മാനന്തവാടി മൈസൂര്‍ റോഡില്‍ കോഴി അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചു
മാനന്തവാടി: മാനന്തവാടി-മൈസൂര്‍ റോഡില്‍ ഒണ്ടയങ്ങാടിക്ക് സമീപം റോഡില്‍ കോഴിമാലിന്യങ്ങള്‍ നിക്ഷേപിച്ചത് നാട്ടുകാര്‍ക്ക് വിനയായി. രാത്രിയുടെ മറപറ്റിയാണ് കൊന്ന കോഴികളുടെ ശരീര അവശിഷ്ടങ്ങള്‍ റോഡിലും റോഡിന് സമീപത്തുമായി വിതറിയത്.
കോഴിക്കാലും മറ്റ് അവശിഷ്ടങ്ങളും ടാര്‍ റോഡില്‍ വീണത് വാഹനങ്ങള്‍ കയറി അരഞ്ഞ് റോഡിലാകെ പരന്നു. അസഹ്യമായ ദുര്‍ഗന്ധത്തിനും ഇത് ഇടയാക്കി. തിരുനെല്ലി പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലൂടെയുമായി കടന്നുപോകുന്ന മാനന്തവാടി-മൈസൂര്‍ റോഡിലെ വനാതിര്‍ത്തികളില്‍
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ തിരുനെല്ലി പഞ്ചായത്തോ മാനന്തവാടി നഗരസഭയോ നടപടി സ്വീകരിക്കുന്നില്ല.
കുറുക്കന്‍മൂലയിലെ പഞ്ചായത്ത് കുളത്തില്‍ കോഴിമാലിന്യങ്ങള്‍ രാത്രിയില്‍ നിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു. ഈ സംഭവത്തില്‍ മാനന്തവാടി പൊലിസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തോട്ടില്‍ മീന്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച സംഭവം ഉണ്ടായിട്ടും ഏറെ നാളായിട്ടില്ല. കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന പാതയോരത്തും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങള്‍ അനധികൃതമായി നിക്ഷേപിക്കുന്നതിനെതിരേ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഇത്തരം സംഭവങ്ങള്‍ പതിവായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പൊലിസോ ഇത് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."