കോഴിക്കോടിന് മുന്‍ കലക്ടറുടെ സ്‌നേഹോപഹാരം
കോഴിക്കോട്: പ്രളയദുരന്തത്തിലകപ്പെട്ട തന്റെ പഴയ കര്‍മമണ്ഡലത്തിനു കൈത്താങ്ങുമായി മുന്‍ കലക്ടര്‍ ഡോ. പി.ബി സലീമും ടീമും. ഇവര്‍ സമാഹരിച്ച സാധനസാമഗ്രികള്‍ ഇന്നലെ രാവിലെ കൊല്‍ക്കത്തിയില്‍നിന്ന് കോഴിക്കോട്ടെത്തി. സലീം കലക്ടറായി ജോലി ചെയ്ത ബംഗാളിലെ വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച വസത്രമുള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇന്നലെ എത്തിയത്.
കൊല്‍ക്കത്തയോട് ചേര്‍ന്ന ദക്ഷിണ പര്‍ഗ്‌നസ് ജില്ലയിലെ വസ്ത്ര നിര്‍മാതാക്കളില്‍നിന്ന് 70 ലക്ഷം വിലവരുന്ന 28,232 പുതിയ വസ്ത്രങ്ങളാണ് ലഭിച്ചത്. 269 ബോക്‌സുകളില്‍ മരുന്നുകളും 72 ബോക്‌സുകളിലായി സാനിറ്ററി വസ്തുക്കളുമുണ്ട്.
നാദിയ, ബര്‍ധമാന്‍ ജില്ലകളില്‍നിന്ന് 'റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍' 66 മെട്രിക് ടണ്‍ പുഴുങ്ങലരിയും നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഡ്രഗ്‌സ് ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ 25 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും മറ്റു സാധനങ്ങളുമാണു നല്‍കിയിത്.
ഏഴു പ്രത്യേക ബോഗികളിലായി 140 മെട്രിക് ടണ്‍ സാധനങ്ങളാണ് ഇന്നലെ കോഴിക്കോട്ടെത്തിയത്. 16 ടണ്‍ സാധനങ്ങള്‍ കപ്പല്‍ വഴി കൊച്ചിയിലേക്കും അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് കലക്ടര്‍ ആയിരിക്കെ തുടങ്ങിവച്ച 'ഏയ്ഞ്ചല്‍സ് ' പ്രവര്‍ത്തകരോട് കൃത്യമായും അര്‍ഹതപെട്ടവരുടെ കൈകളിലേക്ക് സഹായം എത്തിക്കാന്‍ പി.ബി സലീം ഫേസ്ബുക്കില്‍ അഭ്യര്‍ഥിച്ചിട്ടുമുണ്ട്.
മലയാളികളായ ബിജിന്‍ ഐ.എ.എസ്, ആയിഷ റാണി ഐ.എ.എസ് എന്നിവരും പി.ബി സലീമിനൊപ്പം പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ വിവിധ മലയാളി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സാധനങ്ങള്‍ സ്വരൂപിക്കുകയും പാക്ക് ചെയ്യുകയും ചെയ്തത്.
റെയില്‍ മാര്‍ഗം അയച്ച 700 ചാക്ക് അരി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി.
എയ്ഞ്ചല്‍സ് പ്രവര്‍ത്തകരായ ഡോ. മെഹ്‌റൂഫ് രാജ്, ഡോ. പി.പി വേണുഗോപാല്‍, ഡോ. അജില്‍ അബ്ദുല്ല, ഡോ. മനോജ് കാലൂര്‍, കെ.ബിനോയ്, കെ.പി മുസ്തഫ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."