HOME
DETAILS
MAL
പെന്‍സ്റ്റോക്ക് ചോര്‍ച്ച; പള്ളിവാസലിലെ ഉല്‍പാദനം കുത്തനെ താഴേക്ക്
backup
September 19 2020 | 02:09 AM
തൊടുപുഴ: പെന്‍സ്റ്റോക്കിലെ ചോര്‍ച്ച വര്‍ധിച്ചതോടെ പള്ളിവാസല്‍ പവര്‍ഹൗസിലെ ഉല്‍പാദനം കുത്തനെ താഴേക്ക്. പ്രതിദിനം പരമാവധി 9 ലക്ഷം യൂനിറ്റ് വൈദ്യുതി വരെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്ന വൈദ്യുതിനിലയമാണ് പള്ളിവാസല്‍. എന്നാല്‍, ഇപ്പോള്‍ പരമാവധി 6 ലക്ഷം യൂനിറ്റ് വരെ മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. 3.11 ലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം. പെന്‍സ്റ്റോക്ക് വഴി ആവശ്യത്തിന് വെള്ളം ജനറേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം. 'ബോട്ടില്‍നെക്ക് ഇഫക്ട്' എന്നാണ് ഈ പ്രതിഭാസത്തിന്റെ സാങ്കേതികനാമം.
നാല് പെന്‍സ്റ്റോക്കുകള്‍ വഴിയാണ് ആര്‍.എ ഹെഡ് വര്‍ക്‌സ് ഡാമില്‍ നിന്ന് പള്ളിവാസല്‍ പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. 5 മെഗാവാട്ടിന്റെയും 7.5 മെഗാവാട്ടിന്റെയും മൂന്നുവീതം ജനറേറ്ററുകളുടെതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്നത് രണ്ട് ചെറിയ പെന്‍സ്റ്റോക്കുകളിലൂടെയാണ്. ഇവിടെ 10 മെഗാവാട്ട് ലഭിക്കേണ്ടയിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്. മൂന്നാമത്തെ പെന്‍സ്റ്റോക്കിലൂടെ വെള്ളം എത്തുന്നത് 7.5 മെഗാവാട്ടിന്റെയും 5 മെഗാവാട്ടിന്റെയും രണ്ടു ജനറേറ്ററുകളിലേക്കാണ്. ഇവിടെ 12.5 മെഗാവാട്ട് ലഭിക്കേണ്ടയിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്. നാലാമത്തെ പെന്‍സ്റ്റോക്കാണ് ഏറ്റവും വലുത്. 7.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്കാണ് ഇതിലൂടെ വെള്ളം എത്തുന്നത്. 15 മെഗാവാട്ട് ലഭിക്കേണ്ടയിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് പരമാവധി 12 മെഗാവാട്ടാണ്. 4 പെന്‍സ്റ്റോക്കുകളില്‍ രണ്ടെണ്ണമാണ് ഏറെ ദുര്‍ബലമായി ചോര്‍ച്ച വര്‍ധിച്ചിരിക്കുന്നത്. 10 മി.മീ കനം ദ്രവിച്ച് ഒന്നില്‍ 3.7 മി. മീ, മറ്റൊന്നില്‍ മൂന്ന് മി.മീ ആയും കുറഞ്ഞു. വിവാദമായ ലാവ്‌ലിന്‍ നവീകരണത്തില്‍ ഇവിടുത്തെ പെന്‍സ്റ്റോക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. കോണ്‍ക്രീറ്റ് ആങ്കറുകളിലാണ് പൈപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. പല ആങ്കറുകളും തകര്‍ന്ന നിലയിലാണ്.
വ്യാഴാഴ്ച കണ്ടെത്തിയ ജോയിന്റുകളിലെ ചോര്‍ച്ച പരിഹരിച്ചുവെന്നും നിര്‍ത്തിവച്ചിരുന്ന ജനറേറ്ററുകളില്‍ ഉല്‍പാദനം പുനരാരംഭിച്ചുവെന്നും കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗം അറിയിച്ചു.
47 കോടിയുടെ
എസ്റ്റിമേറ്റ് തയാറാക്കി
തൊടുപുഴ: 80 വര്‍ഷം പിന്നിട്ട പള്ളിവാസല്‍ പദ്ധതിയുടെ പെന്‍സ്റ്റോക്ക് മാറ്റിസ്ഥാപിക്കാന്‍ 47 കോടി രൂപയുടെ എസ്റ്റിമേറ്റ് പള്ളിവാസല്‍ സിവില്‍ സര്‍ക്കിള്‍ തയാറാക്കി. 425 മീറ്റര്‍ നീളത്തിലാണ് പൈപ്പ് മാറ്റിസ്ഥാപിക്കേണ്ടത്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ പെന്‍സ്റ്റോക്കിലേക്കാണ് ഇത് യോജിപ്പിക്കേണ്ടത്. എക്സ്റ്റന്‍ഷന്‍ പദ്ധതി പൂര്‍ത്തിയായാല്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."