പ്രളയത്തില്‍ കൈത്തറി മേഖലയ്ക്ക് മൂന്നര കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്
വൈപ്പിന്‍: പ്രളയം ബാധിച്ച പറവൂര്‍, വൈപ്പിന്‍ മേഖലയില്‍ കൈത്തറി രംഗത്ത് മൂന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പ്രാഥമിക നിഗമനം. കൈത്തറി തൊഴിലാളികളും നെയ്ത്ത് സംഘം സെക്രട്ടറിമാരും എം.എല്‍.എമാരും സംസ്ഥാന കൈത്തറി ഉദ്യോഗസ്ഥരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത യോഗമാണ് നഷ്ടം വിലയിരുത്തിയത്. രണ്ടാഴ്ച്ചക്കകം ഇതിനായി മോണിറ്ററിങ് കമ്മിറ്റി രൂപികരിച്ച് കൂടുതല്‍ അന്വേഷണം നടത്തി യഥാര്‍ഥ വിവരം ശേഖരിക്കാനും തീരുമാനിച്ചു.
കൈത്തറി തൊഴില്‍ കേന്ദ്രങ്ങളായ ചേന്ദമംഗലം, കരിമ്പടം, പറവൂത്തറ, വലിയ പല്ലം തുരുത്ത്, കുര്യാപ്പിള്ളി, പള്ളിപ്പുറം, ചെറായി എന്നീ ഭാഗങ്ങളിലെ കണക്കാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. വെള്ളം കയറി പൂര്‍ണമായും നശിച്ച കൈത്തറി തൊഴില്‍ മേഖല നാലു മാസത്തിനുള്ളില്‍ പുനര്‍ പ്രവര്‍ത്തനത്തിന് സജ്ജമാക്കാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. പറവൂര്‍ മേഖലയിലെ കൈത്തറി തൊഴിലിടങ്ങള്‍ പൂര്‍ണമായും നശിച്ചുപോയി. നെയ്ത്ത് തറികള്‍, തറികളില്‍ നെയ്ത് വച്ചിരുന്ന മുണ്ടുകള്‍, സ്‌ക്കൂള്‍ യൂണിഫോറം തുണികള്‍, നൂലുകള്‍ തുടങ്ങിയ നിരവധി അസംസ്‌കൃത വസ്തുക്കളും ഉല്‍പന്നങ്ങളെല്ലാം നശിച്ച കൂട്ടത്തില്‍ പെടും.
വൈപ്പിന്‍ മേഖലയില്‍ നാശനഷ്ടം കുറവാണെങ്കിലും ഇവിടെയും തറികളും നൂലും മറ്റു അസംസ്‌കൃത വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ വരുമാനം മാത്രമുള്ള കൈത്തറി മേഖലയില്‍ മിക്കവാറും തൊഴിലാളികള്‍ തൊഴില്‍ വിപുലീകരിക്കുന്നതിനായി മുദ്ര ലോണുകള്‍ പോലുള്ള തിരിച്ചടവ് വായ്പ്പകളും എടുത്തിട്ടുള്ളവരാണ്. വെള്ളം കയറിയതോടെ കൈത്തറി തൊഴിലാളികളുടെ തൊഴില്‍ നഷ്ടങ്ങളും കിടപ്പാടങ്ങളുടെയും കണക്കെടുത്താല്‍ ഇനിയും ഭീമമായ തുകയുടെ നഷ്ടം കണ്ടെത്താനാകും.
യോഗത്തില്‍ എം.എല്‍.എമാരായ എസ്. ശര്‍മ്മ, വി.ഡി സതീശന്‍, സംസ്ഥാന കൈത്തറി ഡയറക്ടര്‍ കെ.സുധീര്‍, ഹാന്റക്‌സ് എം.ഡി അനില്‍കുമാര്‍, ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ ബിജു പി. എബ്രാഹാം, മുന്‍ ഹാന്റക്‌സ് ചെയര്‍മാന്‍ കെ. പി സദാനന്ദന്‍, കൈത്തറി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ .കെ സുരേഷ്, കൈത്തറി യൂനിയന്‍ പ്രതിനിധി ടി.എസ് രാജന്‍, കൈത്തറി സംഘം പ്രതിനിധികളായ ടി.എസ് ബേബി, അജിത്ത് കുമാര്‍ ഗോതുരുത്ത്, കൈത്തറി ഡിസൈനര്‍ കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."