ദിസ് ഈസ് ആന്‍ഫീല്‍ഡ്
ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ ബാഴ്‌സലോണയുടെ വധം നടപ്പാക്കി ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ബാഴ്‌സലോണയെ തകര്‍ത്തായിരുന്നു ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത്. അഗ്രഗേറ്റില്‍ 4-3 എന്ന സ്‌കോറിനായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പാദത്തില്‍ മൂന്ന് ഗോളിന്റെ ലീഡുണ്ടായിരുന്നിട്ടും ബാഴ്‌സലോണക്ക് പിടിച്ച് നില്‍ക്കാനായില്ല. തുടക്കം മുതല്‍ ഒടുക്കംവരെ ബാഴ്‌സക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയ ലിവര്‍പൂള്‍ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. മൂന്ന് ഗോളിന്റെ ലീഡുണ്ടെന്ന ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബാഴ്‌സക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. എന്നാല്‍ അപകടം മുന്നില്‍ കണ്ട കോച്ച് വാല്‍വര്‍ദേയുടെ അമിത ആത്മവിശ്വാസമാണ് ബാഴ്‌സയെ വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടത്.
ഏഴാം മിനുട്ടില്‍ ഡിവോക് ഒറിഗിയിലൂടെയായിരുന്നു ലിവര്‍പൂള്‍ ആദ്യ ഗോള്‍ കണ്ടെത്തിയത്. ആദ്യ ഗോള്‍ വീണപ്പോഴും അമിത ആത്മവിശ്വാസത്തില്‍ കളിച്ച ബാഴ്‌സ തട്ടിമുട്ടി ആദ്യ പകുതി പൂര്‍ത്തിയാക്കി. എന്നാല്‍ ബാഴ്‌സയുടെ മെല്ലെപ്പോക്ക് അകക്കണ്ണില്‍ കണ്ട ക്ലോപ്പ് രണ്ടാം പകുതി ശരിക്കും മുതലെടുക്കുകയായിരുന്നു. 46-ാം മിനുട്ടില്‍ ആന്‍ഡ്ര്യൂ റോബട്‌സണെ പിന്‍വലിച്ച് ക്ലോക്ക് വ്യാന്‍ഡുലത്തെ കളത്തിലിറക്കി. ഇതായിരുന്നു ബാഴ്‌സയുടെ പതനത്തിലേക്ക് നയിച്ച പ്രധാന നീക്കം. 54, 56 മിനുട്ടുകളില്‍ നേടിയ രണ്ട് ഗോളും ക്ലോപ്പ് പകരക്കാരനായി കളത്തിലിറക്കിയ വ്യാന്‍ഡുലമാണ് നേടിയത്. മൂന്നാം ഗോള്‍ വീണപ്പോഴായിരുന്നു ബാഴ്‌സ പരിശീലകന്‍ വാല്‍വര്‍ദേ ഉണര്‍ന്നത്. മധ്യനിരയില്‍ നിന്ന് കുട്ടീഞ്ഞോയെ പിന്‍വലിച്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ സെമേഡോയെ ഇറക്കി പ്രതിരോധിച്ച് നില്‍ക്കാനുള്ള തീരുമാനം വാല്‍വര്‍ദേ എടുത്തു.
പിന്നീട് ഏതെങ്കിലും തരത്തില്‍ ഒരു ഗോള്‍ നേടാനും വാല്‍വര്‍ദേ മുന്നേറ്റ താരങ്ങളായ മെസ്സിക്കും സുവാരസിനും നിര്‍ദേശം നല്‍കി. മെസ്സിയെ വളഞ്ഞിട്ട് പ്രതിരോധിച്ച ലിവര്‍പൂള്‍ ഒരുനിലക്കും പന്ത് പോസ്റ്റിലേക്ക് അടിക്കാനുള്ള അവസരം നല്‍കിയില്ല. ഇതും ലിവര്‍പൂളിന്റെ വിജയത്തിന് ആക്കം കൂട്ടി. 79-ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ലിവര്‍പൂളിന്റ നാലാം ഗോള്‍ പിറന്നത്. അല്‍പം പോലും സമ്മര്‍ദമില്ലാതെ അടിച്ച കോര്‍ണര്‍ ഒറിഗി അനായാസം പോസ്റ്റിലെത്തിച്ച് ആന്‍ഫീല്‍ഡില്‍ പുതിയ ചരിത്രം കുറിച്ചു. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ റോമക്കെതിരേ 4-1 ന്റ ജയം സ്വന്തമാക്കിയ ബാഴ്‌സ റോമയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടതിന്റെ തനിയാവര്‍ത്തനമായിരുന്നു കഴിഞ്ഞ ദിവസം ആന്‍ഫീല്‍ഡില്‍ അരങ്ങേറിയത്. 2018ലെ പതനത്തില്‍ ബാഴ്‌സ പാഠം പഠിച്ചില്ല എന്ന് തന്നെയാണ് കഴിഞ്ഞ ദിവസത്തെ മത്സരം കണ്ടാല്‍ വ്യക്തമാവുക.
മികച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങി രണ്ട് ഗോളുകള്‍ വീണതോടെ അതി സമ്മര്‍ദത്തിലായ ബാഴ്‌സക്ക് ഗോള്‍ തിരിച്ചടിക്കാന്‍ കഴിയാതെപോകുകയായിരുന്നു. ലയണല്‍ മെസ്സിയും ലൂയി സുവാരസും അടങ്ങിയ ബാഴ്‌സയുടെ മുന്നേറ്റത്തെ സമര്‍ഥമായി പൂട്ടിയിടാന്‍ ലിവര്‍പൂളിന് കഴിഞ്ഞതും ക്ലോപ്പിന്റെ വിജയിച്ച തന്ത്രമായി. സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും റോബര്‍ട്ടോ ഫിര്‍മിനോയും ഇല്ലാതിരുന്നിട്ടും ലിവര്‍പൂള്‍ പഠിച്ച പാഠം വിജയകരമായി പയറ്റുകയായിരുന്നു.
ബാഴ്‌സയുടെ അന്തകനായി ആലിസണ്‍
തുടര്‍ച്ചയായ രണ്ട് സീസണുകളിലും ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്താകുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചൊരു താരമുണ്ട്. കഴിഞ്ഞ സീസണില്‍ റോമയോട് പരാജയപ്പെട്ട് പുറത്താകുമ്പോഴും കഴിഞ്ഞ ദിവസം ലിവര്‍പൂളിനോട് തോറ്റ് പുറത്തായപ്പോഴും എതിര്‍ ഗോള്‍ പോസ്റ്റില്‍ കാവല്‍ക്കാരനായിരുന്നത് ഒരാളായിരുന്നു. ബ്രസീലിയന്‍ സൂപ്പര്‍ താരം ആലിസണ്‍ ബക്കര്‍ എന്ന സ്‌പൈഡര്‍മാനായിരുന്നു അത്.
കഴിഞ്ഞ സീസണില്‍ ഒന്നാം പാദത്തില്‍ 4-1 എന്ന സ്‌കോറിന് ബാഴ്‌സലോണ വിജയിച്ചെങ്കിലും രണ്ടാം പാദത്തില്‍ റോമ ബാഴ്‌സയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ദിവസം ഒറ്റ ഗോളും വഴങ്ങാതെ ബാഴ്‌സയുടെ എല്ലാ ഗോള്‍ ശ്രമങ്ങളെയും തടഞ്ഞിട്ടത് ആലിസണ്‍ ബക്കറായിരുന്നു. ബാഴ്‌സയുടെ രണ്ട് തോല്‍വികള്‍ക്കും സാക്ഷിയായ താരമായിരുന്നു ആലിസണ്‍. രണ്ട് സീസണിലും ബാഴ്‌സയുടെ മുന്നേറ്റങ്ങളെ പോസ്റ്റില്‍വച്ച് നിഷ്പ്രഭമാക്കിയായിരുന്നു ആലിസണ്‍ ബാഴ്‌സക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്. സീസണ്‍ തുടക്കത്തില്‍ റെക്കോര്‍ഡ് തുകക്ക് ലിവര്‍പൂളിലെത്തിയ ആലിസണ്‍ പ്രതീക്ഷക്കൊത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്. പ്രീമിയര്‍ ലീഗിലും മികച്ച സേവുകള്‍ നടത്തി ടീമിനെ കിരീടത്തിനോട് അടുപ്പിച്ചിരിക്കുകയാണ് ബ്രസീല്‍ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."