സി.ഐ.ഡികള്‍ക്ക് സി.ഐ.ഡികളുടെ ഭാഷയുമുണ്ട്
'സി.ഐ.ഡികള്‍ക്ക് സി.ഐ.ഡികളുടേതായ വഴികളുണ്ട്' എന്ന ശ്രീനിവാസന്‍ ഡയലോഗ് ഒരുകാലത്ത് സഹൃദയകേരളം നന്നായി ആസ്വദിച്ചതാണ്. ഒരു തമാശ ഡയലോഗായാണ് ഇതിനെ പലരും കണ്ടതെങ്കിലും അതിലിത്തിരി കാര്യമുണ്ട്. ഓരോ അന്വേഷണ ഏജന്‍സിക്കും അവരുടേതായ അന്വേഷണവഴികളുണ്ട്. വഴികള്‍ മാത്രമല്ല ഭാഷയുമുണ്ട്. അവര്‍ പരസ്പരം ഉപയോഗിക്കുന്ന പദങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസിലാവില്ല.
അവര്‍ക്കു മാത്രമല്ല, പൊതു മാതൃഭാഷയുള്ളൊരു സമൂഹത്തില്‍ തന്നെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് അവരുടേതായ ഭാഷകള്‍ കാണും. ആദിവാസി ഊരുകളില്‍ പ്രയോഗത്തിലുള്ള ഭാഷ സമതലവാസികള്‍ക്ക് പരിചിതമല്ല. കോഴിക്കോട്ടെ മാപ്പിള ഖലാസികള്‍ തൊഴില്‍ വേളയില്‍ പറയുന്ന ഭാഷ അവര്‍ക്കല്ലാതെ സാധാരണ കോഴിക്കോടന്‍ മാപ്പിളമാരടക്കം ഭൂലോകത്തെ മറ്റാര്‍ക്കും പിടികിട്ടില്ല.
നമ്മുടെ സര്‍ക്കാരിനുമുണ്ട് സര്‍ക്കാരിന്റേതായ ഭാഷ. വനിതകളുടെയും കുട്ടികളുടെയുമൊക്കെ ക്ഷേമം സര്‍ക്കാര്‍ രേഖകളില്‍ 'വനിതാവികസനം' എന്നും 'ശിശുവികസനം' എന്നുമൊക്കെയാണ്. സ്ത്രീകളെയും കുട്ടികളെയുമൊക്കെ എന്തെങ്കിലും മരുന്നുകൊടുത്ത് തടിപ്പിച്ചെടുക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇതൊക്കെ കാണുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് തോന്നിപ്പോയേക്കാമെങ്കിലും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് അതൊന്നുമല്ല. മനുഷ്യ മൃതദേഹത്തിന് പൊലിസ് ഭാഷയില്‍ പറയുന്നത് 'പ്രേതം' എന്നാണ്. അതുപോലെ പൊതു ഭാഷാവ്യവഹാരത്തില്‍ തീരെയില്ലാത്ത 'ടിയാന്‍', 'മേപ്പടിയാന്‍' എന്നീ പദപ്രയോഗങ്ങളും സര്‍ക്കാര്‍ രേഖകളില്‍ ധാരാളം കാണാം.
അതുപോലെയായിരിക്കണം കഴിഞ്ഞ ദിവസം മന്ത്രി എ.കെ ബാലന്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച പട്ടികജാതിക്കാര്‍ക്കുള്ള ഭവനിര്‍മാണ പദ്ധതിയെന്നു തോന്നുന്നു. സര്‍ക്കാര്‍ അതു പ്രഖ്യാപിച്ചിരിക്കുന്നത് 'പട്ടികജാതി സങ്കേതങ്ങളുടെ' നിര്‍മാണ ഉദ്ഘാടനം എന്ന പേരിലാണ്. സാധാരണ പക്ഷികള്‍ക്കും വന്യജീവികള്‍ക്കുമൊക്കെയാണ് ഇങ്ങനെ 'സങ്കേതങ്ങള്‍' ഉണ്ടാക്കുന്നത്. പട്ടികജാതിക്കാരുടെ വാസകേന്ദ്രങ്ങള്‍ക്ക് മറ്റു ജീവികളുടെ ആവാസകേന്ദ്രത്തിന്റെ പേരു നല്‍കിയത് നമ്മുടെ പാരമ്പര്യവും സംസ്‌കാരവുമൊക്കെ സംരക്ഷിക്കാനുള്ള അതിയായ താല്‍പര്യം കൊണ്ടാണോ എന്നറിയില്ല. അങ്ങനെയാണല്ലോ നമ്മുടെ നാട്ടുനടപ്പ്. പണ്ടുകാലത്തൊക്കെ അവര്‍ണര്‍ക്ക് സംസ്‌കൃത പേരുകളോ ശുദ്ധ മലയാള പേരുകളോ ഇടാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവരുടെയിടയില്‍ കൃഷണന്‍ കണ്ടനും ശ്രീദേവി ചിരുതേയിയുമൊക്കെയായി മാറിയത്. വേദം കേള്‍ക്കുന്ന അവര്‍ണരുടെ ചെവിയിലൊഴിക്കാന്‍ ഈയമുരുക്കിയ ആര്‍ഷഭാരത സംസ്‌കാരത്തില്‍ നിന്ന് വളം വലിച്ചെടുത്താണ് കേരളീയ സംസ്‌കാരമെന്നു പറയപ്പെടുന്ന സംഗതിയും വളര്‍ന്നത്. നാടിന്റെ സംസ്‌കാരം സംരക്ഷിക്കപ്പെടണമെന്ന് ഒരു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ.
ഇനിയിപ്പോള്‍ മൊത്തത്തില്‍ തന്നെ വസതികളുടെ ഔദ്യോഗിക നാമം സങ്കേതം എന്നാക്കി മാറ്റാന്‍ അടുത്ത കാലത്തെങ്ങാനും സര്‍ക്കാര്‍ തീരുമാനമെടുത്തോ എന്നുമറിയില്ല. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയുടെ വസതിയുടെ പേര് ക്ലിഫ് സങ്കേതമെന്നും പ്രതിപക്ഷനേതാവിന്റെ വസതിയുടേത് കന്റോണ്‍മെന്റ് സങ്കേതമെന്നും മന്ത്രി ബാലന്റെ വസതിയുടെ പേര് പമ്പ സങ്കേതമെന്നുമൊക്കെയായി മാറിക്കാണണം. ഈ നശിച്ച കൊറോണ കാരണം തിരുവനന്തപുരത്തു പോയിട്ട് കാലം കുറച്ചായി. അതുകൊണ്ട് അവിടെ നടക്കുന്ന പുതിയ കാര്യങ്ങളൊന്നും അറിയുന്നില്ല.
സൗഹാര്‍ദം പൂത്തുലയുന്ന
നിയമസഭ
നിങ്ങളുടെ വീട്ടില്‍ ഒരു മോഷണം നടന്നെന്ന് കരുതുക. മിക്ക നാട്ടിലും ഒരു കള്ളനുണ്ടാകും. ചിലപ്പോള്‍ അത് പരിചയമുള്ള ആള്‍ തന്നെയായാവാം. പൊലിസില്‍ പരാതികൊടുത്താല്‍ അവരയാളെ പിടികൂടിയേക്കും. പൊലിസിന്റെ രീതിയനുസരിച്ച് നന്നായൊന്ന് ഇക്കിളിയാക്കിക്കൊണ്ടായിരിക്കും ചോദ്യം ചെയ്യുന്നതും കുറ്റം തെളിയിക്കുന്നതുമൊക്കെ. ഇതൊക്കെ അനുഭവിച്ചുകഴിഞ്ഞാല്‍ പിന്നെ പരാതി കൊടുത്ത നിങ്ങളോട് അയാള്‍ക്ക് വിരോധം തോന്നാന്‍ സാധ്യതയേറെയാണ്.
ഇത് മോഷണത്തിന്റെ മാത്രം കാര്യമല്ല. മറ്റേതു കുറ്റകൃത്യങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് തനിക്ക് വ്യക്തിപരമായ നഷ്ടമൊന്നുമില്ലാത്ത പൊതുമുതല്‍ നശിപ്പിക്കല്‍ പോലുള്ള ചിലതു കണ്ടാല്‍ എന്തിനു വെറുതെ വയ്യാവേലി തലയിലേറ്റുന്നു എന്നു കരുതി പലരും പരാതിപ്പെടാനോ വ്യവഹാരത്തിനു നില്‍ക്കാനോ സാക്ഷിപറയാനോ ഒന്നും മുതിരാത്തത്. അതാരുടെയും കുറ്റമല്ല. നല്ല മനസുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്.
2015 മാര്‍ച്ച് 13ന് കേരള നിയമസഭയിലുണ്ടായ കൈയാങ്കളിയുടെ കാര്യത്തില്‍ നിലവിലെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനു കാരണവും അതുതന്നെയാണ്. സഭയിലെ കംപ്യൂട്ടറും കസേരയുമൊക്കെ ചില അംഗങ്ങള്‍ തല്ലിത്തകര്‍ത്തെന്നു കരുതി അവരെ കേസില്‍ കുടുക്കി ചുമ്മാ മനസു വേദനിപ്പിക്കേണ്ടതുണ്ടോ? അതു വേണ്ടെന്നു കരുതിയാണ് ആ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ കോടതിയിലെത്തിക്കഴിഞ്ഞ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മാത്രം തീരുമാനിച്ചാല്‍ പോരല്ലോ. അതുകൊണ്ടാണ് അതിനു കോടതിയില്‍ ഹരജി നല്‍കിയത്. സഭയിലെ അംഗങ്ങളുടെ കൂട്ടായ സഹകരണവും സൗഹൃദവും നിലനിര്‍ത്തേണ്ടത് പൊതുതാല്‍പര്യമായതിനാല്‍ കേസ് പിന്‍വലിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്തൊരു ഹൃദയവിശാലത. തന്നെ ആക്രമിച്ചവരെ പോലും സ്‌നേഹിച്ച ഗാന്ധിജിയാണല്ലോ നമ്മുടെ ഏറ്റവും മികച്ച രാഷ്ട്രീയമാതൃക.
മാത്രവുമല്ല രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളുമൊക്കെ പൂപോലെ ലോലമായ മനസുള്ളവരാണ്. ചെറിയൊരു ചുടുകാറ്റേറ്റാല്‍ പോലും അവരുടെ മനസു നോവും. ജനപ്രതിനിധികളുടെ മനസു നൊന്താല്‍ അവരെ തെരഞ്ഞെടുത്തയച്ചവരും സങ്കടപ്പെടും. അതുകൊണ്ടാണ് 'പൊതുതാല്‍പര്യം' എന്ന് ഹരജിയില്‍ ഊന്നിപ്പറഞ്ഞത്. പിന്നെ നിയമസഭ സൗഹാര്‍ദം പൂത്തുലയുന്ന മലര്‍വാടിയുമാണ്. എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്‍ സഭയില്‍ വരുമ്പോള്‍ ആ സൗഹാര്‍ദത്തിന്റെ കെട്ടുറപ്പ് പ്രകടമാവാറുമുണ്ട്. അതെന്തൊക്കെയായാലും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ ന്യായങ്ങള്‍ കോടതി അംഗീകരിച്ചില്ല.
പിന്നെ ബൂര്‍ഷ്വാ പാര്‍ലമെന്ററി സമിതികളെ കമ്യൂണിസ്റ്റുകാര്‍ വര്‍ഗസമര വേദികളാക്കണമെന്ന് പണ്ടുതന്നെ ആചാര്യന്‍ ലെനിന്‍ പറഞ്ഞിട്ടുമുണ്ടല്ലോ. നിയമസഭയില്‍ ഇതു നടന്ന കാലത്ത് കേരളം ഭരിച്ചിരുന്നത് കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസുമൊക്കെയടങ്ങിയ ശുദ്ധ ബൂര്‍ഷ്വാസികളാണ്. പ്രതിപക്ഷത്തിരുന്നത് വര്‍ഗസമരം ജീവവായുവായി കരുതുന്ന തൊഴിലാളിവര്‍ഗ പ്രതിനിധികളായ കമ്യൂണിസ്റ്റ് നേതാക്കളും. അവരൊരു വര്‍ഗസമരം നടത്തിനോക്കിയതാണ്. തൊഴിലാളിവര്‍ഗത്തിന്റെ ആജന്മ ശത്രുക്കളായ ബൂര്‍ഷ്വാ ഭരണപക്ഷം അതിന്റെ പേരില്‍ കേസെടുത്തു. അതുകൊണ്ടൊന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന് ബൂര്‍ഷ്വാ വിഡ്ഢികള്‍ക്ക് അറിയില്ലല്ലോ. ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനമല്ലേ അത്.
ഇനിയിപ്പോള്‍ നാട്ടിലാരെങ്കിലും പൊതുമുതലുകള്‍ നശിപ്പിക്കുന്നതു കണ്ടാല്‍ ആരും പൊലിസില്‍ പരാതി നല്‍കാനൊന്നും പോയെന്നു വരില്ല. നാട്ടില്‍ കൂട്ടായ സഹകരണവും സൗഹൃദവും നിലനിര്‍ത്തേണ്ടത് നാട്ടുകാരുടെയും ആവശ്യമാണല്ലോ. മാത്രമല്ല കേരളീയരില്‍ ബഹുഭൂരിപക്ഷവും വര്‍ഗസമരം വിജയിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരുമാണ്. ഒരു സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ മാതൃകയാക്കുന്ന ജനതയെ കുറ്റം പറയാനാവില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."