സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്ത് ബ്ലാക്ക് മെയിലിങിലൂടെ പണം തട്ടുന്ന സംഘം പിടിയില്‍
തിരുവനന്തപുരം: സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്ത് ബ്ലാക്ക് മെയിലിങിലൂടെ ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയിലായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. പേട്ട സ്വദേശി അനു(26), ശ്രീകാര്യം സ്വദേശി സാനു(19), കുമാരപുരം സ്വദേശിനി ദീപ(36), ചാക്ക സ്വദേശിനി ഷീബ(30) എന്നിവരാണ് പിടിയിലായത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ചാക്കയിലും കുമാരപുരത്തും രണ്ട് വീടുകള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് സ്ത്രീകളാണ് തട്ടിപ്പിന് പിന്നില്‍. സ്ത്രീകളില്‍ ഒരാള്‍ ടെലിഫോണിലൂടെ സംസാരിച്ച് പുരുഷന്‍മാരുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട് വീട്ടിലേക്ക് എത്തിക്കുകയും സംഘത്തിലുള്ള പുരുഷന്‍മാര്‍ ചേര്‍ന്ന് ഇയാളെ മര്‍ദിച്ച് കയ്യിലുള്ള മൊബൈല്‍ഫോണും പണവും തട്ടിയെടുക്കുകയും ചെയ്യും. പിന്നീട് സ്ത്രീകള്‍ക്കൊപ്പം ഇരുത്തി ഫോട്ടോയെടുത്ത് ചിത്രങ്ങള്‍ ബന്ധുക്കളെ കാണിക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.
ഓരോരുത്തരുടേയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് പണം ആവശ്യപ്പെടുന്നത്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഇവരുടെ കെണിയിലകപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. കുമാരപുരത്തിന് സമീപത്തെ വീട്ടില്‍ വിളിച്ചു വരുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ സൃഹൃത്ത് വഴി പൊലിസിനെ അറിയിക്കുകയായിരുന്നു. പണം വാങ്ങാനെത്തിയ സംഘത്തിലെ രണ്ട് പേരെ പിടികൂടിയശേഷമാണ് കുമാരപുരത്തെ വീട്ടിലെത്തി സ്ത്രീകളെ കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളുമായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. സമാന രീതിയില്‍ നിരവധി പേരെ തട്ടിപ്പിന് വിധേയരാക്കിയവരാണ് സംഘത്തിലുള്ളതെന്നും പൊലിസ് പറഞ്ഞു.
സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ പ്രമോദ് കുമാര്‍, കഴക്കൂട്ടം അസി. കമ്മിഷണര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."