കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറും സംഘവും പരിശോധന നടത്തി
നിലമ്പൂര്‍: നിലമ്പൂരില്‍ അനുവദിച്ച നിര്‍ദിഷ്ട ഗവ. കോളജ് അടുത്ത അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്നതിനു മുന്നോടിയായി സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനു സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിദഗ്ധ സമിതി നിലമ്പൂരിലെത്തി.
കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. ചിത്രലേഖയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കോളജ് തുടങ്ങുന്ന ഗവ. മാനവേദന്‍ സ്‌കൂളിലെത്തിയത്. കോളജ് തുടങ്ങുന്നതിന് അടിയന്തിരമായി വേണ്ട അഞ്ച് ക്ലാസ് മുറികളും സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനു നഗരസഭ തയാറാണെന്നു ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് രേഖാമൂലം സമിതിക്ക് ഉറപ്പുനല്‍കി. കോളജുമായി ബന്ധപ്പെട്ടുള്ള മറ്റു നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പ്ലസ്ടു കഴിഞ്ഞിറങ്ങുന്ന മലയോര മേഖലകളിലെ കുട്ടികളുടെ ഉപരിപഠനത്തിനു നിലമ്പൂരില്‍ ഗവ. കോളജ് അനിവാര്യമാണെന്നും അനുകൂല റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കാനാകുമെന്നും സമിതി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കോളജുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചര്‍ച്ചയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതിയംഗങ്ങള്‍ പറഞ്ഞു. .
കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച കോളജ് തുടങ്ങുന്നതിന് കാലതാമസം നേരിട്ടപ്പോള്‍ കോളജ് സംരക്ഷണ സമിതി അംഗങ്ങളായ ജോസ് കെ. അഗസ്റ്റ്യന്‍, എം. മുജീബ് റഹ്മാന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നു. വാദംകേട്ട കോടതി കോളജ് തുടങ്ങുന്നതിന് എന്താണ് തടസമെന്ന് സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."