മര്‍ദനത്തിനിരയായി യുവാവ് ആത്മഹത്യചെയ്ത സംഭവം; അന്വേഷണം തുടങ്ങി
തിരൂര്‍: കുറ്റിപ്പാലയില്‍ സദാചാരവാദികളുടെ മര്‍ദനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. തിരൂര്‍ ഡി.വൈ.എസ്.പി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കുറ്റിപ്പാല സ്വദേശി പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് സാജിദ് (23) ആണ് മര്‍ദനത്തെ തുടര്‍ന്ന് മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. സാജിദിന്റെ ബന്ധുക്കളുടെ പരാതിയില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സാജിദിന്റെ സഹോദരന്റെ മൊഴിയെടുത്തു.
രാത്രി ദുരൂഹസാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു സാജിദിനെ നാട്ടുകാര്‍ മര്‍ദിച്ചത്. കെട്ടിയിട്ട് മര്‍ദിക്കുകയും ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തവരെക്കുറിച്ച് പൊലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കല്‍പകഞ്ചേരി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അതേസമയം കല്‍പകഞ്ചേരി പൊലിസ് പരാതി സ്വീകരിച്ചില്ലെന്നും സ്റ്റേഷനിലെത്തിയപ്പോള്‍ അപമാനിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. തിരൂര്‍ സി.ഐ പി. അഹമ്മദ് ബഷീറിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."