ദലിത് - പിന്നാക്ക രാഷ്ട്രീയം കാവിയുടുക്കുന്നുവോ?
ഹത്രാസില്‍ അതിഭീകരമായ ബലാത്സംഗക്കൊലക്ക് വിധേയയായ ദലിത് പെണ്‍കുട്ടിയുടെ ദുര്‍വിധിയെ ശക്തമായ രാഷ്ട്രീയ പ്രമേയമാക്കി വികസിപ്പിച്ചെടുത്തത് തീര്‍ച്ചയായും രാഹുല്‍ ഗാന്ധിയുടെ തന്ത്രപരമായ വിജയമാണ്. കോണ്‍ഗ്രസിന് യു.പിയില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും അതുണ്ടാക്കിക്കൊടുത്ത സമ്മതി ചെറുതല്ല. മോദി / യോഗി സര്‍ക്കാരിന്റെയും അവര്‍ രണ്ടു പേരും പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയുടെയും ദലിത് വിരുദ്ധ മുഖം തുറന്നുകാട്ടാന്‍ രാഹുല്‍ ഫലപ്രദമായിത്തന്നെ ശ്രമിച്ചു. ഇതു പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്, ദലിത് - പിന്നാക്ക രാഷ്ട്രീയ നേതൃത്വങ്ങള്‍ എത്രത്തോളം നിത്യദുരിതത്തിന്റെ സങ്കടക്കടലിലകപ്പെട്ട ആ ദലിത് കുടുംബത്തോടൊപ്പം നിന്നു? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ദലിതുകളും പിന്നാക്കക്കാരും ഏത് വഴിക്കാണ് നീങ്ങുന്നത് എന്ന കാര്യത്തില്‍ അപായകരമായ ചില സൂചനകള്‍ നാം കാണുക. അവര്‍ കാവിയുടുത്തു തുടങ്ങുന്നുവോ?
അധികാരത്തിന്റെ ശീതളച്ഛായ തേടി
ദലിതരും മുസ്‌ലിംകളും ഒന്നിച്ചുനിന്നാല്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ ഒരു പരിധിയോളം പിടിച്ചുകെട്ടാനാവുമെന്ന് വിശ്വസിക്കുന്ന നിരവധി പേര്‍ ഇന്ത്യയിലുണ്ട്. 1990 കളുടെ തുടക്കത്തില്‍ രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കാന്‍ഷി റാം മുന്നോട്ടുവച്ച ആശയമാണത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1993ല്‍ യു.പി തെരഞ്ഞെടുപ്പില്‍ ദലിത് -ന്യൂനപക്ഷ ഐക്യത്തില്‍ ഊന്നുന്ന ബഹുജന സങ്കല്‍പം മുന്നോട്ടുവച്ചാണ് കാന്‍ഷിറാം തന്ത്രങ്ങളാവിഷ്‌ക്കരിച്ചത്. അത് ഫലം കണ്ടു. രാമനു പകരം രാമായണത്തിലെ തന്നെ അധഃസ്ഥിത കഥാപാത്രങ്ങളുടെ പ്രതിഛായ പൊലിപ്പിച്ചുകൊണ്ടായിരുന്നു ബി.എസ്.പിയുടെ പോരാട്ടം. രാമനല്ല, ശംബുകനും ഏകലവ്യനും ഉദാദേവിയും മറ്റുമായിരുന്നു ഈ രാഷ്ട്രീയത്തിന്റെ ഐക്കണുകള്‍. ഈ ബിംബങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് നാല് തവണ ബി.എസ്.പി യു.പിയില്‍ അധികാരം പിടിച്ചെടുത്തത്. ബിഹാറില്‍ 1993 ല്‍ എസ്.പിയും ബി.എസ്.പിയും ചേര്‍ന്നു സര്‍ക്കാരുണ്ടാക്കിയതും ഇങ്ങനെയൊരു ബഹുജന സങ്കല്‍പം പടുത്തുയര്‍ത്തിക്കൊണ്ടാണ്. എന്നാല്‍ ഈ സങ്കല്‍പം ദലിത് - പിന്നാക്ക വിഭാഗങ്ങളുടെ സ്വയംപ്രഖ്യാപിത നേതാക്കള്‍ കൈയൊഴിക്കുകയും അവര്‍ ഹിന്ദുത്വരാഷ്ട്രീയത്തോട് രാജിയാവുകയും ചെയ്യുന്നുവോ എന്ന് സംശയിക്കാവുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ബി.ജെ.പിയാണ് ഇപ്പോള്‍ അധികാരത്തില്‍. അധികാരത്തിന്റെ ശീതളച്ഛായയില്‍ കഴിയുകയും അതില്‍ പങ്കുപറ്റുകയും ചെയ്യുകയാണ് കാമ്യം എന്ന ചിന്ത ദലിത് - പിന്നാക്ക രാഷ്ട്രീയത്തെ പ്രലോഭിപ്പിക്കുന്നതിന്റെ ലക്ഷണങ്ങള്‍ നിരവധി.
ഹത്രാസ് സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും കൈക്കൊണ്ട നിലപാടുകള്‍ ശ്രദ്ധിക്കുക. യു.പിയിലെ മുഖ്യപ്രതിപക്ഷമാണ് സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പിക്കും വിപുലമായ ജനസ്വാധീനമുണ്ട്. ഈ രണ്ടു പാര്‍ട്ടികള്‍ക്കും പിന്നില്‍ ദുര്‍ബലമായ സംഘടനാ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ജനപിന്തുണ കമ്മിയായ പാര്‍ട്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. എന്നാല്‍ ഹത്രാസിലെ ദലിത് പെണ്‍കുട്ടിക്ക് വേണ്ടി രംഗത്തുവരാന്‍ എസ്.പിയോ ബി.എസ്.പിയോ തയാറായില്ല. അഖിലേഷ് യാദവോ മായാവതിയോ ഉചിതമായ പ്രസ്താവന പോലും പുറപ്പെടുവിച്ചില്ല. രാഹുല്‍ ഗാന്ധി ഈ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ഹത്രാസ് സംഭവം ഐതിഹാസിക മാനങ്ങളുള്ള ഒരു ദേശീയ പ്രശ്‌നമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തപ്പോള്‍ മാത്രമാണ് രണ്ടു പാര്‍ട്ടികള്‍ക്കും വീണ്ടുവിചാരമുണ്ടായത്. ദലിത് പെണ്‍കുട്ടിയെ ഓര്‍ത്തുള്ള ആധിയായിരുന്നില്ല, കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുമോ എന്ന പേടിയായിരുന്നു രണ്ടു പാര്‍ട്ടികള്‍ക്കും. അങ്ങനെയാണ് ഹത്രാസിലേക്ക് ഇരുകൂട്ടരും പോയത്.
സംഗതി വളരെ ലളിതം, യോഗി ആദിത്യനാഥ് ഠാക്കൂര്‍ വിഭാഗക്കാരനാണ്. ഠാക്കൂര്‍ സമുദായക്കാരാണ് ഹത്രാസ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ഠാക്കൂറുമാര്‍ക്കെതിരിലുള്ള ബ്രാഹ്മണ വിഭാഗത്തെ പ്രീണിപ്പിക്കാന്‍ എസ്.പിയും ബി.എസ്.പിയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രത്യക്ഷത്തില്‍ ഠാക്കൂര്‍ വിരുദ്ധ ബാനര്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ ആരും ആഗ്രഹിക്കുന്നില്ല. സൂക്ഷിച്ചാണ് ഇരുകൂട്ടരുടെയും കളി. ഒരേസമയം ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷത്തുള്ള എസ്.പി - ബി.എസ്.പിയെയും തന്ത്രപരമായി കുരുക്കിലകപ്പെടുത്താന്‍ രാഹുലിനു കഴിഞ്ഞു, പ്രിയങ്കക്കും.
മായാവതിയുടെ മായ
തങ്ങള്‍ നേരത്തെ ഉയര്‍ത്തിപ്പിടിച്ചുപോരുന്ന സവര്‍ണ വിരുദ്ധ ബഹുജന സങ്കല്‍പം മായാവതി ഏറെക്കുറെ കയ്യൊഴിഞ്ഞെന്ന് തോന്നുന്നു. ജാതിയില്‍ ഊന്നിയ ഈ സങ്കല്‍പം ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിനു വിരുദ്ധമായിരുന്നു. അതിനെ ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള കൂറുമാറ്റങ്ങളിലേക്ക് ചുരുക്കാന്‍ മായാവതിക്ക് ഒട്ടും മടിയുണ്ടായിട്ടില്ല. 1993 ല്‍ എസ്.പിയോടൊപ്പം ചേര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി മത്സരിച്ചത്. രണ്ടു കൊല്ലം കഴിഞ്ഞ് മുന്നണി വിടാന്‍ ഒരു പ്രത്യയശാസ്ത്രവും മായാവതിക്ക് തടസമായിട്ടില്ല. ബി.ജെ.പിയോടൊപ്പം ചേരാനും അവര്‍ക്ക് യാതൊരു മനശ്ചാഞ്ചല്യവും ഉണ്ടായിട്ടില്ല.
2019ല്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ എസ്.പിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്നാണ് ബി.എസ്.പി പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. ജാതി സമവാക്യങ്ങളെയും കോണ്‍ഗ്രസിന്റെ ലിബറല്‍ പ്രതിഛായയേയും ചേര്‍ത്തുനിര്‍ത്തി നടത്തിയ ഈ പരീക്ഷണത്തെ ഹൈന്ദവ ആശയങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി ബി.ജെ.പി തോല്‍പിച്ചു. ജാതിയെ മതം തോല്‍പിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റ ഉടന്‍ മായാവതിക്ക് മനം മാറ്റം വന്നു. അവര്‍ മുന്നണി പൊളിച്ചു. ഇപ്പോള്‍ മായാവതി ആശയപരമായി ബി.ജെ.പിയുടെ ഓരം ചേര്‍ന്നു നടക്കുകയാണ്. കശ്മിരില്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ അതിനെ അനുകൂലിക്കുകയാണ് മായാവതി ചെയ്തത്. അതേപോലെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിലും അവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തോടൊപ്പം നിന്നു. യോഗിയെയും മോദിയെയും പിണക്കാന്‍ മായാവതി തയാറല്ല. ഹത്രാസ് കേസില്‍ തന്നെ അവരുടെ നിലപാടുകള്‍ കണ്ടറിയണം. അതാണ് മായാവതിയുടെ മായ.
പരശുരാമന്‍ എന്ന ബിംബം
രാമനു പകരം രാമായണത്തിലെ മറ്റു ചില കഥാപാത്രങ്ങളെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ടായിരുന്നു സവര്‍ണ രാമനല്ല തങ്ങളുടെ ആദര്‍ശബിംബം എന്ന് കാന്‍ഷിറാം സമര്‍ഥിച്ചത്. ശൂദ്രനായ ശംബുകനെ തപസ് ചെയ്തതിന്റെ പേരില്‍ രാമന്‍ കൊന്നു. രാമന്റെ ഹിന്ദുത്വമല്ല ശംബുകന്റെ ഹിന്ദുത്വമാണ് തങ്ങളുടേത് എന്നാണ് കാന്‍ഷിറാമിന്റ 'ബഹുജന്‍' ഉദ്‌ഘോഷിച്ചത്, അതേപോലെ കാട്ടുജാതിക്കാരനായ ഏകലവ്യനെ കാന്‍ഷിറാം ഉയര്‍ത്തിക്കാട്ടി. ബ്രാഹ്മണനായ ദ്രോണനു വിരല്‍ മുറിച്ചുകൊടുക്കേണ്ടി വന്ന ഏകലവ്യനെന്ന കഥാപാത്രത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത് മഹാഭാരതത്തിന്റെ മറുവായനയായിരുന്നു. ഈ ബദല്‍ സങ്കല്‍പങ്ങളെ തള്ളിക്കളയുന്ന മായാവതിയെയാണ് നാം ഇപ്പോള്‍ കാണുന്നത്
പകരം അവര്‍ പരശുരാമന്‍ എന്ന കഥാപാത്രത്തെ മുന്നോട്ട് നീക്കി നിര്‍ത്തുന്നു. ക്ഷത്രിയരാണ് ഠാക്കൂര്‍മാര്‍. യോഗി ആദിത്യനാഥിന്റെ ജാതിക്കാര്‍. ക്ഷത്രിയരെപ്പോലെ തന്നെ പ്രബലരാണ് യു.പിയില്‍ ബ്രാഹ്മണരും. യോഗിക്ക് ബ്രാഹ്മണരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. ബി.ജെ.പിയുടെ വോട്ടുബാങ്കുകളായ ഈ രണ്ടു സമുദായക്കാരുടെ ചേരിപ്പോരില്‍ നിന്ന് മുതലെടുക്കാന്‍ വേണ്ടിയാണ് മായാവതി പരശുരാമനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പരശുരാമന്റെ പേരില്‍ ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളുമുണ്ടാക്കാനുള്ള മായാവതിയുടെ നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. 108 അടി ഉയരമുള്ള ഒരു പരശുരാമ പ്രതിമ ഉണ്ടാക്കുമെന്ന് അഖിലേഷ് യാദവ് വാഗ്ദത്തം ചെയ്തിട്ടുണ്ട്. അതിലും വലിയ പ്രതിമയുണ്ടാക്കുമെന്ന് മായാവതി. ബ്രാഹ്മണരുടെ കുലപുരുഷനെ തന്റെ പാര്‍ട്ടിയുടെ ആദര്‍ശ ബിംബമാക്കാന്‍ മായാവതി ശ്രമിക്കുമ്പോള്‍ ബി.എസ്.പിയുടെ ബഹുജനസങ്കല്‍പം എത്ര മാറി എന്ന് നമുക്ക് വ്യക്തമാവും. ദലിത് വോട്ട് തനിക്കൊപ്പമുണ്ട്, ബ്രാഹ്മണ വോട്ടു കൂടി കിട്ടിയാല്‍ കുശാല്‍. കാവി രാഷ്ട്രീയത്തിലേക്ക് അവര്‍ക്ക് പ്രവേശനം ലഭിച്ചാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ലെന്ന് ചുരുക്കം.
നമുക്കും കിട്ടണം അധികാരം
ഇത് മായാവതിയുടെ കാര്യത്തില്‍ മാത്രം കാണാവുന്ന ഒരു പ്രതിഭാസമല്ല. വടക്കേ ഇന്ത്യയിലെ ദലിത് - പിന്നാക്ക രാഷ്ട്രീയം മുഴുവനും ഇങ്ങനെയൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മുന്‍പും അവര്‍ ഹിന്ദുത്വത്തിനൊപ്പം വിനീത വിധേയരായി നിന്നിട്ടുണ്ട്. ജാതി സമവാക്യങ്ങളിലധിഷ്ഠിതമാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയം. കീഴാള ജാതിക്കാരെ ഹിന്ദുത്വത്തിന്റെ ബലത്തില്‍ സവര്‍ണ നേതൃത്വം അടിച്ചമര്‍ത്തുമെന്ന് അധഃസ്ഥിതര്‍ക്കറിയാത്തതുമല്ല. പക്ഷേ പിന്നാക്ക രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ പലപ്പോഴും താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി ഹിന്ദുത്വത്തിനു വിടുപണിയെടുക്കുന്നതാണ് അനുഭവം. നിതീഷ് കുമാറിനെ നോക്കുക. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ തിളങ്ങുന്ന മുഖമായിരുന്നു നിതീഷ് ഒരിക്കല്‍, ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രിയെന്നു പോലും വിശേഷിപ്പിക്കപ്പെട്ട നേതാവ്. മോദിയുടെ ജനകീയ ബദല്‍. ബിഹാറില്‍ ആര്‍.ജെ.ഡിയുമായി ചേര്‍ന്ന് ബി.ജെ.പിയെ മുട്ടുകുത്തിച്ച നിതീഷിന്റെ ശക്തി പിന്നാക്ക സമുദായമായ കൂര്‍മികളായിരുന്നു. പക്ഷേ സവര്‍ണ താല്‍പര്യത്തിന്റെ വക്താക്കളായ ബി.ജെ.പിയോടൊപ്പമാണ് അദ്ദേഹമിപ്പോള്‍. ബിഹാറില്‍ ദുഷദ് സമുദായക്കാരായ ദലിതുകളുടെ പാര്‍ട്ടിയായ രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയും ദുഷദുകളല്ലാത്ത പട്ടികജാതിക്കാരുടെ പാര്‍ട്ടിയായ ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്താന്‍ അവാമി മോര്‍ച്ചയും ബി.ജെ.പിയോടൊപ്പമാണ്. ഇതിന്റെ യുക്തി വളരെ ലളിതമാണ്. അധികാരമാണ് പ്രധാനം. അതിന് ഒരു തത്വശാസ്ത്രവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അധികാരമുണ്ടെങ്കില്‍ മാത്രമേ പിന്നാക്കക്കാരായ തങ്ങള്‍ക്ക് ഭരണ നേട്ടങ്ങളില്‍ പങ്കുപറ്റാനാവുകയുള്ളൂ. അതിനു കാവിയുടുക്കാനും ദലിത് രാഷ്ട്രീയം തയാര്‍.
ഹിന്ദുത്വത്തിന്റെ ഭാഗമാണ് തങ്ങള്‍ എന്ന് അംബേദ്കര്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം ഹിന്ദുത്വത്തിന്റെ മിത്തുകള്‍ക്ക് ബദലായി കീഴാള മിത്തുകള്‍ സൃഷ്ടിച്ചു. കാന്‍ഷിറാം ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരനായിരുന്നു. പ്രായോഗികരാഷ്ട്രീയത്തിന്റെ പരീക്ഷണശാലകളില്‍ ഈ കാഴ്ചപ്പാട് ഉപേക്ഷിക്കാന്‍ മായാവതിക്കു ഒരു മടിയുമുണ്ടായില്ല. ഹിംസാത്മക ഹിന്ദുത്വത്തോട് രാജിയാവാന്‍ നിതീഷ് കുമാറിനും പാസ്വാനും അഖിലേഷ് യാദവിനു പോലുമില്ല മടി. ഈ അവസ്ഥയില്‍ ദലിത് - ന്യൂനപക്ഷ - ലിബറല്‍ ഐക്യമെന്നത് എത്ര നിറംകെട്ട സ്വപ്നം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."