ആറു ജില്ലകളില്‍ കലക്ടര്‍മാരുടെയും എ.ഡി.എമ്മുമാരുടെയും അധികാരം വെട്ടിക്കുറച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആറു ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരുടെയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരുടെയും (എ.ഡി.എം) അധികാരം വെട്ടിക്കുറച്ചു. ഇവിടങ്ങളില്‍ ഒരു വര്‍ഷത്തേക്ക് എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ച് ജില്ലാ വികസന കമ്മിഷണര്‍മാരായി ആറ് ഐ.എ.എസുകാരെ നിയമിച്ചു.
വന്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിസഭായോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് ആറു പേരെ കലക്ടര്‍ക്കു തുല്യമായ പദവിയില്‍ നിയമിച്ചത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം. നിലവില്‍ കലക്ടര്‍മാരെ കൂടാതെ ഐ.എ.എസുകാര്‍ സബ് കലക്ടര്‍മാരോ അസിസ്റ്റന്റ് കലക്ടര്‍മാരോ ആയി ഉണ്ട്.
ഇപ്പോള്‍ കലക്ടര്‍ക്കു തുല്യ പദവിയില്‍ ജൂനിയര്‍ ഐ.എ.എസുകാരെയാണ് നിയമിച്ചത്. ജില്ലാ തലത്തില്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഇവരെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കലക്ടര്‍മാര്‍ക്ക് ജോലിഭാരം കൂടുതലാണെന്നും പല വിഷയങ്ങളില്‍ ഇടപെടേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പ്, ദുരിതാശ്വാസ പ്രവര്‍ത്തനം പ്രകൃതി ദുരന്തം, ക്രമസമാധാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതിനാല്‍ സമയക്കുറവുണ്ടാകുമെന്നും അതിനാലാണ് ജില്ലാ വികസന കമ്മിഷണര്‍ തസ്തിക സൃഷ്ടിച്ച് നിയമനമെന്നും ഉത്തരവിലുണ്ട്. എക്‌സ് കേഡര്‍ തസ്തികയില്‍ നിയമിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍മാര്‍ക്കു നല്‍കിയ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."