ആംബുലന്‍സ് പൊട്ടിത്തെറിച്ച സംഭവം: തെളിവെടുപ്പ് നടത്തി
കുട്ടനാട്: ചമ്പക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ആംബുലന്‍സ് കത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘം തെളിവെടുപ്പ് നടത്തി.
ജില്ലാ ഫോറന്‍സിക് സയന്റിഫിക് ഓഫിസര്‍ ആര്‍.ആര്‍. രഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശേഖരിച്ച തെളിവുകള്‍ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കയച്ചു.പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് സയന്റിഫിക് ഓഫിസര്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് കിട്ടും.
വാഹനത്തിലുണ്ടായ സ്പാര്‍ക്ക് മൂലമാണ് സിലിന്‍ഡറിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അത്യാസന്ന നിലയിലായ രോഗിയെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് ആലപ്പുഴയില്‍ നിന്നെത്തിയത്. വാഹനത്തില്‍ രോഗിയെ കയറ്റി ഓക്‌സിജന്‍ നല്‍കാന്‍ തുടങ്ങിയതിനു പിന്നാലെ ഓക്‌സിജന്‍ സിലിന്‍ഡറിന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ ശബ്ദത്തോടെ വാഹനം പൊട്ടിത്തെറിച്ചു.
അപകടത്തില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും അഞ്ച് ബൈക്കുകളും ഓട്ടോയും രണ്ടു കടകളും കത്തി നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."