ഇരുള്‍ മൂടിയ ഉത്തര്‍പ്രദേശ്
2017 ജൂണിലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവ് ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഒരു പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. പെണ്‍കുട്ടി പരാതിപ്പെട്ടിട്ടും പൊലിസ് കേസെടുത്തില്ല. പ്രതിസ്ഥാനത്ത് സ്ഥലം എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍. ആള്‍ ബി.ജെ.പി നേതാവ്. 2018 ജൂണില്‍ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടുപടിക്കലെത്തി ആത്മാഹുതിക്ക് ശ്രമിച്ചു. പിറ്റേന്ന് പെണ്‍കുട്ടിയുടെ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സെന്‍ഗാറിന്റെ സഹോദരനും സഹായികളും സ്റ്റേഷനുള്ളില്‍വച്ച് ആ പിതാവിനെ ക്രൂരമായി മര്‍ദിച്ചു. കള്ളക്കേസില്‍ കുരുക്കി പൊലിസ് പിതാവിനെ ജയിലിലടച്ചു. അവിടെവച്ച് മരണമടഞ്ഞു.
ഇക്കഴിഞ്ഞ മെയ് 31നു പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാര്‍ ഒരു കൂറ്റന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടു വനിതകള്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റു. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സെന്‍ഗാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ അപകടമാണെന്നാണ് ബന്ധുക്കള്‍ കുറ്റപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എയുടെ സഹോദരനും കൂട്ടാളികളും മര്‍ദിക്കുന്ന സംഭവത്തിലെ പ്രധാന സാക്ഷി അഭിഭാഷകനായ മുഹമ്മദ് യൂനുസ് സംശയകരമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. എം.എല്‍.എ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സെന്‍ഗാര്‍, സഹോദരന്‍ അതുല്‍സിങ് എന്നിവരുള്‍പ്പെട്ട ആറു പേര്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഇപ്പോഴിതാ യു.പിയിലെ ഹത്രാസില്‍നിന്ന് മറ്റൊരു ഭീകര കൂട്ടബലാത്സംഗ വാര്‍ത്ത. അമ്മയോടൊപ്പം സ്വന്തം കൃഷിയിടത്തുപോയ 19കാരി ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ താക്കൂര്‍ സമുദായത്തിലെ നാലു യുവാക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. സെപ്റ്റംബര്‍ 14നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. മികച്ച ചികിത്സ നല്‍കിയിട്ടും 29നു കാലത്ത് പെണ്‍കുട്ടി മരണമടഞ്ഞു. പക്ഷേ, പ്രിയപ്പെട്ട മകളുടെ മൃതദേഹം ഒന്നുകാണാന്‍ കാത്തിരുന്ന കുടുംബങ്ങള്‍ക്ക് അതിക്രൂരമായ സര്‍ക്കാര്‍ നടപടികളെയാണ് നിസ്സഹായതയോടെ അഭിമുഖീകരിക്കേണ്ടി വന്നത്. കാണാന്‍പോലും പൊലിസ് അനുവദിച്ചില്ല. കുടുംബാംഗങ്ങളെ നിര്‍ബന്ധിച്ച് വീട്ടിനുള്ളിലാക്കിയ ശേഷം മൃതദേഹം പൊലിസ് തിടുക്കപ്പെട്ട് ദഹിപ്പിക്കുകയായിരുന്നു. അതും രാത്രി രണ്ടുമണിയോടെ. വിശ്വാസപ്രകാരമുള്ള ആചാരങ്ങളൊന്നും നടത്താന്‍ അനുവദിക്കാതെ എല്ലാം പൊലിസ് നടത്തി. കൈകൂപ്പി കേണപേക്ഷിച്ച അമ്മയെ പൊലിസ് നിഷ്‌കരുണം തള്ളിമാറ്റി. ശരീരം പൊലിസ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്ന് കുട്ടിയുടെ പിതാവും പറയുന്നു.
ഗ്രാമത്തിലെ പ്രബലരായ താക്കൂര്‍ സമുദായക്കാര്‍ നാട്ടിലെ പ്രമാണിമാരും ജന്മിമാരുമാണ്. താണജാതിക്കാര്‍ക്ക് യാതൊരു വിലയും നിലയും ഇല്ലാത്ത സ്ഥിതി. നാട്ടില്‍ പ്രമാണിമാര്‍ പറയുന്നതേ നടക്കൂ. ഭരണത്തിന്റെ ശക്തമായ പിന്തുണയുണ്ടിവര്‍ക്ക്. ദലിത് ജനവിഭാഗങ്ങള്‍ക്ക് ഒന്നും മിണ്ടാനാവില്ല. ശക്തിയും അധികാരവും ഭരണത്തിന്റെ പിന്‍ബലവുമെല്ലാം മേല്‍ജാതിക്കാര്‍ക്കു മാത്രം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും താക്കൂര്‍ സമുദായക്കാരനാണ്. മേല്‍ജാതിക്കാരുടെ മേല്‍ക്കോയ്മ വളരെ ശക്തമായി തുടരുന്ന സംസ്ഥാനങ്ങളാണ് ഉത്തരേന്ത്യയില്‍ മിക്കതും.
പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണത്തിലെത്തുകയും കോണ്‍ഗ്രസ് പോലെയുള്ള മതേതര കക്ഷികള്‍ ദുര്‍ബലമാവുകയും ചെയ്തതോടെ മേല്‍ജാതിക്കാരുടെ കരുത്ത് വര്‍ധിച്ചു. താണജാതിക്കാരെ, പ്രത്യേകിച്ച് ദലിത് വിഭാഗങ്ങളെ ഒരു കാരണവശാലും വളരാനോ ഉയരാനോ സമ്മതിക്കാതെ അവരെയെല്ലാം അടിച്ചമര്‍ത്തുകയാണ് മേല്‍ജാതിക്കാര്‍. ദലിതരെ ഇടയ്ക്കിടക്ക് അടിച്ചമര്‍ത്താനുള്ള തന്ത്രങ്ങളിലൊന്നാണ് കൂടെക്കൂടെ നടത്തുന്ന കൈയേറ്റവും കൂട്ടബലാത്സംഗവും കൊലപാതകവും. ദലിതരെ നിശബ്ദരും നിസ്സഹായരുമാക്കി ഒതുക്കിനിര്‍ത്താനുള്ള മേല്‍ജാതിക്കാരുടെ തന്ത്രമാണിത്. യു.പിയില്‍ ഇത്തരം അക്രമങ്ങള്‍ വളരെ വ്യാപകമാണ്. ഹത്രാസിലെ പെണ്‍കുട്ടി ദലിത് സമുദായക്കാരിയായതു കൊണ്ട് മാത്രമാണ് ഉന്നതജാതിക്കാരായ യുവാക്കള്‍ അവളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയെ ചെറുപ്പം മുതലേ അറിയുന്നവരായിരുന്നു പ്രതികള്‍. സ്വന്തം കൃഷിയിടത്തില്‍ അമ്മയോടൊപ്പമാണ് പെണ്‍കുട്ടിയെത്തിയത്. ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് പ്രതികള്‍ അവളെ തട്ടിക്കൊണ്ടുപോയി. ദലിതരും ഹിന്ദു സമുദായത്തില്‍പെട്ടവരുമാണെങ്കില്‍ പോലും അവരെ മനുഷ്യരായി കണക്കാക്കാന്‍ മേല്‍ജാതിക്കാര്‍ ഒരുക്കമല്ല. സര്‍ക്കാരും പൊലിസും ദുഃഖിതരായ ബന്ധുക്കളോടു കാട്ടിയതും ഹീനമായ ചെയ്തികള്‍. പെണ്‍കുട്ടിയെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് ഉയര്‍ന്ന പൊലിസുദ്യോഗസ്ഥരാണ് മാധ്യമങ്ങളോടു പറഞ്ഞത്. പൊലിസ് നടപടികളെക്കുറിച്ച് ബന്ധുക്കള്‍ മാധ്യമങ്ങളോടു പറഞ്ഞതൊക്കെയും തെറ്റാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് നുണപരിശോധന നടത്തുമെന്നും പൊലിസ് അറിയിച്ചു. കുടുംബാംഗങ്ങളെ മാധ്യമങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ബലാത്സംഗം നടന്നിട്ടില്ലെന്ന് തെളിയിച്ച് ബി.ജെ.പി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ പെടാപ്പാട് പെടുകയാണ് യു.പി പൊലിസ്.
ഓഗസ്റ്റില്‍ തന്നെ യു.പിയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട ആറു പെണ്‍കുട്ടികളാണ് ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഹത്രാസില്‍ 19കാരി കൊല്ലപ്പെട്ടത് സെപ്റ്റംബര്‍ 14നായിരുന്നു. രണ്ടാഴ്ച കഴിയുംമുന്‍പ് ബല്‍റംപൂരില്‍ ദലിത് വിഭാഗത്തില്‍പെട്ട മറ്റൊരു 22കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബലാത്സംഗങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് യു.പി. കഴിഞ്ഞ വര്‍ഷം നടന്നത് 3,065 ബലാത്സംഗങ്ങള്‍. രാജസ്ഥാനാണ് മുന്‍പില്‍, 5,997 സംഭവങ്ങള്‍.
യു.പിയിലെ ലഖിംഖേരി ജില്ലയില്‍ ഓഗസ്റ്റില്‍ 20 ദിവസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഓഗസ്റ്റ് 14നു 13കാരി ദലിത് പെണ്‍കുട്ടിയെ അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. 25നു 17കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സെപ്റ്റംബര്‍ നാലിന് ഇത്ര ജില്ലയില്‍ മൂന്നു വയസുള്ള ഒരു ദലിത് പെണ്‍കുട്ടിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഓഗസ്റ്റ് 17നു ഗോരഖ്പൂരിനു 30 കിലോമീറ്റര്‍ അകലെയൊരു ഗ്രാമത്തില്‍ 17കാരിയെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ശരീരം മുഴുവന്‍ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിക്കുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗോരഖ്പൂര്‍. മഹാരാജ് ഗഞ്ജി ജില്ലയില്‍ 12കാരിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം രണ്ടുദിവസത്തിനു ശേഷം ഒരു വനത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 17നു തന്നെ ദാദ്രാഹി ജില്ലയില്‍ മറ്റൊരു 17കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ ആസിഡൊഴിച്ച് കത്തിച്ചു. മുങ്ങിമരണമെന്നാണ് പൊലിസ് പറഞ്ഞത്. കഴിഞ്ഞ മാര്‍ച്ചില്‍ ഉന്നാവ് ജില്ലയില്‍ ഒന്‍പതു വയസുകാരിയെ പത്തോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. രക്തം വാര്‍ന്നൊലിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി കാണ്‍പൂരില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഉന്നാവ് ഗ്രാമത്തില്‍തന്നെ ഒരു 23കാരിയെ കഴിഞ്ഞ ഡിസംബറില്‍ കൂട്ടബലാത്സംഗത്തിനു ശേഷം അക്രമികള്‍ കത്തിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. ഉന്നാവില്‍ തന്നെയാണ് മറ്റൊരു ബലാത്സംഗ കേസില്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സെന്‍ഗാറും സഹോദരനും കൂട്ടാളികളും ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗൗതംബുദ്ധ് നഗര്‍ ജില്ലയിലെ ദലര്‍പൂര്‍ ഗ്രാമത്തില്‍ 19കാരന്‍ എട്ടുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ചണ്ഡിഗഡില്‍ ചികിത്സയില്‍ കഴിയവെ പെണ്‍കുട്ടി മരിച്ചു. ഫിറോസാബാദ് ജില്ലയില്‍ എട്ടു വയസുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അക്രമി തല്ലിക്കൊന്നു.
ഇതൊക്കെ നടക്കുന്നത് ഇന്ത്യയിലാണെന്നോര്‍ക്കണം. ബി.ജെ.പി അഭിമാനത്തോടെ നോക്കിക്കാണുന്ന ഉത്തര്‍പ്രദേശില്‍. ബി.ജെ.പിയുടെ സ്വന്തം സംസ്ഥാനം. ഹത്രാസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രണ്ടു ദിവസം രാഷ്ട്രീയക്കാരെയോ മാധ്യമപ്രവര്‍ത്തകരെയോ പൊലിസ് കടത്തിവിട്ടില്ല. ഹത്രാസിലേയ്ക്ക് യാത്രതിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ആദ്യദിവസം യമുനാ എക്‌സ്പ്രസ് ഹൈവേയില്‍ പൊലിസ് തടയുകയും രാഹുല്‍ ഗാന്ധിയെ ബലപ്രയോഗത്തില്‍ തള്ളി താഴെയിടുകയും ചെയ്തു. പ്രിയങ്കാ ഗാന്ധിയെ പൊലിസുകാരന്‍ ഷാളില്‍ പിടിച്ച് വലിക്കുക പോലും ചെയ്തു. മുന്‍ സംസ്ഥാന മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനെയും മായാവതിയെയും എങ്ങും കാണാനേയില്ല. ഇരുവരും ട്വിറ്ററിലൂടെ പ്രതിഷേധം അറിയിക്കുന്നുണ്ടെന്നു മാത്രം. കോണ്‍ഗ്രസ് മാത്രമാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളത്. തിരിച്ച് രൂക്ഷമായ പ്രചാരണം അഴിച്ചുവിട്ട് ഇതിനെ നേരിടാനാവുമെന്ന് തന്നെയാവണം ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ കുറേ ദശകങ്ങളിലൂടെ കേരളം കണ്ട സാമൂഹ്യ മുന്നേറ്റങ്ങളും പരിഷ്‌കരണങ്ങളുമൊന്നും യു.പി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളൊന്നും കണ്ടിട്ടില്ല. ഒരുതരത്തിലുള്ള സാമൂഹ്യ സാംസ്‌കാരിക പരിഷ്‌കാരങ്ങളും അനുവദിച്ചുകൊടുക്കാന്‍ അവിടുത്തെ മേല്‍ജാതിക്കാര്‍ അനുവദിക്കുകയുമില്ല. പ്രാകൃതവും നിന്ദ്യവുമായ ജാതിവ്യവസ്ഥയും അതിന്റെ പേരിലുള്ള ഉച്ചനീചത്വങ്ങളും മേല്‍ക്കോയ്മയുമൊക്കെയാണ് മിക്ക ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും നിലനില്‍ക്കുന്നത്. രാഷ്ട്രീയ നേതൃത്വം ഇതിനൊക്കെ സംരക്ഷണം നല്‍കുമ്പോള്‍ ഇവിടെയൊക്കെ കനത്ത ഇരുട്ട് മൂടിക്കിടക്കുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."