ഹറമുകളില്‍ തിരക്ക് വര്‍ദ്ധിച്ചു; അഞ്ചു വിഭാഗങ്ങളുടെ കീഴില്‍ സുരക്ഷ ശക്തമാക്കി
റിയാദ്: വിശുദ്ധ റമദാന്‍ തുടങ്ങിയതോടെ വിശുദ്ധ ഹറമുകള്‍ ലക്ഷ്യമാക്കിയില്ല വിശ്വാസികളുടെ ഒഴുക്ക് ശക്തമായി. മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ജമാഅത്ത് നിസ്‌കാരത്തില്‍ സംബന്ധിക്കാനും തറാവീഹ്, വിത്വര്‍ നിസ്‌കാരങ്ങള്‍ക്കുമായി എത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഹറം പരിസരങ്ങളിലും പള്ളികളിലും സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളാക്കി തിരിച്ചുള്ള സേവനങ്ങള്‍ക്കായി ഇരു ഹറം കാര്യാലയ വകുപ്പിന് കീഴില്‍ പ്രത്യേകം വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. രാത്രികാല നിസ്‌കാരങ്ങള്‍ക്ക് മാത്രമായി സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരുമ്പോള്‍ തിരക്ക് അനിയന്ത്രിതമാകാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രങ്ങള്‍ അവശ്യ സമയങ്ങളില്‍ അധികൃതര്‍ കൈകൊള്ളുന്നുണ്ട്. സുരക്ഷാ പരിശോധനയുടെ ഭാഗമായി ആകാശ നിരീക്ഷണവും ആരംഭിച്ചു. മക്കയും പരിസരവും മക്കയിലേക്കുള്ള പ്രധാന എക്പ്രസ്സ് ഹൈവേകളുമാണ് ആകാശ നിരീക്ഷണ നിയന്ത്രണത്തിന് കീഴില്‍ ഉള്‍പ്പെടുന്നത്.
ആകാശ നിരീക്ഷണത്തില്‍ ഏര്‍പ്പെടുത്തിരിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ വഴി തത്സമയ വിവരങ്ങള്‍ മക്കയില്‍ സജ്ജീകരിച്ച പ്രത്യേക കണ്‍ട്രോള്‍ റൂമിലേക്കും അവിടെ നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്കും വിഭാഗത്തിലേക്കും കൈമാറുകയും വേണ്ട നടപടികള്‍ കൈകൊള്ളുകയുമാണ് ചെയ്യുന്നത്. കൂടാതെ, ഹറമില്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും തിക്കുംതിരക്കും ഒഴിവാക്കാനും അഞ്ചു സുരക്ഷാ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെക്കുഭാഗത്തെ മുറ്റത്തിന്റെ ചുമതല പ്രത്യേക ദൗത്യസേനക്ക് ആണ്. കിഴക്കു ഭാഗത്ത് അലി ഗെയ്റ്റ് മുതല്‍ അല്‍ഹജൂന്‍ പാലം വരെയുള്ള ഭാഗത്തിന്റെ നിയന്ത്രണം ഹജ്, ഉംറ സുരക്ഷാ സേനക്കു കീഴിലും പടിഞ്ഞാറു, കിഴക്കു ഭാഗങ്ങളില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് പൊതുസുരക്ഷാ വകുപ്പ് പരിശീലന വിഭാഗവും ഹറമിനകത്തും മതാഫിലും മസ്അയിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ചുമതല ഹറം സുരക്ഷാ സേനയുമാണ്. മൂന്നാമത് വികസന ഭാഗത്ത് നയതന്ത്ര സുരക്ഷാ സേനയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. മേജര്‍ ജനറല്‍ സഈദ് അല്‍ഖര്‍നി കമാണ്ടറായ ഹറം സുരക്ഷാ കമാണ്ടന്റിനു കീഴിലാണ് അഞ്ചു സുരക്ഷാ വകുപ്പുകളും ഹറമില്‍ പ്രവര്‍ത്തിക്കുന്നത്.
മത്വാഫിലേക്കുള്ള പ്രവേശനം ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രം
മക്ക: റമദാനില്‍ മക്കയില്‍ ഉണ്ടാകുന്ന കനത്ത തിരക്ക് പരിഗണിച്ച് മസ്ജിദുല്‍ ഹറമില്‍ മത്വാഫിലേക്കിള്ള പ്രവേശനം ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. മക്ക ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ഉത്തരവിട്ടു. ഉംറ കര്‍മ്മത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അനായാസം ത്വവാഫ് ചെയ്യുന്നതിനുളള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിര്‍ബന്ധ നമസ്‌കാരമൊഴികെയുള്ള സമയങ്ങളില്‍ കഅബക്ക് ചുറ്റും ത്വവാഫ് നിര്‍വ്വഹിക്കുന്ന ഭാഗമായ മത്വാഫിലേക്കും, ത്വവാഫിന് നിശ്ചയിക്കപ്പെട്ട ഹറമിലെ മുകളിലത്തെ നിലകളിലേക്കും പ്രവേശനം ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. മത്വാഫില്‍ വെച്ചുള്ള ഇഫ്താറിനും വിലക്കുണ്ട്. ഉംറ ഒഴികെയുള്ള മറ്റു കര്‍മ്മങ്ങള്‍ക്കെത്തുന്ന വിശ്വാസികള്‍ മത്വാഫ് ഒഴികെയുള്ള ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. മുന്‍ വര്‍ഷങ്ങളിലും റമദാനില്‍ മത്വാഫിലേക്കുള്ള പ്രവേശനം ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."