ഡോക്ടര്‍മാരുടെ കുറവ്; സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളുടെ താളംതെറ്റുന്നു
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറവ് മൂലം സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ പ്രതിസന്ധിയില്‍. രാത്രികാല സേവനത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഭൂരിഭാഗം ആശുപത്രികളിലും കിടത്തി ചികിത്സ ലഭ്യമാകുന്നില്ല.
കര്‍ക്കിടക മാസത്തിലെ സുഖ ചികിത്സ തേടി സ്വകാര്യ ആയുര്‍വേദ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന ചികിത്സ നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്നു. ആകെയുള്ള 127 സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ 52 എണ്ണത്തില്‍ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. അതിനാല്‍ത്തന്നെ രാത്രികാല സേവനങ്ങള്‍ ലഭ്യമല്ല.
ആയുര്‍വേദ വിഭാഗത്തെ ആയുഷ് വകുപ്പിലുള്‍പ്പെടുത്തിയതോടെ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ജോലിഭാരം ഏറെയുള്ള ഡോക്ടര്‍മാര്‍ ജില്ല,താലൂക്ക്, പഞ്ചായത്ത്് തലത്തില്‍ സംഘടിപ്പിക്കുന്ന വിവിധ ചടങ്ങുകളില്‍ കൂടി പങ്കെടുക്കേണ്ടി വരുന്നു. ഇത് മൂലം രോഗികള്‍ക്കൊപ്പം ഡോക്ടര്‍മാരും ഏറെ ബുദ്ധിമുട്ടുന്നു. ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴില്‍ വരുന്ന വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നതിനും ഇതിനിടെ ഡോക്ടര്‍മാര്‍ സമയം കണ്ടെത്തേണ്ടിവരുന്നു.
സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളില്‍ ദിവസേന ശരാശരി 50 മുതല്‍ 200 വരെ രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവരില്‍ പലര്‍ക്കും കിടത്തി ചികിത്സ ആവശ്യമാണെങ്കിലും ഡോക്ടര്‍മാര്‍ അതിന് തയ്യാറാവുന്നില്ല.
രാത്രികാല സേവനം ലഭ്യമല്ലാത്തതിനാലാണിത്. പക്ഷാഘാതം ബാധിച്ച രോഗികളുള്‍പ്പെടെ ഉയര്‍ന്ന നിരക്ക് നല്‍കി സ്വകാര്യ ആയുര്‍വേദ ആശുപത്രികള്‍ തേടിപ്പോകേണ്ട അവസ്ഥയാണുള്ളത്. എല്ലാ ആയുര്‍വേദ ആശുപത്രികളിലും റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ തസ്തിക സൃഷ്ടിക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂവെന്നാണ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ വാദിക്കുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം അസോസിയേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആയുര്‍വേദത്തെ ആയുഷ് വകുപ്പിന് കീഴിലാക്കി പ്രത്യേക വിഭാഗമാക്കി മാറ്റിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്.
ആയുര്‍വേദം ആയുഷ് വകുപ്പിന് കീഴിലായതോടെ ഭാരതീയ പാരമ്പര്യ ചികിത്സാ വിഭാഗത്തിന് ലഭിക്കുന്ന പ്രോത്സാഹനവും കൂടുതല്‍ സാമ്പത്തിക സഹായവും കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. ഈ സാധ്യത പ്രയോജനപ്പെടുത്തി ആയുര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കി കിടത്തി ചികിത്സ ഉള്‍പ്പെടെ ലഭ്യമാക്കി മുഴുവന്‍സമയ സേവത്തിനുള്ള പദ്ധതി തയാറാക്കുകയാണ് വേണ്ടതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."