെ ലോകകപ്പ് താരം മെസൂട്ട് ഓസില്‍ (മസ്ഊദ്) വംശീയതയുടെ പേരില്‍ തന്റെ രാജ്യത്തിന്റെ ടീമില്‍ നിന്ന് രാജിവച്ചൊഴിഞ്ഞ് ഈ ചര്‍ച്ചകളെ മറ്റൊരു തലത്തിലാണെത്തിച്ചിട്ടുള്ളത്. ഇരുപത്തിയൊമ്പതുകാരനായ ഈ മിഡ്ഫീല്‍ഡര്‍ ആര്‍സനലിനു വേണ്ടിയാണ് ക്ലബ് ഫുട്‌ബോളില്‍ കളിക്കുന്നത്. തുര്‍ക്കി വംശജനായ അയാള്‍ ജര്‍മനിയുടെ മാത്രമല്ല ലോകത്തിലെ തന്നെ മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളാണുതാനും. ഇങ്ങനെയൊരാള്‍ വംശീയത ആരോപിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ അതുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ കുറച്ചൊന്നുമല്ല.
വംശീയതയേയും അനാദരവിനേയും കുറിച്ചുള്ള തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ഓസില്‍ പറഞ്ഞത് 'ഞങ്ങള്‍ ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍കാരനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനുമായിത്തീരുന്നു' എന്നാണ്. ശരിയാണ്, ലോകകപ്പില്‍ കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്മാരായ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തു പോയപ്പോള്‍ നാട്ടിലുടനീളം ഇതൊരു പ്രശ്‌നമാവുകയുണ്ടായി. ജര്‍മന്‍ ടീമില്‍ ദേശീയതയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവരേണ്ട ഒത്തിണക്കം ഇല്ലായിരുന്നു എന്നും അതുമൂലമാണ് തോറ്റുപോയത് എന്നുമായിരുന്നു വാദം. തുര്‍ക്കി വംശജരായ കളിക്കാര്‍ ജര്‍മനിയുടെ ദേശീയ ടീമില്‍ വേറെയുമുണ്ട്. ഇവരൊന്നും കളിക്കളത്തിലെത്തുമ്പോള്‍ പൂര്‍ണമായും ജര്‍മന്‍കാരായി സ്വയം ആവിഷ്‌കരിക്കുന്നില്ല എന്നാണ് പരാതി. ജര്‍മനിയില്‍ ഉയര്‍ന്നുവരുന്ന നവ ഫാസിസത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഈ വികാരത്തെ വിലയിരുത്തേണ്ടത്. വംശീയവികാരം ഇപ്പോഴും ജര്‍മന്‍ ജനതയുടെ മനസില്‍ നീറിപ്പിടിച്ചു കിടക്കുന്നു എന്നതിന്റെ സൂചനയായി ഈ വിമര്‍ശനങ്ങളെ കണക്കാക്കുന്ന സാമൂഹ്യ ചിന്തകര്‍ ധാരാളം. ഹിറ്റ്‌ലര്‍ ഇപ്പോഴും ജര്‍മനിയുടെ ആത്മാഭിമാനത്തെ പ്രചോദിപ്പിക്കുന്നു എന്ന് അവര്‍ ഭയപ്പെടുന്നു. ഏതായാലും ഓസില്‍ ഇതൊരു ഭീതിദമായ അപചയമാണ് എന്നാണ് തന്റെ രാജിയിലൂടെ പ്രകടമാക്കുന്നത്.
കുടിയേറ്റക്കാരായ തുര്‍ക്കി വംശജര്‍ ജര്‍മന്‍ മുഖ്യധാരയില്‍ എത്രത്തോളം ലയിച്ചു ചേര്‍ന്നിട്ടുണ്ട് എന്നൊരു തുടര്‍ ചോദ്യം തീര്‍ച്ചയായും ഈ ചര്‍ച്ചയില്‍ പ്രസക്താണ്. കുറച്ചു മുന്‍പ് ലണ്ടനില്‍ വച്ച് (കഴിഞ്ഞ മെയ് മാസത്തില്‍) ഓസില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനെ കാണുകയും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കുകയുമുണ്ടായി. വേറെയും രണ്ട് തുര്‍ക്കി-ജര്‍മന്‍ കളിക്കാര്‍ -സെന്‍ക്ടോസ്ത്രന്‍, ഇല്‍കേയ് ഗുന്‍ഡോഗന്‍ എന്നിവര്‍ ഇതേപോലെ ഫോട്ടോയെടുത്തു. ഈ പടമെടുപ്പ് നിര്‍ദോഷകരമായ ഒരു ഒത്തുചേരലായി കണക്കാക്കാന്‍ ജര്‍മനിയുടെ പൊതുവികാരത്തിന് സാധിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കയിലെത്തുമ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ ആരെങ്കിലും അദ്ദേഹത്തെ ചെന്നു കണ്ട് സൗഹൃദം പ്രകടിപ്പിക്കുന്നു എന്നുവെക്കുക, അതൊരു പൊതു പൈതൃകത്തിന്റെ സ്വാഭാവികമായ പങ്കുവെപ്പ് മാത്രമായേ കാണേണ്ടതുള്ളൂ. എന്നാല്‍ ജര്‍മന്‍കാരായ ആളുകളുടെ സങ്കുചിത ദേശീയ വികാരം തിളച്ചു മറിയുകയും ഓസില്‍ പുലര്‍ത്തുന്ന തുര്‍ക്കി കൂറിന്റെ ആവിഷ്‌കാരമായി അത് ചിത്രീകരിക്കപ്പെടുകയും ചെയ്തു. ഊസില്‍ ആ സമയത്ത് മൗനം പാലിക്കുകയാണുണ്ടായത്. എന്നാല്‍ കാര്യങ്ങള്‍ അവിടംകൊണ്ട് അവസാനിച്ചില്ല. ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായപ്പോള്‍ വീണ്ടും ഈ വിഷയം എടുത്തിടുകയാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ചെയ്തത്. ദേശത്തോട് കൂറില്ലാത്തവര്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ എങ്ങനെ കളി ജയിക്കും എന്ന മട്ടിലായിരുന്നു ചില കമന്റേറ്റര്‍മാരുടെ വ്യാഖ്യാനങ്ങള്‍. വിമര്‍ശനങ്ങളുടെ കുന്തമുന പ്രധാനമായും തിരിച്ചുവച്ചത് ഓസിലിന് നേരെയാണ്. സ്വാഭാവികമായും ഊസില്‍ കുപിതനായി. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ഡി.എഫ്.ബി) പ്രസിഡന്റ് റെയില്‍ ഹാര്‍ഡ് ഗ്രിന്‍ഡല്‍ ആണ് തനിക്കെതിരായി രംഗത്തുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് ഓസില്‍ ദേശീയ ടീമില്‍ നിന്ന് ഒഴിഞ്ഞത്. ഓസിലിനെ സംബന്ധിച്ചേടത്തോളം അങ്ങനെ വിശ്വസിക്കാന്‍ ന്യായങ്ങളുമുണ്ട്. വിദേശ വേരുകളുള്ള കളിക്കാരുടെ നേരെ വര്‍ഗീയ വിവേചനം പുലര്‍ത്തുന്ന ഗ്രിന്‍ഡലിന്റെ ടീമില്‍ കളിക്കാനില്ലെന്നാണ് ഓസിലിന്റെ തീരുമാനം. ഗ്രിന്‍ഡല്‍ ഒരു മുന്‍കാല രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക നിലപാടുകള്‍ സുവിദിതവുമാണ്. പാര്‍ലമെന്റ് അംഗമായിരുന്ന കാലത്ത് ബഹുമത-ബഹു സംസ്‌കാര സമൂഹം എന്ന ആശയത്തിനെതിരായി ഒരുപാട് വാദിച്ച ആളാണദ്ദേഹം. അങ്ങനെയൊരാളെ സഹിക്കാന്‍ ഓസില്‍ തയാറില്ലായിരുന്നു. ഓസിലിന്റെ വിട്ടുപോക്കിനെ ഗ്രിന്‍ഡല്‍ വളരെ ശക്തമായ ഭാഷയിലാണ് അപലപിച്ചത് എന്നതു കൂടി ഇതിനോട് കൂട്ടിച്ചേര്‍ക്കണം. ഒരു തരത്തിലുള്ള വംശീയ ശത്രുതയും ഒരു സാഹചര്യത്തിലും പൊറുപ്പിക്കാനാവുകയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഓസില്‍ എത്ര വലിയ കളിക്കാരനാണെങ്കിലും ശരി, വിരട്ടൊന്നും നടപ്പില്ലെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍.
റെയിന്‍ ഹാര്‍ഡ് ഗ്രിന്‍ഡലിന്റെ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്ന സമീപനമാണ് ജര്‍മന്‍ മുഖ്യധാരയുടേത്. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെല്‍ക്കെന്‍ ഓസിലിന്നെതിരായി രംഗത്തു വന്നിട്ടില്ല. എങ്കിലും രാഷ്ട്രീയ കാര്യങ്ങളില്‍ നിശബ്ദത പുലര്‍ത്തുന്നതാണ് ഓസിലിന് നല്ലത് എന്ന് അവര്‍ പറയുകയുണ്ടായി. അതേസമയം അയാളുടെ കളിമിടുക്കിനെ അവര്‍ പ്രശംസിക്കുകയും ചെയ്തു.
എങ്കിലും അവരുടെ മന്ത്രിസഭാംഗമായ ഹെയ്‌കോ മാസ് അടക്കമുള്ളവര്‍ ഓസിലിന്നെതിരായി രംഗത്തിറങ്ങുകയും ചെയ്തു. 'ഇംഗ്ലണ്ടില്‍ കഴിഞ്ഞു കൂടുന്ന ഒരു കോടീശ്വരന്‍ ജര്‍മനിയുടെ ഏകീകരണത്തെപ്പറ്റി ഏറെയൊന്നും പറയേണ്ടതില്ല' എന്നായിരുന്നു ഈ മന്ത്രിയുടെ പ്രതികരണം. സാമാന്യമായി ജര്‍മന്‍ മുഖ്യധാരാ സമൂഹം തുര്‍ക്കി വംശജരായ കളിക്കാര്‍ക്കൊപ്പമല്ല നിന്നത്, പകരം ജര്‍മനി പഴയകാലത്ത് ഉയര്‍ത്തിപ്പിടിച്ച ആര്യന്‍ മേധാവിത്വത്തിന്റെ ആശയങ്ങള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുക തന്നെയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."