ദുരിതാശ്വാസ നിധി: 16.5 സെന്റ് സ്ഥലം ദാനം ചെയ്യാനൊരുങ്ങി മുന്‍ പട്ടാളക്കാരന്
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 16.5 സെന്റ് സ്ഥലം ദാനം ചെയ്യാന്‍ സന്നദ്ധനായി മുന്‍ പട്ടാള ഉദ്യോഗസ്ഥന്. മാറാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഈസ്റ്റ് മാറാടി പൊട്ടയ്ക്കല്‍ ജിമ്മി ജോര്‍ജാണ് ലക്ഷങ്ങള്‍ വില വരുന്ന 16.5 സെന്റ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ഒരുങ്ങുന്നത്. ആരക്കുഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ എം.സി റോഡിന് സമീപം സാറ്റലൈറ്റ് ജങ്ഷനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ജിമ്മി ജോര്‍ജിന്റെ പിതാവ് പി.ജെ ജോര്‍ജ് ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് നായിക് തസ്തികയില്‍ ജോലി ചെയ്തിരുന്നയാളാണ്. ജിമ്മി ജോര്‍ജ് ഇന്ത്യന്‍ ആര്‍മി സിഗ്നല്‍ ഡിവിഷനില്‍ എ.എസ്.ഐ ആയി എട്ട് വര്‍ഷം സേവനം അനുഷ്ടിച്ചിരുന്നു. തുടര്‍ന്ന് ആര്‍മിയില്‍നിന്ന് പിരിഞ്ഞ ഇദ്ദേഹം യു.കെയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. ഭാര്യ സിമ്മി ജിമ്മി യു.കെയില്‍ നഴ്സാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."