മലയാളി നഴ്സിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ
റിയാദ്: റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിച്ചു മരിച്ച മലയാളി നഴ്സിന്റെ കുടുംബത്തിന് ആറു വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം ലഭിച്ചു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച് മരിച്ച ചങ്ങനാശേരി മടപ്പള്ളി മാമൂട് സ്വദേശിനി ജൂഡിയുടെ പിതാവ് മാത്യുവിനാണ് 10 ലക്ഷത്തോളം രൂപ ലഭിച്ചത്.
കേസ് നടത്തിപ്പിന് ശേഷം ലഭിച്ച പണം ഇന്ത്യന്‍ എംബസി കോട്ടയം കലക്ടറേറ്റിലേക്ക് അയക്കുകയായിരുന്നു.
ഇവിടെനിന്ന് കുടുംബം സ്വീകരിക്കുകയും ചെയ്തു. 2012 ഒക്ടോബര്‍ 26നായിരുന്നു അപകടം. അല്‍ ഖര്‍ജിലെ അല്‍മദാര്‍ ഡന്റല്‍ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായിരുന്ന 22 വയസുകാരിയായ ജൂഡി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ക്ലിനിക്കിന് എതിര്‍വശത്തുള്ള ബഖാലയില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം. 14 കാരനായ സഊദി ബാലന് ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്നു യുവതി തല്‍ക്ഷണം മരിക്കുകയായിരുന്നു.
മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. ശമ്പളവും സര്വിസാനുകൂല്യവുമുള്പ്പടെയുള്ള തുക ഉടന്‍ തന്നെ തൊഴിലുടമ നാട്ടില്‍ അയച്ചുകൊടുത്തിരുന്നു. അപകടത്തെ തുടര്‍ന്ന് സ്വദേശി ബാലനെ പൊലിസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തെങ്കിലും കേസ് നടപടികള്‍ കോടതിയില്‍ തുടര്‍ന്നു. കേസില്‍ 2014 ലാണ് നഷ്ടപരിഹാരം സംബന്ധിച്ച വിധിപ്രഖ്യാപനമുണ്ടണ്ടായത്. 56,250 സഊദി റിയാലാണ് കോടതി വിധിച്ചത് . ഇതിനു തത്തുല്യമായ 10,34,000 രൂപയാണ് ഇപ്പോള്‍ കുടുംബത്തിന് കിട്ടിയത്. ജൂഡിയുടെ മരണത്തോടെ അച്ഛനും അമ്മയും നിരാലംബരായി.
ഇവര്‍ ഒരു വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഏക സഹോദരി വിവാഹം കഴിച്ച് മാറിത്താമസിക്കുകയാണ്. ഇതിനിടയില്‍ അമ്മ അര്‍ബുദ രോഗം ബാധിച്ച് മരിക്കുകയും ചെയ്തതോടെ പിതാവ് മാത്യു ഒറ്റയ്ക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."