അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ഹനാന്
കൊച്ചി: കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് വരവെ താന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഹനാന്. അപകടം മനഃപൂര്‍വം വരുത്തിയതാണെന്ന് സംശയിക്കുന്നതായും അപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനാന് പറഞ്ഞു. കഴിഞ്ഞ രണ്ടിന് വൈകിട്ട് ആറുമണിക്കാണ് ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം കോഴിക്കോടുനിന്നും യാത്ര പുറപ്പെട്ടത്. പിന്നീട് വാഹനം പോസ്റ്റിലിടിച്ച് നില്‍ക്കുമ്പോഴാണ് ഉണരുന്നത്.
യാത്ര പുറപ്പെട്ട് ഏതാണ്ട് പന്ത്രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടാണ് കൊടുങ്ങല്ലൂരെത്തിയത്. ഇക്കാര്യം ഡ്രൈവറോട് ചോദിച്ചപ്പോള്‍ താന്‍ ഇടയ്ക്ക് വാഹനം നിര്‍ത്തി ഉറങ്ങുകയായിരുന്നുവെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ ഉറക്കത്തില്‍ വാഹനം ഇടയ്ക്ക് നിര്‍ത്തിയാല്‍ താന്‍ അറിയുമെന്നും ഇടയ്ക്ക് ഡ്രൈവര്‍ ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നെന്നും തനിക്ക് പരിചിതമല്ലാത്ത വഴിയിലൂടെ ഏറെ നേരം സഞ്ചരിച്ചതായി തോന്നിയെന്നും ഹനാന് പറഞ്ഞു.
അപകടം നടന്നയുടന്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഒരുപരുക്കും പറ്റാതെ ഇറങ്ങുകയായിരുന്നു. താന്‍ അയാളുടെ ബന്ധുവാണെന്നും യാത്രയില്‍ താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ യാത്രയുടെ തുടക്കം മുതല്‍ തന്നെ താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. സംഭവം നടന്നയുടന്‍തന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തിയിരുന്നു. ഈ വിവരങ്ങള്‍ താന്‍ ആശുപത്രി അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നും പൊലിസില്‍ ഉടന്‍ പരാതി നല്‍കുമെന്നും ഹനാന് പറഞ്ഞു.
അതേസമയം നട്ടെല്ലിന് സാരമായി പരുക്കേറ്റ ഹനാന് ശസ്ത്രക്രിയക്കുശേഷം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയാണ്. കഴിഞ്ഞദിവസം തന്നെ കാണാന്‍ പിതാവ് ഹമീദ് എത്തിയതോടെ ഏറെ സന്തോഷത്തിലാണ് ഹനാന്. ഇപ്പോള്‍ ആരുമില്ലെന്ന തോന്നലില്ലെന്നും സുഖംപ്രാപിച്ചതിനുശേഷം പിതാവിനൊപ്പമായിരിക്കും താന്‍ വീട്ടിലേക്ക് പോകുകയെന്നും ഹനാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."