ദുരിതം നേരിട്ട എല്ലാവര്‍ക്കും ധനസഹായം ലഭ്യമാക്കണം: എസ്. ശര്‍മ്മ എം.എല്‍.എ
വൈപ്പിന്‍: പ്രളയകെടുതി അനുഭവിച്ച മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കണമെന്ന് എസ്. ശര്‍മ്മ എം.എല്‍.എ ആവശ്യപ്പെട്ടു. വൈപ്പിന്‍ മണ്ഡലത്തില്‍ വിവിധ പ്രദേശങ്ങളിലെ താമസക്കാരായ വെള്ളകെടുതി അനുഭവിച്ച നിരവധി പേരുണ്ട്.
ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭിച്ചിട്ടില്ലെന്ന പരാതി വ്യാപകമായതിനെ തുര്‍ന്നാണ് ശര്‍മ്മയുടെ ആവശ്യം. കടല്‍വെള്ളവും മലവെള്ളവും ഒരേ സമയം ഇരച്ച് കയറിയതിനെ തുടര്‍ന്നാണ് വൈപ്പിന്‍ പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. സ്വയം പ്രഖ്യാപനം ചെയ്തും സാങ്കേതികത്വം വിശദീകരിച്ചും ചില ഉദ്യോഗസ്ഥര്‍ ധനസഹായത്തിനര്‍ഹരായവരെ ഒഴിവാക്കിയെന്ന് ആക്ഷേപം വന്നിരുന്നു.
കഴിഞ്ഞ മുപ്പതിന് നടന്ന നിയമസഭ സമ്മേളനത്തില്‍ ദുരിതബാധിതരായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ സഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി അര്‍ധശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം കൃത്യതയോടെ ജില്ലാ ഭരണകൂടത്തേയും മന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത ഔദ്യോഗിക യോഗങ്ങളിലും അറിയിച്ചിട്ടുള്ളതാണ്. വൈപ്പിന്‍ മണ്ഡലത്തിലെ ധനസഹായത്തിന് അര്‍ഹരായവരെ ഒഴിവാക്കപ്പെട്ട സംഭവം ഗൗരവമായി പരിശോധിച്ച് അടിയന്തിരമായി ധനസഹായം ലഭ്യമാക്കണമെന്ന് എസ്. ശര്‍മ്മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."