തുടര്‍പഠനത്തിന് മലപ്പുറം ജില്ലയില്‍ എന്നും അനിശ്ചിതത്വം
തുടര്‍പഠനത്തിന് അവസരം ലഭിക്കാതെ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഇതില്‍ എപ്ലസ്‌ക്കാരുമുണ്ട്. വര്‍ഷങ്ങളായി ഇതാണ് ജില്ലയിലെ അവസ്ഥ. പ്രശ്‌നം രൂക്ഷമാകുമ്പോള്‍ നിയമസഭയില്‍ എം.എല്‍.എമാര്‍ സബ്മിഷനുകള്‍ അവതരിപ്പിക്കും. അപ്പോള്‍ ഏതാനും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന നടപടികള്‍ അതത് കാലത്തെ സര്‍ക്കാരുകള്‍ ചെയ്തുപോരും. സീറ്റുകളുടെ വര്‍ധനവല്ല, ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുകയാണിപ്പോള്‍. ആവശ്യം ഉന്നയിച്ച് മലപ്പുറം ജില്ലാ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ ഓഫിസുകളിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തുകയുണ്ടായി.
മലബാറില്‍ പൊതുവെ പ്ലസ് വണ്ണിനു സീറ്റുകള്‍ കുറവാണ്. മലപ്പുറം ജില്ലയില്‍ ഏറെ കുറവുമാണ്. തെക്കന്‍ ജില്ലകളിലാകട്ടെ പഠിക്കാന്‍ കുട്ടികളില്ലാതെ യഥേഷ്ടം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. സര്‍ക്കാറിന്റെ തലതിരിഞ്ഞ നയമാണ് ഇതിനു പിന്നില്‍. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാര്‍ ജില്ലകളില്‍ സ്‌കൂളുകളുടെ എണ്ണം കുറവാണ്. ഈ അന്തരമാണ് പ്രശ്‌നം പരിഹരിക്കപ്പെടാതെ പോകുന്നതിനു മുഖ്യകാരണം. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും മലബാര്‍ ജില്ലകളിലെ സ്‌കൂളുകളോട് ചിറ്റമ്മനയം തന്നെയാണ് സര്‍ക്കാര്‍ തുടരുന്നത്.
കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ സ്‌കൂളുകള്‍ അനുവദിക്കുകയും അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുകയുമായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ല. ഏകജാലക പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ ഭീമമായ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടതായിരുന്നു. അതും ഉണ്ടായില്ല. എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നാല്‍ തുടര്‍പഠനത്തിനായി മലപ്പുറം ജില്ലയിലെ കുട്ടികള്‍ നിലവിളിക്കണമെന്ന അവസ്ഥ ഒരുസര്‍ക്കാരിനും ഭൂഷണമല്ല. പ്രതിഷേധമുയരുമ്പോള്‍ സീറ്റ് വര്‍ധിപ്പിച്ച് അതു തണുപ്പിക്കാമെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാകാതെ കുട്ടികള്‍ ക്ലേശകരമായ ചുറ്റുപാടിലാണ് പഠനം തുടരാന്‍ നിര്‍ബന്ധിതരാകുന്നത്. ഏതു മുന്നണി ഭരിച്ചാലും ഇതാണ് കാലങ്ങളായി മലപ്പുറം ജില്ലയില്‍ തുടരുന്ന അവസ്ഥ.
മലപ്പുറം ജില്ലയോട് പൊതുവെ ഭരണകൂടം അനുവര്‍ത്തിച്ചുപോരുന്ന അസ്പൃശ്യത വിദ്യാഭ്യാസ കാര്യത്തിലും തുടരുന്നു എന്നതാണ് യാഥാര്‍ഥ്യം. സ്ഥാനത്തും അസ്ഥാനത്തും മലപ്പുറം ജില്ലയിലെ ജനങ്ങളെ വിമര്‍ശിക്കുന്നതില്‍ ജില്ലയുടെ ഹൃദയഭാഗത്തു താമസിക്കുന്ന സി.പി.എം നേതാവ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനങ്ങളിലും വി.എസ് അച്യുതാനന്ദന്റെ വിമര്‍ശനങ്ങളിലും പിന്നെ എന്തിന് അത്ഭുതപ്പെടണം. അധിക ബാച്ചുകള്‍ അനുവദിക്കാന്‍ തടസമായി നില്‍ക്കുന്നത് തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. തെരഞ്ഞെടുപ്പിനു മുമ്പും ഈ പ്രശ്‌നം കത്തിജ്വലിച്ച് നില്‍ക്കുകയായിരുന്നുവല്ലൊ. അന്നും ജില്ല അധിക ബാച്ചിനായി മുറവിളികൂട്ടിയത് സര്‍ക്കാരിന്റെ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. മെയ് പത്തിനാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുതുടങ്ങിയത്. മെയ് 20ന് ട്രയല്‍ അലോട്ട്‌മെന്റും നടന്നു. ട്രയല്‍ അലോട്ട്‌മെന്റ് നടന്നുകഴിഞ്ഞപ്പോള്‍ തുടര്‍പഠനത്തിന് അര്‍ഹതയുള്ള 50,000 കുട്ടികള്‍ക്കാണ് പുറത്തുനില്‍ക്കേണ്ടി വന്നിരിക്കുന്നത്. ഒന്നാംഘട്ട അലോട്ട്‌മെന്റ് നാളെ അവസാനിക്കുമ്പോഴും ഇതുതന്നെയായിരിക്കും അവസ്ഥ. തീര്‍ത്തും ഭയാനകമാണിത്.
തുടര്‍പഠനത്തിന് അടിസ്ഥാന യോഗ്യതയായി ഹയര്‍സെക്കന്‍ഡറി പഠനം മാറിയ ഒരുകാലത്ത് ആ അവസരമാണ് മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നിഷേധിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഒഴിവുവരാവുന്ന സീറ്റുകളും അധികംവരുന്ന ബാച്ചുകളും മുന്‍കൂട്ടി കണ്ട് മലബാറിന് അതു നേരത്തെ അനുവദിച്ചിരുന്നെങ്കില്‍ നാളത്തെ ഒന്നാംഘട്ട അലോട്ട്‌മെന്റില്‍ കുറെ കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് പ്രവേശനം കിട്ടുമായിരുന്നില്ലേ? വികസന നയങ്ങളോട് ഭരണകൂടങ്ങള്‍ പുലര്‍ത്തിപ്പോരുന്ന വികലമായ കാഴ്ചപ്പാടാണ് ഇത്തരം പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. മലപ്പുറം ജില്ലയില്‍ അത് ഏറെ പ്രകടമാകുന്നത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണ്. സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് ഉത്തരവിറക്കുമെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോര്‍ത്ത് പല സ്‌കൂളുകളും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാറില്ല. സീറ്റുകള്‍ വര്‍ധിപ്പിച്ച് ഉത്തരവിറക്കുന്ന മന്ത്രി സ്‌കൂളുകള്‍ അപ്രകാരം ചെയ്യുന്നുണ്ടോ എന്നന്വേഷിക്കാറുമില്ല. വിദ്യാഭ്യാസ വകുപ്പും തഥൈവ.
സീറ്റ് കിട്ടില്ലെന്ന് ഉറപ്പിച്ച് വിദ്യാര്‍ഥികള്‍ മറ്റു രംഗങ്ങളിലേക്കു തിരിയുമ്പോഴായിരിക്കും സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ വരുന്നത്. അപ്പോ കുട്ടികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് പെരുമ്പറകൊട്ടുകയും ചെയ്യും.
തെക്കന്‍ ജില്ലകളിലെ ജനപ്രതിനിധികള്‍ അവരുടെ ആവശ്യങ്ങളും അവകാശങ്ങളും കണക്കുപറഞ്ഞ് സര്‍ക്കാരില്‍നിന്ന് വാങ്ങുമ്പോള്‍ മലബാറില്‍നിന്ന് പോകുന്ന ജനപ്രതിനിധികള്‍ അക്കാര്യത്തില്‍ നിസ്സംഗരാണ്. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങുന്ന വിദ്യാര്‍ഥികളെ ആദരിക്കാനും പൂമാല ചാര്‍ത്താനും ഫലകങ്ങള്‍ നല്‍കാനും മാത്രം ജനപ്രതിനിധികള്‍ ഉത്സാഹിച്ചാല്‍ പോരാ. അവര്‍ക്കു തുടര്‍പഠനത്തിനുള്ള സൗകര്യം സര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങാനും ഇതേ ഉത്സാഹമുണ്ടാകണം. ഏതാനും ഫലകങ്ങള്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ജനപ്രതിനിധികള്‍ നല്‍കുന്ന കെട്ടുകാഴ്ചകള്‍ അരോചകമായിത്തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."