HOME
DETAILS
MAL
ജോസ് പക്ഷത്ത് തിരിച്ചടി ഇടത്തേക്കില്ല: ജോസഫ് എം. പുതുശേരി പാര്‍ട്ടി വിട്ടു
backup
September 25 2020 | 03:09 AM
സ്വന്തം ലേഖകന്‍
കോട്ടയം: ഇടതുമുന്നണിയിലേക്ക് ചേക്കേറാനുള്ള നീക്കം ശക്തമാക്കിയതോടെ ജോസ് കെ. മാണി പക്ഷത്തു ''ഇല''കൊഴിച്ചില്‍ തുടങ്ങി. ജോസ് വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും യു.ഡി.എഫ് പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തിലാണ് നീക്കം. കൂടുതല്‍ നേതാക്കളെ അടര്‍ത്തിമാറ്റി ജോസ് കെ. മാണിയുടെ ചിറകരിയാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ഇടതുമായി യോജിച്ചു പോകാനുള്ള കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം ജോസഫ് എം. പുതുശേരി ജോസഫ് പക്ഷത്തേക്ക് മാറിയത് കോണ്‍ഗ്രസ് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ്.
എല്‍.ഡി.എഫിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ നീക്കം ആത്മഹത്യാപരമാണെന്നും കഴിഞ്ഞകാലങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ച പൊതുരാഷ്ട്രീയം ഒരു നിമിഷത്തിന്റെ പേരില്‍ തള്ളിക്കളയാനാകില്ലെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു. കെ.എം മാണിയെ നിയമസഭയിലും പുറത്തും തേജോവധം ചെയ്ത ഇടതുമുന്നണിക്കൊപ്പം ചേരാനുള്ള ജോസിന്റെ നീക്കം ക്രൂരമായ വിരോധാഭാസമാണ്. അവരുമായി കൈകോര്‍ക്കുന്നത് പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകില്ല. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത നിലപാട് സ്വീകരിച്ചാല്‍ ഒറ്റപ്പെടുകയേ ഉള്ളൂ. ഇതാണ് ജോസ് കെ. മാണിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും പുതുശേരി പറഞ്ഞു.
മുങ്ങാന്‍ പോകുന്ന കപ്പലിലേക്കാണ് ജോസ് കെ. മാണിയുടെ യാത്രയെന്നും രക്ഷപ്പെടാനായി ഇനിയും നേതാക്കളും പ്രവര്‍ത്തകരും പുറത്തു ചാടുമെന്നും പുതുശേരി വ്യക്തമാക്കി.
ജോസ് കെ. മാണിക്കു പുറമേ എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, തോമസ് ചാഴിക്കാടന്‍ എം.പി ഉള്‍പ്പെട്ട നാല്‍വര്‍ സംഘമാണ് ജോസ് പക്ഷത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പുതുശേരി അടക്കം മറ്റു നേതാക്കള്‍ക്കൊന്നും ചര്‍ച്ചകളിലും തീരുമാനങ്ങളിലും പങ്കില്ല.
ഇതോടെയാണ് യു.ഡി.എഫില്‍ നിന്ന് പുറത്തായപ്പോള്‍ ജോസ് പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഒരു വിഭാഗം പുതുശേരിയുടെ നേതൃത്വത്തില്‍ പി.ജെ ജോസഫ് പക്ഷത്തോടൊപ്പം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."