പകര്‍ച്ചവ്യാധി പ്രതിരോധം ഡോക്‌സി വാഗണ്‍ പര്യടനം തുടങ്ങി
കൊല്ലം: പകര്‍ച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഡോക്‌സി വാഗണ്‍ കൊല്ലം ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി സജ്ജമാക്കിയ വാഹനത്തിന്റെ യാത്ര കലക്ടറേറ്റ് വളപ്പില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി പകര്‍ച്ചരോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക ലക്ഷ്യമിട്ടാണു പര്യടനം. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വാഹനത്തിന്റെ യാത്ര.
രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും വിശദമാക്കുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തിലുണ്ട്. രോഗം വരാതിരിക്കാന്‍ ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, പരിസര ശുചിത്വത്തിന്റെ പ്രാധാന്യം തുടങ്ങിയ വിവരങ്ങളടങ്ങുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുന്നുമുണ്ട്. വരുംദിവസങ്ങളില്‍ സഞ്ചരിക്കുന്ന വിഡിയോ പ്രദര്‍ശനവും ഡോക്‌സിവാഗണിനെ അനുഗമിക്കും.
രോഗപ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സാ രീതികള്‍ എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പ് സംസ്ഥാനതലത്തില്‍ തയാറാക്കിയ വിഡിയോകളും കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തയാറാക്കിയ ലഘുചിത്രങ്ങളുമാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുക.
സന്ദേശപ്രചാരണത്തിനായി ആരോഗ്യവകുപ്പ് ഫ്‌ളാഷ്‌മോബും സംഘടിപ്പിക്കുന്നുണ്ട്. രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവ് പരമാവധി ആളുകളില്‍ എത്തിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."