ലിബിയയില്‍ കനത്ത ഏറ്റുമുട്ടല്‍; ട്രിപ്പോളിയില്‍ അടിയന്തരാവസ്ഥ
ട്രിപ്പോളി: സര്‍ക്കാര്‍ സൈന്യവും വിമത വിഭാഗങ്ങളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്ന ലിബിയയിലെ ട്രിപ്പോളിയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏറ്റുമുട്ടലില്‍ ഇതുവരെ അന്‍പതോളം പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും രാജ്യതാല്‍പര്യം മാനിച്ചും ട്രിപ്പോളിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നെന്നാണ് പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയോളമായി ഇവിടെ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ റോക്കറ്റാക്രമണമടക്കം തുടരുമ്പോഴും നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്.
ട്രിപ്പോളിയിലെ ഏറ്റുമുട്ടലുകളും കലാപങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്നു അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. യു.എന്‍ പിന്തുണയുള്ള സര്‍ക്കാരിനാണ് ലിബിയയില്‍ അധികാരമെങ്കിലും സര്‍ക്കാര്‍ വെറും നോക്കുകുത്തിയാണെന്നാണ് ആരോപണം.
400 തടവുകാര്‍ ജയില്‍ ചാടി
ട്രിപ്പോളി: കലാപം തുടരുന്നതിനിടെ ട്രിപ്പോളിയില്‍ നാനൂറു തടവുകാര്‍ രക്ഷപ്പെട്ടു. എയ്ന്‍ സറ ജയിലില്‍നിന്നാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തടവുകാര്‍ പുറത്തുകടന്നത്.
ട്രിപ്പോളിയിലെ തെക്കന്‍ പ്രാന്തപ്രദേശത്തെ ജയിലിനു സമീപം കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനിടെയായിരുന്നു തടവുകാരുടെ നീക്കം. മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ അനുയായികളാണ് രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."