കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല: പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മുന്‍പ് പറഞ്ഞ അഭിപ്രായത്തില്‍ ഇപ്പോഴും താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. സമരം ചില ആള്‍ക്കാരെ ആക്രമിക്കാന്‍ വേണ്ടി മാത്രം സംഘടിപ്പിച്ചതായിരുന്നു ശബരിമലയെ സംരക്ഷിക്കാനായിരുന്നില്ലെന്ന് അതിന് നേതൃത്വം നല്‍കിയ ഒരു മഹതി തന്നെ പറഞ്ഞുകഴിഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശബരിമലയെ സംരക്ഷിക്കാനാണ്. ശബരിമലയുടെ വികസനത്തിനായി ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത സീസണില്‍ ഇതേവരെയുള്ള ശബരിമല ആകില്ലെന്നും കൂടുതല്‍ ഉയര്‍ന്ന സൗകര്യമുള്ള ശബരമല ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കേന്ദ്രത്തിലെ കാര്യം അറിയാന്‍ 23 വരെ കാത്തിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2004ല്‍ എന്‍.ഡി.എ വരും എന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. പക്ഷേ വന്നത് യു.പി.എ സര്‍ക്കാരായിരുന്നു. എക്‌സിറ്റ് പോളുകള്‍ മിക്കപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. ഒരു ഊഹത്തെപ്പറ്റി വേറെ ഊഹങ്ങള്‍ വച്ച് ചര്‍ച്ച നടത്തേണ്ടതില്ല. ഇനിയിപ്പോള്‍ ഏതായാലും ഫലം വരട്ടെ എന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."