സിനിമാ ശാലകള്‍ തുറക്കുന്നു, ഘട്ടം ഘട്ടമായി സ്‌കൂളുകളും കോളേജുകളും
ന്യുഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവിന്റെ അഞ്ചാം ഘട്ടത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പിന്നീട് വ്യക്തമാക്കും. സ്വിമ്മിങ് പൂളുകളും തുറക്കാന്‍ അനുമതി നല്‍കുന്നുണ്ട്.
സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് വേണം ക്ലാസുകള്‍ പ്രവര്‍ത്തിക്കാനെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാലയങ്ങള്‍ തുറക്കല്‍ ഘട്ടംഘട്ടമായി നടപ്പാക്കും. സ്‌കൂളുകളുമായി ചര്‍ച്ച നടത്തി തീരുമാനിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കണം. ക്ലാസില്‍ ഹാജരാവാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസില്‍ പങ്കെടുപ്പിക്കാവൂ. ഹാജര്‍ നിര്‍ബന്ധമാക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഇവരുടെ കൂടി അനുമതി വാങ്ങി വേണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ തീരുമാനമെടുക്കാന്‍. വിദൂര വിദ്യഭ്യാസവും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും അവസരം ലഭ്യമാക്കണം. സയന്‍സ് വിഷയങ്ങളില്‍ പിജി, പി.എച്ച്.ഡി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബര്‍ 15 മുതല്‍ അവസരം നല്‍കണം.
അതേ സമയം കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സിനിമ ശാലകളും എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകളും തുറക്കാം. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ ആള്‍ക്കൂട്ടങ്ങള്‍ക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചു. അടച്ചിട്ട മുറിയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ പേരെ അനുവദിക്കരുത്. തുറസായ സ്ഥലത്ത് മൈതാനത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ അനുവദിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."