പൊതുതെരഞ്ഞെടുപ്പ് വരെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നു ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. ഇതോടെ ജനുവരിയില്‍ കാലാവധി അവസാനിക്കുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് വരെ പദവിയില്‍ തുടരും.
രാജ്‌നാഥ് സിങ് കേന്ദ്രമന്ത്രിയായതോടെ 2014 ഓഗസ്റ്റിലാണ് പാര്‍ട്ടിയുടെ അധ്യക്ഷനായി അമിത് ഷാ ചുമതലയേറ്റത്. 2016ല്‍ ഇദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. നാലു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പൊതുതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്യാനുമാണ് നിര്‍വാഹക സമിതി യോഗം ചേര്‍ന്നത്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രിംകോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയെച്ചൊല്ലിയുള്ള വിവാദവും ബി.ജെ.പി ചര്‍ച്ച ചെയ്തു. പാര്‍ട്ടി നേതാക്കളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ ശക്തമായ സമ്മര്‍ദത്തിനൊടുവിലാണ് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, ഭേദഗതിക്കെതിരേ മുന്നോക്ക സംഘടനകള്‍ ബന്ദ് നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ബി.ജെ.പി യോഗം ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ ഇരു വിഭാഗങ്ങളെയും അകറ്റാതെ കരുതലോടെ മുന്നോട്ടുപോകാനും യോഗത്തില്‍ ധാരണയായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഡിസംബറിനു മുന്‍പായി രാജ്യത്തുടനീളം ആയിരം റാലികള്‍ നടത്തും. നിര്‍വാഹക സമിതിയുടെ രണ്ടു ദിവസത്തെ യോഗം ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."