അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിക്കായി ഗൂഢനീക്കം: എന്‍.കെ പ്രേമചന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയം മറയാക്കി അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതി നടപ്പിലാക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. അച്ചന്‍കോവിലില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന കേന്ദ്ര ജല കമ്മിഷന്റെ ആവശ്യം പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള അണിയറ നീക്കമാണ്. ജല കമ്മിഷന്‍ കേരള താല്‍പര്യത്തിന് വിരുദ്ധമായി തയാറാക്കുന്ന പദ്ധതി അംഗീകരിക്കുന്നുണ്ടോ എന്ന് മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കണം.
റിപ്പോര്‍ട്ട് പ്രതിപക്ഷത്തിനുള്ള മറുപടിയല്ല, തമിഴ്‌നാട് മുല്ലപ്പെരിയാര്‍ വിഷയത്തിലും അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന വിഷയത്തിലും കേരളത്തിന് നല്‍കുന്ന മറുപടിയാണെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡാം തുറന്നു വിട്ടതിലൂടെ പ്രളയം ഉണ്ടായി എന്ന വസ്തുത മറച്ചുപിടിക്കാന്‍ കേന്ദ്ര റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കേരളത്തിനത് വലിയ തിരിച്ചടിയാവും. പമ്പ-അച്ചന്‍കോവില്‍ നദികളില്‍ 634 ദശലക്ഷം ക്യുബിക് മീറ്റര്‍ അധികജലം ഉണ്ട്.
അത് വെള്ളമില്ലാത്ത തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദീതടത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേന്ദ്ര ജല കമ്മിഷന്‍ തയാറാക്കിയതാണ് സംയോജന പദ്ധതി. അതിനെതിരായ നിലപാടാണ് കേരളം സ്വീകരിച്ചത്. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന വുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്.
കേന്ദ്ര നിലപാടിന് എതിരേ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തേണ്ട അവസരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നത്. പ്രതിപക്ഷത്തിന്റെ വാദങ്ങളെ തോല്‍പ്പിക്കാന്‍ കേന്ദ്ര റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നത് സംസ്ഥാന താല്‍പര്യം ബലികഴിക്കലാണ്.
ഓരോ ദിവസവും ഡാമില്‍നിന്ന് വെള്ളം തുറന്നുവിട്ട കണക്ക് പുറത്തുവിടണം. പ്രളയ കാലത്ത് പമ്പയിലൂടെ ഒഴുകിയെത്തിയ വെള്ളം ആകെ ജലത്തിന്റെ 30 ശതമാനമാണെന്ന് മന്ത്രി സമ്മതിച്ചു.
പമ്പാ നദിയിലേക്ക് നദിക്ക് താങ്ങാനാവാത്ത 1,473 ഘനമീറ്റര്‍ ജലം കൂടി ഡാം തുറന്ന് അതിലൂടെ ഒഴുക്കി. ഇതുതന്നെയാണ് പമ്പയുടെ തീരങ്ങളില്‍ വന്‍ ദുരന്തത്തിന് വഴിയൊരുക്കിയത്.
ഡാം തുറന്ന് വിട്ടതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ ഏജന്‍സി അന്വേഷണം നടത്തണം.
ഭാവിയില്‍ ഇത്തരം ദുരന്തം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനും അന്വേഷണം ആവശ്യമാണ്. യു.ഡി.എഫ് ആണ് അധികാരത്തിലെങ്കില്‍ മന്ത്രിയുടെ രാജിക്ക് വേണ്ടി എത്ര പ്രക്ഷോഭം ഉയരുമായിരുന്നുവെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."