ജാഗ്രതയോടെയിരിക്കാന്‍ രാഹുലിന്റെ ആഹ്വാനം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടിങ് യന്ത്രങ്ങള്‍ അട്ടിമറികള്‍ക്ക് വിധേയമാകുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ മറുതന്ത്രം പയറ്റി പ്രതിപക്ഷ പാര്‍ട്ടികള്‍.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും അതീവ സുരക്ഷയോടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകളില്‍ 24 മണിക്കൂറും കാവല്‍നിന്നാണ് അട്ടിമറി ശ്രമങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുന്നത്. പല സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ നേരിട്ടും സ്‌ട്രോങ് റൂമുകള്‍ക്ക് കാവല്‍ നില്‍ക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശിലെ ഭോപ്പാലിലെ സ്ഥാനാര്‍ഥിയുമായ ദിഗ്‌വിജയ് സിങ് കഴിഞ്ഞദിവസം രാത്രി ഭാര്യയോടൊപ്പം നേരിട്ടെത്തി വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച ഭോപ്പാലിലെ സെന്‍ട്രല്‍ ജയിലിലെ സുരക്ഷ പരിശോധിച്ചിരുന്നു.
മീറത്തിലും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ മുഴുവന്‍ സമയം കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്.അമേത്തിയിലും സമാനമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരിക്കുന്നുണ്ട്. മറ്റു പ്രതിപക്ഷപ്പാര്‍ട്ടിയിലെ പ്രവര്‍ത്തകരും പലയിടങ്ങളിലൂം കാവലിലാണ്. അസമിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരിക്കുകയാണ്.
ചണ്ഡിഗഡില്‍ തിങ്കളാഴ്ച മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ മുഴുവന്‍ സമയം കാവല്‍ നില്‍ക്കുന്നുണ്ട്. ഡല്‍ഹിയിലും പഞ്ചാബിലും എ.എ.പി വോളന്റിയര്‍മാരും കാവലുണ്ട്. പല സ്ഥലങ്ങളിലും സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകളിലൂടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌ട്രോങ് റൂമുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയിലെ കോണ്‍ഗ്രസ് അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ മിലിന്ദ് ദിയോറ സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി. കോണ്‍ഗ്രസിന്റെ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ സഞ്ജയ് നിരുപമും മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകളില്‍ നേരിട്ടെത്തി സുരക്ഷ വിലയിരുത്തി.
വ്യാജ എക്‌സിറ്റ് പോള്‍ ഫലം കണ്ട് പരിഭ്രമിക്കേണ്ടെന്നും ജാഗ്രതയോടെയിരിക്കാനുമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. സത്യത്തിനു വേണ്ടിയാണ് നിങ്ങള്‍ പോരാടുന്നത്. വ്യാജ എക്‌സിറ്റ് പോള്‍ ഫലം കണ്ട് പരിഭ്രമിക്കേണ്ട. കോണ്‍ഗ്രസിലും നിങ്ങളിലും വിശ്വാസമര്‍പ്പിക്കുക. നിങ്ങളുടെ കഠിനാധ്വാനം വെറുതെയാവില്ല- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. അഭ്യൂഹങ്ങളില്‍ വീണു പോകരുതെന്നും ജാഗ്രതയോടെയിരിക്കാനും പ്രിയങ്കാ ഗാന്ധിയും കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. നിങ്ങളുടെ മനോബലം തകര്‍ക്കാനാണ് വ്യാജ എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും അതിലൊന്നും വീഴരുതെന്നും പ്രിയങ്ക പറഞ്ഞു.
സ്‌ട്രോങ് റൂമിനു മുന്നിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ജാഗ്രതയോടെയിരിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."