HOME
DETAILS
MAL
കനിവ് 108ന് ഒരാണ്ട്; അടിയന്തിര സേവനമെത്തിച്ചത് 2.84 ലക്ഷം പേര്‍ക്ക്
backup
September 25 2020 | 03:09 AM
തിരുവനന്തപുരം: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108' പ്രവര്‍ത്തന സജ്ജമായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയായി. ഇക്കാലയളവില്‍ 2,83,984 പേര്‍ക്കാണ് കനിവ് അടിയന്തര സഹായമെത്തിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 മുതലാണ് ഈ ആംബുലന്‍സുകള്‍ ഓടിത്തുടങ്ങിയത്. കേരളത്തില്‍ 316 ആംബുലന്‍സുകളും 1300ല്‍ അധികം ജീവനക്കാരുമാണ് സേവനമനുഷ്ടിക്കുന്നത്.
293 കനിവ് 108 ആംബുലന്‍സുകളും ആയിരത്തിലധികം ജീവനക്കാരുമാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ കനിവ് 108 ആംബുലന്‍സുകളുടെ സേവനം തേടിയത്. ജില്ലയിലെ 38,298 ആളുകള്‍ കനിവിന്റെ സേവനം പ്രയോജനപ്പെടുത്തി. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സേവനം ഉപയോഗിച്ചത്. 5,108 പേര് മാത്രമാണ് ഒരു വര്‍ഷത്തിനിടയില്‍ വയനാട് സേവനം ഉപയോഗിച്ചത്.
ഒരു വര്‍ഷത്തിനിടയില്‍ 27 പ്രസവങ്ങള്‍ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്മാരുടെ പരിചരണത്തില്‍ നടന്നു. ഇതില്‍ കൊവിഡ് രോഗിയായ യുവതിയുടേത് ഉള്‍പ്പടെ 13 പ്രസവങ്ങള്‍ ആംബുലന്‍സുകള്‍ക്ക് ഉള്ളിലും 14 പ്രസവങ്ങള്‍ കനിവ് ജീവനക്കാരുടെ പരിചരണത്തില്‍ വീടുകളിലും മറ്റിടങ്ങളിലുമാണ് നടന്നത്.
1,75,724 ആളുകള്‍ക്ക് കൊവിഡ് അനുബന്ധ സേവനം എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്കായി. കോയമ്പത്തൂര്‍ ബസ് അപകടം, പെട്ടിമുടി ദുരന്തം, കോഴിക്കോട് വിമാനത്താവളത്തിലെ വിമാനാപകടം ഉള്‍പ്പടെ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ പല ദുരന്തമുഖത്തും കനിവ് 108 ആംബുലന്‍സുകളുടെ സേവനം പ്രശംസ പിടിച്ചുപറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."