ദേശീയ പാതാ വികസനം: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി, സ്വാഗതം ചെയ്യുന്നു, അറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രി
ന്യു ഡല്‍ഹി: ദേശീയ പാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ദേശീയപാതാ വികസനത്തില്‍ കേരളത്തോട് വിവേചനം കാണിച്ചിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് കേരളത്തിലെ പ്രധാന വിഷയമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ളയടക്കമുള്ള നേതാക്കള്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരേ വാര്‍ത്തകള്‍ വന്നിരുന്നു.
. ഇതിനുപിന്നാലെയാണ് കേരളത്തെ ഒഴിവാക്കിയ തീരുമാനം കേന്ദ്രം റദ്ദാക്കിയത്
കേരളത്തിലെ ദേശീയപാത വികസനം ദേശീയപാത അതോറിറ്റിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദാക്കിയെന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്ന് അറിയുന്നതായും, വാര്‍ത്ത ശരിയെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായും ഗതാഗത മന്ത്രി ജി. സുധാകരന് പറഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കിയപ്പോള്‍ തന്നെ ദേശീയപാത വികസനത്തില്‍ ഏറെ മുന്നേറിയ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രിക്കും, ദേശീയപാത അതോറിറ്റി ചെയര്‍മാനും കത്തയച്ചിരുന്നു.
ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ദേശീയപാത അതോറിറ്റിയില്‍ നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് പിടിച്ചാല്‍ മാത്രമേ ദേശീയപാത വികസനം സാധ്യമാവുകയുള്ളൂ. 3എ വിഞ്ജാപനം പുറപ്പെടുവിച്ച എല്ലാ റീച്ചുകളിലും ദേശീയപാത അതോറിറ്റിക്ക് ടെന്‍ഡര്‍ വിളിക്കാവുന്നതാണ്. അങ്ങനെയാണെങ്കില്‍ രണ്ടുവര്‍ഷം കൊണ്ട് ദേശീയപാത വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും ജി സുധാകരന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."