ആരോഗ്യസംരക്ഷണം ഓണ്‍ലൈനിലൂടെ
ഓണ്‍ലൈന്‍ ലോകം വികസിച്ച് എവിടെയെത്തിയെന്നു ചോദിച്ചാല്‍ ഉത്തരം എളുപ്പമായിരിക്കില്ല. അത്രയ്ക്ക് വളര്‍ച്ചയാണ് ഓരോ നിമിഷവും നടക്കുന്നത്. മീന്‍ വാങ്ങാന്‍ പോലും ലോഗിന്‍ ചെയ്തു കയറുന്ന കാലത്ത് ആരോഗ്യ പരിപാലന സംവിധാനം കൂടി ഓണ്‍ലൈനില്‍ സജീവമാകുന്നത് അല്‍ഭുതമല്ല. ഇപ്പോള്‍ തന്നെ ധാരാളം ആപ്പുകളും ഓണ്‍ലൈന്‍ മീഡിയകളും ആരോഗ്യ രംഗത്ത് ഉണ്ട്.
ഇതില്‍ ഹെല്‍ത്ത്കിറ്റ് എന്ന പ്ലാറ്റ്‌ഫോമാണ് ലോകത്തു തന്നെ വ്യാപിച്ചു കിടക്കുന്നത്. 1,50,000 ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി 40 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വലിയൊരു ഹെല്‍ത്ത് കമ്മ്യൂണിറ്റിയാണ് ഹെല്‍ത്ത്കിറ്റ്. ആരോഗ്യ സംബന്ധിയായ എന്തു സംശയങ്ങളും എവിടെയിരുന്നും ആധികാരികമായി തന്നെ അറിയാന്‍ സൗകര്യമൊരുക്കുകയാണ് ഇവിടെ. 2012 ല്‍ തുടങ്ങിയ സംരംഭം ആദ്യഘട്ടത്തില്‍ സ്വീകരിക്കപ്പെടാന്‍ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇന്ന് ഓരോ അഞ്ച് സെക്കന്റിലും ഒരാള്‍ വീതം ഹെല്‍ത്ത്കിറ്റിലൂടെ ആരോഗ്യവിവരങ്ങളറിയാന്‍ എത്തുന്നു.
ഇവരുമായി സഹകരിച്ചാണ് ആപ്പിള്‍ ഐ ഫോണുകളില്‍ ഇതേ പേരില്‍ ഹെല്‍ത്ത് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആക്ടിവിറ്റി, മൈന്‍ഡ്ഫുള്‍നെസ്സ്, ന്യൂട്രീഷന്‍, സ്ലീപ് ഇങ്ങനെ നാലു വിഭാഗങ്ങളിലായി ഹെല്‍ത്ത് ടിപ്‌സുകള്‍ നല്‍കുന്നതാണ് ആപ്പ്. ഓരോ ദിവസത്തേയും ആക്ടിവിറ്റികള്‍, എക്‌സര്‍സൈസുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ഏതൊക്കെ രീതിയില്‍ ആരോഗ്യസംരക്ഷണ പ്രവൃത്തിയില്‍ ഏര്‍പ്പെടാമെന്ന് വീഡിയോ സഹിതം കാണിച്ചു തരികയും ചെയ്യുന്നു ആപ്പ്.
ഉറക്ക് ആരോഗ്യസംരക്ഷണത്തിന്റെ വലിയൊരു ഭാഗമാണല്ലോ. പ്രായമനുസരിച്ച് എത്ര ഉറങ്ങണം, ഏതു സമയത്ത് ഉറങ്ങണം എന്ന് നിര്‍ദേശിക്കുന്നതിനു പുറമേ, ഓരോ ദിവസത്തേയും ഉറക്കിന്റെ അളവ് കൃത്യമായി ഗ്രാഫ് സഹിതം കാണിച്ചു തന്നു സഹായിക്കുന്നു ഈ ആപ്പ്. മനസിനെ ചാഞ്ചാട്ടമില്ലാതെ നിലനിര്‍ത്തിയാല്‍ മാത്രമേ നല്ലൊരു ആരോഗ്യജീവിതം നയിക്കാനാവൂ. അതിനു വേണ്ട പ്രായോഗിക മുറകളും മറ്റും വീഡിയോയുടെ സഹായത്തോടെ കാട്ടിത്തരുന്നുണ്ട് ആപ്പ്. എല്ലാറ്റിനും പുറമെ, പോഷകാഹാരത്തിന്റെ അളവും എന്തൊക്ക, ഏതൊക്കെ അളവില്‍ കഴിക്കാമെന്നും ആപ്പ് നിര്‍ദേശിക്കും.
ഓരോ ദിനവും നാല്- അഞ്ച് മണിക്കൂറെങ്കിലും ഓണ്‍ലൈനിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അതിനിടയില്‍ ആരോഗ്യം കൂടി സംരക്ഷിക്കാന്‍ ഓണ്‍ലൈന്‍ ജീവിതത്തില്‍ തന്നെ വഴിയുണ്ടാകണം. വെര്‍ച്വല്‍ ലോകത്ത് ജീവിച്ച് വെര്‍ച്വല്‍ ലോകത്തു തന്നെ മരിക്കുന്ന കാലം അതിവിദൂരമല്ലെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."