തലശ്ശേരിയില്‍ മണല്‍കടത്ത് പിടികൂടി
തലശ്ശേരി: പഴയബസ് സ്റ്റാന്റ് പരിസരത്ത്‌നിന്നു അനധികൃത മണല്‍ക്കടത്ത് പിടികൂടി. ഇന്നലെ രാവിലെയാണ് തലശ്ശേരി ട്രാഫിക് എസ്.ഐ വി.വി ശ്രീജേഷും സംഘവും 36 ടണ്‍ കായല്‍ മണലുമായി ലോറി കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നന്‍മുണ്ട സ്വദേശി മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ഉടമസ്ഥനില്‍ നിന്നു വാടക അടിസ്ഥാനത്തില്‍ എടുത്ത ലോറിയിലാണ് മണല്‍ കടത്തുന്നതെന്ന് ലോറി ഡ്രൈവറും ക്ലീനറും വെളിപ്പെടുത്തി. കാസര്‍കോട് സ്വദേശിയുടേതാണ് പിടിച്ചെടുത്ത മണല്‍. മംഗളൂരുവില്‍ നിന്നു തലശ്ശേരിയിലേക്ക് കൊണ്ടുവരികയായിരുന്നു മണല്‍. മതിയായ രേഖകള്‍ വണ്ടിയില്‍ സൂക്ഷിച്ചിരുന്നില്ല. പിടിച്ചെടുത്ത മണലിന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരും. പിടിച്ചെടുത്ത മണല്‍ലോറി ആര്‍.ഡി.ഒക്ക് കൈമാറും.
ഒരു ടണ്ണിന് മൂവായിരം രൂപ വരെയാണ് ആവശ്യക്കാരില്‍ നിന്നു സംഘം ഈടാക്കുന്നത്. ഇത്തരത്തില്‍ രേഖകള്‍ ഇല്ലാതെ കടത്തുന്ന മണല്‍ ലോറികളില്‍ പല സ്ഥലങ്ങളിലും പൊലിസിന് കൈമടക്ക് നല്‍കിയാണ് കടത്തുകാര്‍ രക്ഷപ്പെടാറുള്ളത്. ലോറി പുറപ്പെടുന്നിടത്തു നിന്നു 20,000 രൂപയോളം ഇത്തരത്തില്‍ പരിശോധന നടത്തുന്നവര്‍ക്ക് കൈമടക്ക് നല്‍കാന്‍ ലോറികളില്‍ സൂക്ഷിക്കാറുണ്ടത്രെ.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇത്തരത്തില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന മണല്‍ ലോറി തലശ്ശേരിയില്‍ പിടികൂടിയിരുന്നു. പിടിച്ചെടുത്ത ലോറിക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ട്രാഫിക് വിഭാഗത്തിന് വകുപ്പില്ലാത്തതില്‍ ടൗണ്‍ പൊലിസിനു കൈമാറിയിരുന്നു. എന്നാല്‍ ഈ ലോറി ഉന്നതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പിഴ ചുമത്താതെ ഉടമസ്ഥന് വിട്ടുനല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."