മുസഫര്‍ നഗര്‍ കലാപ ഇരകള്‍ക്ക് തണലൊരുങ്ങി
ന്യൂഡല്‍ഹി: 2013ലെ മുസഫര്‍ നഗര്‍ കലാപ ഇരകള്‍ക്ക് തലചായ്ക്കാന്‍ ഇനി ബൈതുര്‍റഹ്മയുടെ തണല്‍. മുസ്‌ലിം ലീഗിന്റെ അഭിമാന പദ്ധതിയായ ബൈതുര്‍റഹ്മയുടെ കീഴില്‍ 61 വീടുകളാണ് കലാപത്തിന് ഇരകളായവര്‍ക്കായി നിര്‍മിക്കപ്പെട്ടത്. മുസഫര്‍ നഗര്‍ ജില്ലയിലെ മണ്ഡുവാഡ ഗ്രാമത്തില്‍ ശിഹാബ് തങ്ങള്‍ നഗര്‍ ബൈതുര്‍റഹ്മ ഹൗസിങ് കോംപ്ലക്‌സ് എന്ന പേരിലാണ് ഭവന പദ്ധതി തയാറായിരിക്കുന്നത്. അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയായിവരുന്ന പദ്ധതി അതിന്റെ അര്‍ഹര്‍ക്ക് വ്യാഴാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറും.
ഏറ്റവും അര്‍ഹരായവരെ പ്രാദേശിക ലീഗ് ഭാരവാഹികളുടെ സഹായത്തോടെ കണ്ടെത്തിയാവും പുനരധിവസിപ്പിക്കുക. ലീഗിന്റെ ദേശീയ നേതാക്കളും ഉത്തര്‍പ്രദേശ് സംസ്ഥാന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. ഭവന പദ്ധതിയുടെ ഉപഭോക്താക്കളായവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഹൈദരലി തങ്ങള്‍ നിര്‍വഹിക്കും. ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് രണ്ട് യൂനിറ്റുകളിലായാണ് ഓരോ വീടും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടു മുറികള്‍, കുളിമുറി, കക്കൂസ്, അടുക്കള എന്നിവ അടങ്ങിയതാണ് ഓരോ വീടും. വീടുകളിലെ കുട്ടികള്‍ക്കു വിശ്രമിക്കാനും വിനോദത്തിലേര്‍പ്പെടാനും ചെറിയ പാര്‍ക്കും ഇതോടനുബന്ധിച്ചിട്ടുണ്ട്.
നിലവില്‍ ആയിരത്തോളം വീടുകളാണ് കേരളത്തില്‍ മുസ്‌ലിംലീഗ് ബൈത്തുര്‍റഹ്മ പദ്ധതിക്കു കീഴില്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ രൂപഘടനയെല്ലാം സമാനമാണെങ്കിലും ഇതില്‍ നിന്നു വ്യത്യസ്തമാണ് മുസഫര്‍ നഗറിലേത്. കേരളത്തിനു പുറത്തു ലീഗ് ആവിഷ്‌കരിച്ചു നടപ്പാക്കിയ ഏറ്റവും വലിയ കാരുണ്യ പദ്ധതിയും ശിഹാബ് തങ്ങള്‍ നഗര്‍ ബൈതുര്‍റഹ്മ ഹൗസിങ് കോംപ്ലക്‌സ് ആണ്. ഇതിനു മുന്‍പ് അസമില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സഹായത്തോടെ മുസ്‌ലിം ലീഗ് വിദ്യാഭ്യാസ പദ്ധതികള്‍ക്കു തുടക്കംകുറിച്ചിരുന്നു.
മുസഫര്‍ നഗറില്‍ വ്യാഴാഴ്ച തറക്കല്ലിടുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അസം മാതൃകയില്‍ ഇവിടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമാവും.
2013 ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ മുസഫര്‍ നഗര്‍ ജില്ലയിലുണ്ടായ കലാപത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയുംചെയ്തിരുന്നു. അരലക്ഷത്തിലേറെ പേരാണ് കലാപംമൂലം ഭവനരഹിതരായത്. കഴിഞ്ഞ പതിറ്റാണ്ടിനിടെ യു.പി കണ്ട ഏറ്റവും രൂക്ഷമായ വര്‍ഗീയ കലാപം നടന്ന ഉടന്‍ തന്നെ അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചിരുന്നു. കലാപ ബാധിത പ്രദേശങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ച സംഘം വീടും സ്വത്തും നഷ്ടപ്പെട്ടു അഭയാര്‍ഥി ക്യാംപുകളില്‍ കഴിഞ്ഞ ഇരകളെ കണ്ട് അവരുടെ സങ്കടങ്ങളില്‍ പങ്കുകൊള്ളുകയുംചെയ്തിരുന്നു. നിസഹായരായ ഇരകളുടെ ദൈന്യത നേരില്‍ക്കണ്ട ലീഗ് നേതാക്കള്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
തൊട്ടടുത്ത വര്‍ഷം തന്നെ ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂത്തിയാക്കി. അടുത്ത വര്‍ഷം ജൂണില്‍ തന്നെ ശിലാസ്ഥാപനവും നടന്നു. കേരളത്തില്‍ നിന്നുള്ള കെട്ടിട നിര്‍മാതാക്കള്‍ ഉത്തര്‍പ്രദേശിലെ തനതു ശൈലി അനുകരിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഉവൈസ് ചേലേമ്പ്ര, അശ്‌റഫ് രാമനാട്ടുകര, വാജിദ് കൊയിലാണ്ടി എന്നിവര്‍ മുസഫര്‍ നഗറില്‍ തങ്ങിയാണ് നിര്‍മാണച്ചുമതല നിരീക്ഷിക്കുന്നത്. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബശീര്‍ മാസത്തില്‍ രണ്ടു മൂന്നു തവണയെങ്കിലും മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചു നിര്‍മാണത്തിന്റെ മേല്‍നോട്ടചുമതല നിര്‍വഹിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."