മക്ക ഉച്ചകോടിയില്‍ ക്ഷണം ഇല്ലെന്നു ഖത്തര്‍; എല്ലാ രാജ്യങ്ങളെയും ഔദ്യോഗികമായി ക്ഷണിച്ചുവെന്ന് അറബ് ലീഗ്
റിയാദ്: ഇറാന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സഊദി ഭരണാധികാരി സല്മാന് രാജാവ് മക്കയില്‍ വിളിച്ചു ചേര്‍ത്ത ജി. സി. സി, അറബ് ലീഗ് ഉച്ചകോടിക്ക് തങ്ങളെ ക്ഷണിച്ചില്ലെന്നു ഖത്തര്‍. ഖത്തര്‍ വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഖത്തറിനെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍, ഖത്തര്‍ ഉള്‍പ്പെടെ മുഴുവന്‍ അംഗ രാജ്യങ്ങളെയും ക്ഷണിച്ചതായി അറബ് ലീഗിനെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം മുപ്പതിനാണ് മക്കയില്‍ അടിയന്തിര ഉച്ചകോടിക്ക് സല്മാന് രാജാവ് ആഹ്വാനം ചെയ്തത്. എന്നാല്‍, നിലവില്‍ അയല്‍ രാജ്യങ്ങളുമായി ബന്ധമില്ലാത്ത ഖത്തറിന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികക്ഷണം ഇല്ലെന്നു ഖത്തര്‍ വിദേശ കാര്യമന്ത്രാലയ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ട്വീറ്റ് ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഖത്തറിന്റെ വാദം പുറത്തു വന്നയുടന്‍ നിഷേധക്കുറിപ്പുമായാണ് അറബ് ലീഗ് രംഗത്തെത്തിയത്. സഊദി എണ്ണ ടാങ്കറുകള്‍ക്ക് നേരെയും എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയും നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്മാന് രാജാവ് വിളിച്ച് ചേര്‍ത്ത ഉച്ചകോടിക്ക് മുഴുവന്‍ അംഗ രാജ്യങ്ങളെയും ക്ഷണിച്ചതായി അറബ് ലീഗ് വ്യക്തമാക്കി. അറബ് ലീഗ് ആര്‍ട്ടിക്കിള്‍ 3 ന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ഉച്ചകോടി മക്കയില്‍ ചേരുന്നതെന്നും അറബ് ലീഗ് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."