എയ്ഡഡ് നിയമനം: കേസ് സുപ്രിംകോടതി 25ന് പരിഗണിക്കും
മലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി 25നു പരിഗണിക്കും. അധ്യാപകരുടെ 1:1 അനുപാതവുമായി ബന്ധപ്പെട്ട 2006 മുതലുള്ള കേസ്, 2016 ലെ കേരളാ വിദ്യാഭ്യാസ നിയമത്തിലെ ഭേദഗതി സംബന്ധിച്ച കേസ് എന്നിവ ഉള്‍പ്പെടെയുള്ളവയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.
2006 ജൂണ്‍ മുതല്‍ 2010 വരെയുള്ള അഡീഷനല്‍ തസ്തികകള്‍ക്കു തുല്യമായും 2010നു ശേഷമുള്ള എല്ലാ തസ്തികകളിലും 1:1 അനുപാത പ്രകാരവും സംരക്ഷണാധ്യാപകരെ നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് എയ്ഡഡ് മാനേജുമെന്റുകള്‍ നല്‍കിയ കേസാണ് പരിഗണിക്കുന്നത്. എയ്ഡഡ് മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2016 ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ കേരളാ വിദ്യാഭ്യാസ നിയമം (കെ.ഇ.ആര്‍) ഭേദഗതി ചെയ്തിരുന്നത്.
1979നു മുന്‍പുള്ള എയ്ഡഡ് സ്‌കൂളുകളിലെ അഡീഷനല്‍ തസ്തികകളിലും 1979നു ശേഷമുള്ള സ്‌കൂളുകളിലെ റിട്ടയര്‍മെന്റ്, രാജി ഉള്‍പ്പെടെ മുഴുവന്‍ തസ്തികകളിലും തസ്തിക നഷ്ടപ്പെട്ട് പുറത്തായ സംരക്ഷണാധ്യാപകരെ നിയമിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് കെ.ഇ.ആര്‍ ഭേദഗതി ചെയ്തത്. ഇതിനെ ചോദ്യംചെയ്ത് എയ്ഡഡ് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച കേസില്‍ ഇത്തരത്തില്‍ നിയമനം തടഞ്ഞു കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നു. കേസ് പിന്നീട് ഹൈക്കോടതി പരിഗണിച്ചിരുന്നെങ്കിലും സമാന കേസ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തുടര്‍നടപടികള്‍ സുപ്രിംകോടതി തീരുമാനത്തിനു ശേഷം മതിയെന്നു തീരുമാനിക്കുകയായിരുന്നു.
സുപ്രിംകോടതി വിധിക്കു ശേഷം ഒക്ടോബര്‍ മൂന്നാം വാരത്തില്‍ കേസ് പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. അതിനിടെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ നിയമിതരായ 2,500ഓളം അധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാത്തത്തിനാല്‍ ശമ്പളം ലഭിക്കാതെ സംസ്ഥാനത്ത് ഇപ്പോഴും ജോലിയില്‍ തുടരുന്നത്.
കോടതി നടപടികള്‍ തുടര്‍ച്ചയായി വൈകുന്നതിനു പുറമേ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിമൂലം നിയമനങ്ങളില്‍ നിയന്ത്രണമുണ്ടാകുമോയെന്നതും ഇത്തരം അധ്യാപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
അതേസമയം, 2018ലെ തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തു മൂവായിരത്തില്‍ താഴെ സംരക്ഷണാധ്യാപകരാണുള്ളത്. ഇവരെ മുഴുവന്‍ എയ്ഡഡ് മേഖലയില്‍ നിയമിച്ചാലും സ്‌കൂളുകളില്‍ ഒഴിവുകള്‍ നിലനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."