ചാലിയാറിനു നഷ്ടപരിഹാരം വേണം; നഷ്ടം കണക്കാക്കാന്‍ ഉദ്യോഗസ്ഥരേയും
മലപ്പുറം: ഉരുള്‍പൊട്ടലില്‍ ഏറെ നഷ്ടങ്ങളുണ്ടായ ചാലിയാര്‍ പഞ്ചായത്തിനു നഷ്ടപരിഹാരം വേണം. അതു ആര്‍ക്ക്, എത്രയൊക്കെയെന്നു കണക്കുകൂട്ടാന്‍ ആദ്യം ഉദ്യോഗസ്ഥരേയും വേണം. 62 കുടുംബങ്ങള്‍ക്കാണ് ഈ പഞ്ചായത്തില്‍ വീടും സ്ഥലവും ഉരുള്‍പൊട്ടലില്‍ ഇല്ലാതായത്. വീടും സ്ഥലവും നല്കി പുനരധിവാസ പ്രക്രിയ ത്വരിതപ്പെടുത്താന്‍ ഇവിടെ ഓവര്‍സിയര്‍മാരില്ല. രണ്ടു പോസ്റ്റ് ഒഴിഞ്ഞുകിടന്നിട്ടു മാസങ്ങളായി.
അടിയന്തരമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ മലപ്പുറത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആവശ്യമുന്നയിച്ചു. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെ ഒരുമാസത്തേക്ക് താല്കാലികമായി നിയമിക്കുന്നത് ഉചിതമാകുമെന്നു മന്ത്രി പറഞ്ഞു.
ജില്ലയിലെ വിവിധ ഉദ്യോഗസ്ഥരെ തെക്കന്‍ കേരളത്തിലേക്ക് താല്കാലികമായി മാറ്റിനിയമിച്ചിരിക്കുകയാണ്. എന്നാല്‍ ചാലിയാര്‍ പോലുള്ള ജില്ലയിലെ ഏറെ ദുരന്തബാധിത പ്രദേശങ്ങളിലും ആവശ്യമായ ബദല്‍ സംവിധാനം കാണേണ്ടതാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."