ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി
ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണി ഇന്നലെ വ്യാപാരത്തിന് തുറന്നുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതര്‍ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരമൊരു ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
ലണ്ടന്‍ സമയം രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്. ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ.എം അബ്രഹാം എന്നിവരും പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൊന്നാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. 60 രാഷ്ട്രങ്ങളിലെ 2,600ലധികം കമ്പനികള്‍ ഇതിന്റെ ഭാഗമാണ്. വിപണി തുറന്നുകൊടുത്തശേഷം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി.
മസാല ബോണ്ട്
ഇന്ത്യന്‍ കറന്‍സിയില്‍ വിദേശ രാജ്യങ്ങളില്‍ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്നു പറയുന്നത്. സംസ്ഥാനത്തെ പശ്ചാത്തല സൗകര്യവികസനത്തിന് പണം സമാഹരിക്കാനാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. ഇന്ത്യന്‍ രൂപയും വിദേശ കറന്‍സിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കില്‍ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് ഇതിന്റെ നേട്ടം. ബോണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കാണ് ഇതിന്റെ റിസ്‌ക്. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ ആദ്യഘട്ടത്തില്‍ 3,500 കോടി രൂപ വിദേശവിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനിച്ചത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.
പശ്ചാത്തല സൗകര്യ വികസനത്തിന്
പണം തടസമല്ല: പിണറായി
വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി ഒരിക്കലും തടസമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ കേരളം പിറകിലാണെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. സുഗമമായി വ്യവസായം നടത്തുന്നതിനുള്ള നയപരമായ ചട്ടക്കൂട് സര്‍ക്കാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. അതനുസരിച്ച് നിയമങ്ങളിലും ഭരണ നടപടികളിലും മാറ്റം വരുത്തി, നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാക്കാന്‍ ഇതിനകം ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. വ്യവസായങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അനുമതി നല്‍കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. വ്യവസായം രജിസ്റ്റര്‍ ചെയ്യും മുമ്പുള്ള ഉദ്യോഗസ്ഥ പരിശോധന ഒഴിവാക്കി. റിട്ടേണുകള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാം.
കേരളത്തില്‍ വ്യവസായരംഗത്ത് മുതല്‍മുടക്കാന്‍ വരുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് നല്ല പരിഗണന ലഭിക്കും. എന്നാല്‍ വ്യവസായവല്‍ക്കരണം പരിസ്ഥിതിയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും ജനക്ഷേമകരമായ നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."